സെപ്റ്റംബർ 09, 2021

നെരിപ്പോട്

(ഒരു പരിചിതൻ്റെ ജീവിതവുമായി ബന്ധപ്പെട്ടത്)


      ന്നെ വെള്ളപുതച്ചു വീടിൻ്റെ  മുൻവശത്തു കിടത്തിയിരിക്കുന്നു. ആരൊക്കെയോ വന്നു പോകുന്നു. ചിലർ കരയുന്നു മറ്റുചിലർ അടക്കം പറയുന്നു. ഇനി ഒരു ഉദയം ഇല്ലാതെ ഞാൻ  അസ്തമിച്ചിരിക്കുന്നു.

മരണം ഒരു സത്യമായ വേർപാട് ആണ്. യാഥാർഥ്യം  മനസ്സിലാക്കാൻ സമയം എടുത്താലും അത് ഒരു പരമ സത്യമായ വേർപാട്.  ഇനി ഒരു തിരിച്ചുവരവില്ലാത്ത  വേർപാട്. ചുട്ടുപൊള്ളുന്ന, കണ്ണെത്താ ദൂരത്തോളം മണൽ പരന്നു കിടക്കുന്ന മരുഭൂമിയിൽ ഏകനായി നിൽക്കുന്ന അവസ്ഥ. കണ്ണുകളിൽ വിഷാദവും നിസ്സഹായതയും ഒരുപോലെ നിഴലിച്ചിരുന്നു.

എനിക്ക് വേണ്ടി ഒരു വൃക്ഷവും മണ്ണിൽ തലകുത്തുവാൻ പാടില്ല എന്ന് ഞാൻ ഏറെ ആഗ്രഹിക്കുന്നു. കാരണം ഒരു തൈ പോലും ഞാൻ നട്ടു വളർത്തിയിട്ടില്ല.  ഇനി ഞാൻ പറയുന്നത് ഒന്നും  ആർക്കും  കേൾക്കാൻ കഴിയില്ലല്ലോ. എൻ്റെ  ശബ്ദം അത്രയേറെ ലോപിച്ചു ഇല്ലാതായി പോയില്ലേ!! വൈദ്യുതി ശ്മശാനത്തിൽ എന്നെ ദഹിപ്പിച്ചിരുന്നെങ്കിൽ എത്ര  നന്നായിരുന്നു. എങ്കിൽ എൻ്റെ  ഉള്ളിലെ കുറ്റബോധത്തിനു ഒരൽപം കുറവു സംഭവിച്ചേനെ.

മഹത്തരമായ ഒരു കാര്യങ്ങളും ഞാൻ എൻ്റെ  സമൂഹത്തിനായി നൽകിയിട്ടില്ല.  എന്നിരുന്നാലും എൻ്റെ  അവസാന ദിവസം എന്നെ യാത്രയാക്കുവാൻ സമൂഹം അണിനിരന്നിട്ടുണ്ട്. കുറച്ചു ബന്ധുജനങ്ങൾ, അയൽക്കാർ അങ്ങനെ എല്ലാവരും. ഇന്ന് ആരും എന്നെ കുറ്റം പറയാൻ സാധ്യത ഇല്ല. കാരണം ഇന്ന് എൻ്റെ  ദിവസം ആണ്. ഞാൻ ആണ് ഇന്നത്തെ പ്രധാനി.

അകത്തെ മുറിയിൽ നിന്നും എൻ്റെ  ഭാര്യയുടെയും കുട്ടികളുടെയും കരച്ചിൽ കേൾക്കാം. കുട്ടികളുടെ ഭാരംകൂടി  ഭാര്യയിൽ നിഷിപ്തമാക്കിയിട്ടു ഞാൻ ഒളിച്ചോടുന്നു . ഇപ്പോൾ പശ്ചാത്താപം തോന്നുന്നു. എന്നാൽ പിണമായതിനു ശേഷം ഇനിയെന്തു? അവരുടെ ചിറകുകളും ആകാശവും ആകേണ്ടിയിരുന്ന ആൾ അല്ലെ ഞാൻ? 

