വിദ്യയിൽ അഗ്രഗണ്യനായ തമ്പുരാൻ കുട്ടി ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുത്തത് ഒരുകാലത്തു ചോള സാമ്രാജ്യത്തിന്റെ വേരുകൾ പടർന്നിരുന്ന ഇന്നത്തെ തമിഴ് മണ്ണാണ്.
അഭിനവ സിദ്ധാന്തങ്ങളും കുലമഹിമയും കാല്പനിക ചിന്തകളും പേറി തമ്പുരാൻ കുട്ടി തമിഴകത്തു എത്തിചേർന്നു .
കുലമഹിമയുടെ പൊയ്മുഖങ്ങളോ , അടിമകൾ-തമ്പുരാൻ സിദ്ധാന്തന്തങ്ങളോ തമ്പുരാൻകുട്ടിക് അവിടെ കാണുവാൻ കഴിഞ്ഞില്ല. പകരം അവിടെ തമ്പുരാൻകുട്ടിയെ സ്വീകരിച്ചത് മറ്റൊരു നൂതന സംസ്കാരം ആയിരുന്നു. തറവാട്ടിലെ ശീലങ്ങൾ മാറിയപ്പോൾ തമ്പുരാൻ കുട്ടിക് തെല്ലും യോജിച്ചു പോകുവാൻ കഴിഞ്ഞില്ല. ആജ്ഞാപിച്ചാൽ അനുസരിക്കാൻ കീഴാളന്മാരില്ല, ഉത്തരവുകൾ അനുസരിക്കാൻ പുലയനോ പറയാനോ, ചണ്ടാളനോ ഇല്ല, ജല്പനകൾ വൃഥാവിലായതുപോലെ ആദ്യ നാളുകളിൽ ഉത്തരവിറക്കാൻ കഴിവില്ലാത്ത ശിഖണ്ഡിയായ ചക്രവർത്തിയെ പോലെ തമ്പുരാൻകുട്ടി അസ്വസ്ഥനായി. എന്നാൽ പതിയെ നയങ്ങൾ മാറ്റിയാൽ മാത്രമേ മുന്നോട്ടു പോകുവാൻ കഴിയുള്ളു എന്ന് മനസിലാക്കി തമ്പുരാൻ കുട്ടി മാറ്റങ്ങൾക്കു കീഴ്പെടാൻ തീരുമാനിച്ചു. അവിടെ മരിച്ചു വീണത് ഒരു കാലഘട്ടത്തിന്റെ അഥവാ പ്രജാപതികളുടെ മാത്രം കൊട്ടാര ശീലങ്ങൾ ആയിരുന്നു. രാജ്യമില്ലാത്ത മറ്റൊരു രാജാവ് അവിടെ ജനിക്കുകയായി.....
നവീന കാലഘട്ടത്തിലെ ഏടുകളിലേക്കുള്ള വാതായനം തമ്പുരാൻ കുട്ടിയുടെ മുൻപിൽ തുറക്കപ്പെട്ടു. അതോടെ ചിതലരിച്ച നോക്കുകുത്തി പോലെ നിന്ന ചിന്താ മണ്ഡലത്തിൻ്റെ തൂണുകൾ തകർന്നു നിലംപതിച്ചു. പരിസരങ്ങളിൽ നിന്നും വെള്ളവും വളവും വലിച്ചെടുത്തു തുടങ്ങി.,. പരിഷ്കാരത്തിന്റെ പുതിയ വേരുകൾ മുളച്ചു തുടങ്ങി...നാമ്പുകൾ തളിരിലകളായി.
വൈവിധ്യമാർന്ന സംസ്കാരവും, ഇന്നുവരെ കണ്ടിട്ടില്ലാത്ത ആത്മ ബന്ധങ്ങളും, സുഹൃത്ബന്ധങ്ങളുടെ ശക്തിയും അവിടെ കാണാൻ കഴിഞ്ഞു. അതിൻ്റെ പ്രസരിപ്പെന്നോണം തമ്പുരാൻ കുട്ടിക്ക് മാറ്റങ്ങൾ കണ്ടുതുടങ്ങി. എവിടെയും കാണാൻ സാധിക്കുന്ന ഒരു സവിശേഷത അനന്തമായ വൈവിധ്യമാണ്.. സൃഷ്ടിയുടെ മുഖമുദ്രയും അതുതന്നെയാണ്.
