ആരൊക്കെയാണ് നമുക്ക് മുൻപേ നടന്നവർ?, അവർ എന്തിനുവേണ്ടി നമുക്ക് മുൻപേ നടന്നു? ആദർശങ്ങളുടെ കെട്ടുപാണ്ടങ്ങളും ചുമന്നു ബലികുടീരങ്ങളിലേക്കു അവർ സ്വയം നടന്നത് ആർക്കു വേണ്ടിയായിരുന്നു? കപട സദാചാരത്തിന്റെയും, നീതിബോധമില്ലായ്മയുടെയും, അരാജകത്വത്തിന്റെയും വിഷ വിത്തുക്കളെ ഭോജനമാക്കിയ ഒരു പറ്റം വെറിപൂണ്ട മനുഷ്യമൃഗങ്ങളുടെ നോവിക്കുന്ന ബലിഷ്ഠമായ കാലുകൾക്കിടയിൽ സ്വന്തം ജീവൻ ഞെരിഞ്ഞമരുന്ന വേദനയിൽ കണ്ണുകൾ പൂട്ടി താൻ വിശ്വസിച്ചിരുന്ന ആദർശങ്ങളെ നെഞ്ചോടു ചേർക്കുവാൻ മാത്രമേ അന്ന് ആ മഹാരഥൻമാർക്ക് കഴിഞ്ഞിരുന്നുള്ളു.
വിശ്വസിച്ചിരുന്ന ആദര്‍ശങ്ങളെ സംരക്ഷിക്കുന്നതിനായി ചാലുകള്‍ അവര്‍ തീര്‍ത്തിരുന്നു. ആ ചാലുകളിൽ ഒഴുകിയതത്രെയും സ്വന്തം രക്തമായിരുന്നു . ആർഷഭാരത സംസ്കാരത്തിന്റെ ഏടുകളിൽ ഇന്നും മായാതെ മറയാതെ നിലകൊള്ളുന്ന മഹാത്മാക്കൾ അവർക്കുവേണ്ടിയല്ല ജീവിതം ഹോമാഗ്നിയിൽ അര്‍പ്പിച്ചത്. പിന്നാർക്കുവേണ്ടി? അവർ ലാഭാനഷ്ടകണക്കുകൾ നോക്കിയിരുന്നില്ല , പകരം ബലി നല്കിയതോ മജ്ജയും, മാംസവും പിന്നെ നോവുന്ന കുറെ ആത്മാക്കളെയും.
ഒരുപാട് ചോരതിളപ്പുകള്‍ സംഭവിച്ച ചരിത്ര ഭൂമി. ഒരു തീണ്ടാപാടകലെ എല്ലാത്തിനും സാക്ഷിയായി ചിതലരിച്ച സംസ്കാരം ഒരു നോക്കുകുത്തിയായി നില്ക്കുന്നു. മൃത്യു കാത്തുകിടക്കുന്ന പഴകി ദ്രവിച്ച തൂണുകളും, മേല്‍കൂരയുമുള്ള കോവിലകത്തെ അനുസ്മരിക്കുന്ന പോലെ അത് മണ്ണിനോടലിഞ്ഞു ചേരുവാനായി കാത്ത് നില്ക്കുന്നു. മൃത്യു അവന്റെ ഊഴമെന്നോണം ആരവങ്ങളോടുകൂടി പാഞ്ഞടുക്കും മുന്‍പേ ജീവന്‍റെ ചൂടുള്ള ശരീരം കൊത്തി വലിച്ചു വിശപ്പടക്കുവാനായി ചുറ്റും ഒരു പറ്റം കഴുകന്മാരും.
മാർത്താണ്ഡവർമ്മയുടേയും, എട്ടുവീട്ടിൽപ്പിള്ളമാരുടേയും, ചിറക്കൽ കേളു നായനാരുടെയും ധീര വീര കഥകൾ മാത്രം കേട്ട് വളര്‍ന്ന നമ്മുടെ ഇളം തലമുറകള്‍ എന്ന് മുതലാണ് അധികാര കോമരങ്ങളുടെ നാറുന്ന പ്ര്യഷ്ടം താങ്ങി ജീവിക്കുവാന്‍ ശീലിച്ചത്.
പിറവിയെടുത്ത മണ്ണിൽ അജ്ഞതയുടെ ഈറ്റില്ലം തീർത്ത മാനവരാശി മനുഷ്യത്വമില്ലായ്മയുടെ മുഖം മൂടി ധരിച്ചു എത്രനാള്‍ സവര്‍ണനെന്നും അവര്‍ണനെന്നും വേലി തിരിച്ചു ഇതേ സമൂഹധാരയില്‍ പരസ്പരം കലഹിച്ചു ചോരകുടിക്കും. എന്ന് മുതലാണ് ഈ തലമുറയുടെ ശബ്ദം ഇത്രയേറെ ലോപിച്ചുപോയത്. അതിനുത്തരം ഒന്നുമാത്രം:
പരസ്പരമുള്ള കണികാ പ്രഹരത്താല്‍, നേര്‍വഴിക്കുള്ള സഞ്ചാര മാധ്യമത്തിന്‍റെ ഊർജ്ജം കാലഹരണപെട്ടു പോയതിനാലാണ്......
***************************************