എൻ്റെ ജീവിത യാത്രകൾ അത്ര കയ്പേറിയതല്ലെങ്കിലും ചിലയിടങ്ങളിൽ തോൽവികൾ എന്നെ നിഴല് പോലെ പിന്തുടർന്നിരുന്നു.  എൻ്റെ അച്ഛൻ്റെ കൈപിടിച്ച് ഞാൻ നടന്ന നല്ല ഓർമ്മകൾ എനിക്കില്ലാതെ പോയതുകൊണ്ടാകാം ഞാൻ എൻ്റെ  മക്കളെയും  ഒരിക്കലും ചേർത്ത് പിടിച്ചിരുന്നില്ല, അവരെ  മാറോടു ചേർത്ത് ഞാൻ ഒരിക്കൽ പോലും  ഉറക്കിയിട്ടില്ല. അവർക്ക്  അതിൽ പരിഭവം ഉണ്ടോ എന്ന് പോലും ഞാൻ അന്വേഷിച്ചിരുന്നില്ല. ഇന്ന് അവർ  ആണ് എൻ്റെ ചിതയ്ക്ക് തീ കൊളുത്തേണ്ടത്. ഒരുവേള എൻ്റെ മക്കൾ എന്നെ അഗ്നിയുടെ പുതപ്പിൽ  മൂടുമ്പോൾ എനിക്ക്  ആ താപം താങ്ങാൻ ആകുമോ? ഞാൻ ഭയചിത്തനായി. ഞാൻ ജന്മം കൊടുത്തവർ  എന്നെ അഗ്നിക്ക് ഇരയാകുന്ന, സമൂഹം അനുവദിച്ച പ്രക്രിയ. 

എൻ്റെ മക്കൾക്കും ആഗ്രഹം ഉണ്ടായിരുന്നില്ലേ എന്നോടൊപ്പം സന്തോഷത്തോടെ കളിച്ചു ചിരിച്ചു നടക്കാൻ, ഒന്നിച്ചു കയ്യുംപിടിച്ചു ഉത്സവങ്ങൾക്കു പോകാൻ, അവിടെ നിന്നും കളിക്കോപ്പുകൾ വാങ്ങുവാൻ,  ദൂരെ യാത്രകൾ ചെയ്യാൻ, അവർക്ക്  ആഗ്രഹമുള്ളതൊക്കെ അച്ഛൻ വാങ്ങി കൊടുക്കുവാൻ. 

അന്നു അവരെ കൂട്ടിക്കൊണ്ടു പോകേണ്ടിയിരുന്ന വഴികളിലൂടെയൊക്കെ ഇന്ന്  തനിച്ചു നടന്നുപോകുവാൻ  ഒരു ആഗ്രഹം. 

ദേഷ്യവും വാശിയും ഞാൻ കാണിച്ചിരുന്നു , എന്നാൽ അത് മുറിവേറ്റ മനസ്സിനെ മറ്റുള്ളവരിൽ നിന്നും മറച്ചു പിടിക്കാനുള്ള ഒരു തിരസ്കരണി മാത്രം  ആയിരുന്നു എനിക്ക്.

തോൽക്കുന്ന സന്ദർഭങ്ങളിൽ നെഞ്ചോടു ചേർത്തുപിടിച്ചു "സാരമില്ല കുഞ്ഞേ " എന്ന് പറയാൻ ഒരിക്കലും എന്തേ എനിക്ക് തോന്നിയിരുന്നില്ല. ഞാൻ  അത് എവിടെ നിന്നും പകർത്തിയെഴുതാൻ?  എപ്പോഴെങ്കിലും ഞാൻ അവരെ സന്തോഷിപ്പിച്ചിട്ടുണ്ടോ? 

ഞാൻ എന്നും മദ്യ ലഹരിയിൽ ആയിരുന്നു. എൻ്റെ  ഉന്മാദത്തിനും സന്തോഷത്തിനുമപ്പുറം ഞാൻ ഒന്നും കാണാൻ ശ്രമിച്ചിരുന്നില്ല. എനിക്ക് ചുറ്റും നുരയുന്ന ഗ്ലാസ്സുകളും ചുണ്ടിൽ എപ്പോഴും എരിയുന്ന സിഗരറ്റും  അല്ലാതെ വേറെ ഒന്നും കൂട്ടായി എനിക്ക് ഉണ്ടായിരുന്നില്ല. എൻ്റെ മാതാപിതാക്കളിൽ നിന്നും എനിക്ക് പകർത്തിയെഴുതുവാനും ഒന്നും തന്നെ  ഉണ്ടായിരുന്നില്ല. അവർ സ്നേഹത്തോടെ ഒന്നിച്ചു ഇരിക്കുന്നതും, യാത്രകൾ പോകുന്നതും ഞാൻ കണ്ടിട്ടില്ല. അവർ ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതുപോലും ഞാൻ കണ്ടിട്ടില്ല. എന്നെ സ്നേഹത്തോടെ ലാളിച്ചതും ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചതും ഒന്നും എൻ്റെ  ഓർമകളിൽ പോലും ഇല്ല. 