പിന്നീടുള്ളത് സ്വാതന്ത്ര്യത്തിന്റെ നാളുകൾ ആയിരുന്നു. കെട്ടുപാടുകളിൽ നിന്നുള്ള സ്വാതന്ത്ര്യം. തറവാട്ടിലെ വിലക്കുകൾ ഇല്ല. ആഢ്യത്വവും ആക്രോശവും നിറയുന്ന വാക്കുകൾ ഇല്ല. തമ്പുരാൻ കുട്ടി ഒന്ന് ചിരിച്ചു. മേലാളന്മാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച കീഴാളന്മാരിൽ കണ്ട അതേ ചിരി... തമ്പുരാൻകുട്ടി മനസ്സുകൊണ്ട് പഠിച്ച ആദ്യത്തെ പാഠം അതായിരുന്നു. ആ ചിരിയിൽ ആയിരം സൂര്യന്മാർ ഉദിച്ച പ്രകാശം ഉണ്ടായിരുന്നു. ബാക്കി എല്ലാം അതിൽ നിഷ്പ്രഭം.....
തമ്പുരാൻകുട്ടി ആകെ മാറിയിരിക്കുന്നു... തന്നിൽനിന്നും വ്യത്യസ്തരായവരെക്കുറിച്ചു തമ്പുരാൻകുട്ടി മനസ്സിലാക്കാൻ തുടങ്ങി. ചുറ്റും സ്നേഹിതർ... ചർച്ചകൾ, ചിന്തകൾ, തമാശകൾ. കലാലയത്തിലേക്കു പുതിയ മുഖങ്ങൾ മാറിമാറി വരുന്നു. ആ കലാലയത്തിൽ പഠിച്ചിരുന്ന സുന്ദരികളായ മിക്ക പെൺകിടാങ്ങളും തമ്പുരാൻ കുട്ടിയുടെ രണ്ടാം സഹോദരിമാർ ആയിരുന്നു. അല്ലെങ്കിൽ അങ്ങനെ ആണെന്ന് വാദിച്ചു.. അവരോടൊക്കെ തമ്പുരാൻകുട്ടിക് ഒരുപ്പാട് ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നു. സഹപാഠികൾ ആയ പല്ലിയുടെയും, ദര്‍ദ്ദുരത്തിൻ്റെയും, താമ്രചൂഡത്തിൻ്റെയും മൂർച്ചയുള്ള നോട്ടത്തിൽനിന്നും ആ സുന്ദരികളായ മാൻപേടകളെ തൻ്റെ കവചകുണ്ഡങ്ങളാൽ സംരക്ഷിക്കുക. അതിന്റെ പേരിൽ എത്ര ഇളിഭ്യനാകേണ്ടി വന്നാലും തമ്പുരാൻകുട്ടി ആ ഉധ്യമം തുടർന്നുകൊണ്ടേയിരുന്നു. പലഘട്ടങ്ങളിലും ആ ഇളമുറ തമ്പുരാൻ്റെ ആത്മാഭിമാനം നഷ്ടപ്പെട്ട് പോയിരുന്നു. എങ്കിലും സഹവർത്തിത്വത്തെ പറ്റി തമ്പുരാൻകുട്ടി കൂടുതൽ മനസ്സിലാക്കിയിരുന്നു.
രണ്ടു വർഷങ്ങൾ അങ്ങനെ കടന്നുപോയി. തമ്പുരാൻ കുട്ടി മാറ്റത്തിന് വിധേയനായി സഞ്ചരിച്ചുകൊണ്ടിരുന്നു. കൊഴിഞ്ഞ ഇലകൾ വളമായി, പുതിയവ തളിരിട്ടു. കാലചക്രം എല്ലാത്തിനും സാക്ഷിയായി അതിന്റെ പ്രവർത്തിയിലേർപ്പെട്ടു തിരിഞ്ഞുകൊണ്ടേയിരുന്നു. അമ്മു എന്ന സുന്ദരിയെ തമ്പുരാൻകുട്ടി കാണുന്നതു അവിടെവെച്ചാണ്. ഏതോ ഒരു നിമിത്തം പോലെ ആയിരുന്നു അത്.