കഴിഞ്ഞ ജീവിതത്തെ കുറിച്ച് ഓർക്കുമ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ ഇന്ന് ഒരു പരേതൻ  മാത്രമാണ്. എൻ്റെ  കുട്ടികളോട് ചെയ്ത തെറ്റുകൾ തിരുത്താൻ എൻ്റെ  മനസ്സ് വൃഥാ ആഗ്രഹിക്കുന്നു. എന്നാൽ അവസരങ്ങൾ എന്നോ നഷ്ടപെടുത്തിയിരിക്കുന്നു. 

ഇന്ന് അവരുടെ അടുത്ത് ഇരിക്കാനും സ്നേഹിക്കാനും തലോടാനും ഒരു ആഗ്രഹം. അകന്നു പോയതൊക്കെയും ചേർത്തുവെച്ചു  ഊട്ടിയുറപ്പിക്കാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു.

അല്പം കഴിഞ്ഞാൽ  എനിക്ക് മണ്ണോടു ചെരുവാനുള്ള  സമയം ആകും. എന്നെ മുറ്റത്തേക്ക് എടുക്കും. എൻ്റെ  മക്കളും ചേർന്ന് എന്നെ കുളിപ്പിക്കും. കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ പോലും ഞാൻ അവരെ കുളിപ്പിച്ചിട്ടില്ല. തണുക്കുമ്പോൾ ചൂട് പകർന്നിട്ടില്ല. പക്ഷെ അവർ ഇന്ന് എൻ്റെ തണുത്തു മരവിച്ച മൃതദേഹം ജലത്താൽ ശുദ്ധീകരിക്കുന്നു......  

കാലിൻ്റെ പെരുവിരലുകൾ  ചേർത്ത് കെട്ടി, ദർഭ വിരിച്ച നിലത്തു പുതിയ വസ്ത്രം ഉടുപ്പിച്ചു മുറ്റത്തു വിരിച്ച വെള്ളയിൽ തെക്കോട്ടു തല വെച്ച്  കിടത്തി. പാദം മാത്രം വിട്ടിട്ട്  ശേഷം ഒരു ശുദ്ധവസ്ത്രം കൊണ്ടു പുതച്ച്, ചുറ്റും  വരപോലെ  അക്ഷതം ഇട്ട്, തലയ്ക്കൽ  നിലവിളക്കും ചന്ദനത്തിരിയുടെ  പുകയും,  കാൽക്കലും  ഇരുവശത്തും  തേങ്ങാമുറികളിൽ  കിഴികളും  തെളിയിച്ചു വെച്ചു.


അടുത്തത്  എനിക്കുള്ള അവസാന ഊട്ട്  ആണ്. കർമ്മി പറയുന്നത് പോലെ എൻ്റെ മക്കൾ  എനിക്ക് വേണ്ടി ക്രിയകൾ ചെയ്തു കൊണ്ടിരുന്നു. പവിത്രം  വിരലിൽ അണിഞ്ഞു, 

“ശിവാ ആപഃ സന്തു”

പിതൃക്കളെ സ്മരിച്ചു കൊണ്ട് അരി എടുത്ത് എള്ളും പൂവും വെള്ളവും  ചേർത്ത് വലതു  കൈമലർത്തി  വലത്തോട്ടു  തിരിച്ച് എൻ്റെ വായിൽ വായ്ക്കരി വെച്ചു, 

ഭൂമിയിലെ എൻ്റെ അവസാന ഊട്ട്, അതും എൻ്റെ  മക്കളുടെ കൈകളാൽ  തന്നെ. അവർ  കുഞ്ഞായിരുന്നപ്പോൾ  നാവിൽ ആദ്യത്തെ നുള്ള് വറ്റ് വെച്ചു കൊടുത്തത്  ഞാൻ ആയിരുന്നു. ഇന്ന് അവൻ ആ കടം ഭംഗിയായി  വീട്ടിയിരിക്കുന്നു.