അമ്മു ഒരു അധ്യാപിക ആണ്. തമ്പുരാൻ കുട്ടിയുടെ കണ്ണുകളിലൂടെ നോക്കിയാൽ പ്രണയിക്കാൻ തോന്നുന്ന അപ്സരസ്. കുലീനമാർന്ന, നാണം അലങ്കാരമായി തോന്നുന്ന മുഖശ്രീ. അംബുജത്തിനിതൾ പോലെ വശ്യമായ കണ്ണുകൾ. അതിൽ എപ്പോഴും കരിമഷി ഒരു അലങ്കാരമാണ്. മീൻതുടിക്കുന്ന കൃഷ്ണമണിതൻ അഴക് അമ്മുവിനെ കൂടുതൽ സുന്ദരിയാക്കി. മഴവില്ലഴകിനൊത്ത പുരികങ്ങൾ അവളെ ഒരു ദേവതയെ പോലെ തോന്നിപ്പിച്ചു. അമ്മുവിൻറെ മുടിയിഴകൾ ഒഴുകുന്ന നദിയുടെ പുണ്യമായി തമ്പുരാൻ കുട്ടിക്ക് തോന്നി. ഇരുനിറത്തിൽ ആണെങ്കിലും അവളുടെ അധരങ്ങൾ വശ്യമാർന്നതായിരുന്നു. അതിലെ പുഞ്ചിരി തമ്പുരാൻ കുട്ടിയുടെ വികാരം ഉണർത്താൻ ശേഷിയുള്ളതായിരുന്നു. അത്രയും മനോഹരമായിരുന്നു ആ പ്രണയം. ആകെ കണ്ടാൽ വാകച്ചാർത്തിൽ നിൽക്കുന്ന ചുവന്ന പട്ടു ധരിച്ച ഒരു ദേവി വിഗ്രഹം ആയിരുന്നു തമ്പുരാൻകുട്ടിക്ക് അവൾ. ഒന്ന് വാരി പുണരുവാൻ തോന്നിയ പല നിമിഷങ്ങളെയും തമ്പുരാൻ കുട്ടിയിലെ ആ പഴയ മാടമ്പിയുടെ കരുത്ത് അതിജീവിപ്പിച്ചു..
അധ്യാപികയോട് വിദ്യാർത്ഥിക്ക് തോന്നുന്ന പ്രണയം ഇതാദ്യമല്ല... ചില പ്രണയങ്ങൾ കാമസാഫല്യത്തിന് വേണ്ടിയാകാം, മറ്റുചിലത് വെറും മതിഭ്രമമാകാം, എന്നാൽ ചിലതു അതിമഹത്തായ നിർവചിക്കാൻ കഴിയാത്ത മാസ്മരികമായ പ്രണയം ആകാം....
തമ്പുരാൻ കുട്ടി പ്രണയത്തിലേക്ക് പതിയെ വഴുതി വീഴുകയാണ്. അതും മാർഗ്ഗദർശിയായിരിക്കേണ്ട ഒരു അധ്യാപികയോട് . തമ്പുരാൻകുട്ടിയുടെ മുന്നിൽ അധ്യാപികയുടെ അതിർവരമ്പുകൾ ഇല്ല. അമ്മു മാത്രം... 'ആക്കൽ കോവിലകത്തെ തമ്പുരാൻ കുട്ടിയുടെ മാത്രം അമ്മു '. അവളുടെ മനസ്സും ശരീരവും തമ്പുരാൻകുട്ടിയിലേക്കു ആവാഹിക്കപെട്ടു.