ജനിക്കുമ്പോൾ മാതാപിതാക്കളും മരിക്കുമ്പോൾ മക്കളും ഊട്ടുന്നു. 

എൻ്റെ  മനസ്സ് വീണ്ടും പിടഞ്ഞു. സ്നേഹത്തോടെ മടിയിൽ ഇരുത്തി  എൻ്റെ കുട്ടികൾക്ക് ഞാൻ ഒരു ഉരുള ചോറുപോലും വാരിക്കൊടുത്തിട്ടില്ല. പക്ഷെ അവർ  ഇന്ന് എന്നെ ഊട്ടുന്നു. അവരുടെ  കൈകൾ വിറയ്ക്കുന്നത് ഞാൻ അറിയുന്നുണ്ട്. അച്ഛൻ നഷ്ടപെട്ട കുട്ടികളുടെ വേദനയാൽ ആകാം എന്ന് ഞാൻ ആശ്വസിച്ചു..!! 

കുറച്ചു ചോറ് ഉരുളകളാക്കി മാറ്റിവെച്ചിരിക്കുന്നു. എനിക്ക് മുൻപേ മരിച്ച മറ്റുള്ള ആത്മാക്കൾക്കു വിരുന്നു നൽകുവാൻ  വേണ്ടി, എന്നേ കൂട്ടികൊണ്ടു പോകുവാനായി വന്ന പരേതാത്മാക്കൾക്ക്  ആയിരിക്കാം. എൻ്റെ  മക്കൾ ഉരുള വാഴയിലയിൽ വെച്ച്  കൈകൊട്ടി വിളിച്ചു. എന്നാൽ ഒരു കാക്ക പോലും അത് സ്വീകരിച്ചില്ല. അവിടെയും എൻ്റെ  നിസ്സഹായത അതിൻ്റെ പാരമ്യത്തിലാണ്. 

അടുത്തത് എൻ്റെ മൃതദേഹത്തിനെ അഗ്നിയിൽ സംസ്കരിക്കുന്ന ചടങ്ങാണ്, എന്നെ പൂർവികരായ പരേതാത്മാക്കളുടെ ലോകത്തേക്ക് പറഞ്ഞയക്കുന്നതിനുള്ള ചടങ്ങ്. 

എൻ്റെ വാമഭാഗം ഇപ്പോഴും കണ്ണീരൊഴുക്കി അലമുറ ഇട്ടു കരയുകയാണ്. അവൾ എന്നെ ഇത്രേയുമധികം സ്നേഹിച്ചിരുന്നോ? അതൊന്നും കാണാൻ ഞാൻ ശ്രമിച്ചിരുന്നില്ല. ഭാര്യയെ സ്നേഹിക്കാനോ ബഹുമാനിക്കാനോ ഉള്ള മനസ്സ് ഞാൻ കാണിച്ചിരുന്നില്ല. അവളുടെ മനസ്സ് കാണാൻ പോലും ഞാൻ തയാറായിരുന്നില്ല. ഒരു താലിയും രണ്ടു കുഞ്ഞുങ്ങളെയും നൽകിയതിന് അപ്പുറം ഞാൻ ഒരു കരുതലും നൽകിയിട്ടില്ല എൻ്റെ ഭാര്യക്ക്. എന്നിട്ടും എന്നെ നഷ്ടപ്പെട്ടതിനെ കുറിച്ച് ഓർത്തു അവൾ കരയുന്നു. ആ കണ്ണുനീരിനു ഞാൻ അർഹനാണോ? വർഷങ്ങൾക്കു മുൻപ് കോട്ടും കുരവയും അകമ്പടിയായി  ഞാൻ അണിയിച്ച താലി ഇന്ന് അവൾ അഴിക്കേണ്ടി വരും. ആ നിമിഷം അവൾ കടന്നുപോകുന്ന മാനസികാവസ്ഥ എന്തായിരിക്കും? ഒരുപാട് സ്വപ്നങ്ങളുമായി എൻ്റെ  ജീവിതത്തിലേക്ക് കടന്നു വന്നവൾ ഇന്ന് മുതൽ ഒരു  വിധവ ആണ്. 

എനിക്ക് വേണ്ടി കുഴിമാടം തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു. ഉടൻതന്നെ ഞാൻ എൻ്റെ ഉറ്റവരെ വിട്ടിട്ടു യാത്രയാകും. എൻ്റെ കണ്ണുകൾ നനഞ്ഞു. ഇനിയും ഒരു  അവസരം കൂടെ കിട്ടിയിരുന്നെങ്കിൽ എൻ്റെ ഭാര്യക്ക് നല്ല ഒരു പാതി ആകുമായിരുന്നു. എൻ്റെ  കുട്ടികൾക്ക് ഞാൻ നല്ല ഒരു അച്ഛൻ ആകുമായിരുന്നു. അവരുടെ വ്യാകുലതകളിൽ അവരെ ചേർത്ത് പിടിക്കുമായിരുന്നു. അവരുടെ മനസ്സ് ഇടറിയാൽ പിന്നിൽ നിന്നും ഒരു താങ്ങായി മുന്നോട്ടു നടത്തിക്കാൻ ഒരു പ്രചോദനം ആകുമായിരുന്നു. പക്ഷേ അതിനൊന്നും ഇനി കഴിയില്ല.

എൻ്റെ മുകളിൽ പച്ച മാവിൻ്റെ അവസാന കഷ്ണ വിറകും വെച്ചു. ഇപ്പോൾ എനിക്ക് ചുറ്റും ഇരുട്ടാണ്. വൈകാതെ എന്നിലേക്ക്‌ പടരുന്ന ജ്വാല്ല  ഈ അന്ധകാരത്തെ  കീറിമുറിച്ചു വെളിച്ചം പകരും.

എന്നിൽ ജനിച്ചവർ തന്നെ എൻ്റെ  ചിതയ്ക്ക് തീ കൊളുത്തി. അഗ്നിയുടെ ചൂട് ഞാൻ അറിഞ്ഞു തുടങ്ങി. എൻ്റെ  ദേഹിയില്ലാ ദേഹം കത്തുന്നത് ഞാൻ നോക്കി കാണുന്ന പ്രതിഭാസം. എൻ്റെ  അവസാന യാത്ര.!!!!!

വന്നവർ വന്നവർ മടങ്ങിത്തുടങ്ങി. അവശേഷിക്കുന്നത് വീട്ടുകാരും അവരുടെ കണ്ണീരും മാത്രം. ചുറ്റുപാട് ആകെ  പുകയും, മൃതശരീരം വേവുന്നതിൻ്റെയും രൂക്ഷ ഗന്ധവും അതോടൊപ്പം എൻ്റെ അസ്ഥികളും തലയോട്ടിയും പൊട്ടുന്ന ശബ്ദവും. ഈ ഭൂമിയിൽ ഞാൻ  ഭൗതികമായി ഉണ്ടായിരുന്നതിൻ്റെ  അവസാന ഭാഗവും കത്തി തീർന്നു.

ഭൂമിയിൽ എൻ്റെ ഉറ്റവർക്കും ഉടയവർക്കും വേണ്ടി ചെയ്യാൻ എന്തൊക്കെയോ ബാക്കി ഉണ്ടായിരുന്നു എന്ന തോന്നൽ എന്നെ തകർത്തു കളഞ്ഞു. 

അധികം വൈകാതെ എൻ്റെ ചിതയിലെ കനലുകൾ അണയും. അതിനു ശേഷം എൻ്റെ  അസ്ഥികളുടെ അവശേഷിക്കുന്ന ചില ഭാഗങ്ങളെ ഒരു മൺ കുടത്തിലേക്ക് ആവാഹിക്കും. പിന്നെയും മൺകുടത്തിനകത്തെ ഇരുണ്ട  തടവറയിൽ ഒരുവർഷം കാത്തിരിക്കണം. ശേഷം നദികളിലൂടെ മോക്ഷം കിട്ടാതെയുള്ള  ഒരു യാത്ര.  അതുവരെ ഈ ഓർമ്മകൾ എന്നെ വേട്ടയാടികൊണ്ടിരിക്കട്ടെ.....

നീറുന്ന മനസ്സ്  നെരിപ്പോട് പോലെ നീറി നീറി എരിയട്ടേ!!!!!!!!!!


---------------------------------------------------------------------------------------------------------------------------








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