അമ്മുവും ആ പ്രണയത്തെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. തമ്പുരാൻകുട്ടിയുടെ നോട്ടം പോലും അമ്മുവിനെ നാണത്തിലാഴ്ത്തി, മന്ദസ്മിതത്തിൽ ഇഴുകി അലിഞ്ഞ ലജ്ജ അവളിലെ വേലികെട്ടുകൾ പൊട്ടിച്ചെറിഞ്ഞു അവളിലെ പ്രണയം കൊതിക്കുന്ന യുവതിയെ പുറത്തെത്തിച്ചു. എല്ലാം തമ്പുരാൻകുട്ടിയുടെ പ്രണയം കാരണം. അതിന്റെ മാസ്മര ശക്തി ആണ്.
ആദ്യകാലങ്ങളിൽ പലപ്പോഴും മൗനത്തിൻ്റെ തിരസ്കരണി ആയിരുന്നു അവർ ധരിച്ചിരുന്നെങ്കിൽ എങ്കിൽ പിന്നീട് അത് വിവസ്ത്രമാക്കപ്പെട്ട അവസ്ഥയിലേക്ക് പതിയെ ഒഴുകി മാറി. അവർ രണ്ടുപേരും സ്വയം മറന്നു അതിൽ നീരാടി. ഒരിക്കലും എഴുതി തീരാത്തതും, എഴുതാനിടയില്ലാത്തതുമായ ഒരു പ്രണയസന്ദേശമായിരുന്നു അവരുടേത്.
അവരുടെ മനസ്സുകൾ എപ്പോഴും സഞ്ചാരപാതകളെ പുല്കികൊണ്ടിരുന്നു. അവർ എപ്പോഴും സ്വപ്നലോകത്തേക്കുള്ള യാത്രയിലാണ് .. കാടുകളും മേടുകളും കുന്നിൻചെരിവുകളും, പുഴകളും കടന്നു യാത്ര ചെയ്തുകൊണ്ടിരുന്നു.. അവർ ഒന്നിച്ചുണ്ടായിരുന്നിടത്തൊക്കെ പൂക്കൾ വിടർന്നിരുന്നു. ആ പൂക്കളുടെ ഗന്ധം ആ താഴ്വരയിലാകെ പടർന്നിരുന്നു. അവരുടെ പാദസ്പര്ശമേറ്റ കുന്നിൻ ചരിവുകൾക്കുമേൽ പച്ചപരവതാനി വിരിയ്ക്കപ്പെട്ടു .. അവിടെ മാൻകൂട്ടങ്ങൾ മേഞ്ഞിരുന്നു..
അവർ ജീവിച്ചിരുന്നത് കേവലം ഒരു കലാലയത്തിൽ ആയിരുന്നില്ല. ചുണ്ടുകൾ ഉരുമി ചിറകുകൾ ചേർത്ത് മുട്ടി ഉരുമി നീല തടാകത്തിലൂടെ പ്രണയിച്ചു കൊതിതീരാതെ നീന്തി തുടിക്കുന്ന രണ്ടു അരയന്നങ്ങൾ ആയിരുന്നു അവർ. അവരുടെ ലോകം പൂക്കളാൽ , ചാറ്റൽ മഴയാൽ സമൃദ്ധിയുള്ളതായിരുന്നു.. വെയിലേറ്റു വരണ്ടു വീണ്ടു കീറിയ മണ്ണിലേക്ക് ആണ് അമ്മു പെയ്തിറങ്ങിയത്. ആ വേനൽ മഴ തമ്പുരാൻകുട്ടിക്ക് പാലാഴി കടഞ്ഞു കിട്ടിയ അമുതം ആയിരുന്നു. അവൻ ആവോളം അവളിലെ പ്രണയത്തെ നുകർന്നു. ഇരുവരും ശിവപാര്‍വതിമാരെപ്പോലെ ഒരുടലായി മാറി.
വർഷങ്ങൾ കടന്നു പോയി.. ഋതുക്കൾ മാറി മാറി വന്നു. ഇടവപ്പാതിയും മേടച്ചൂടും ഭൂമിയിൽ മാറ്റങ്ങൾ വരുത്തി. ഇലകൾ കൊഴിഞ്ഞു വീണു, വീണ്ടും മരങ്ങൾ തളിർത്തു. കാലം തിരക്കഥകൾ മുൻപേ എഴുതിവെച്ചിട്ടുണ്ട് . അവ അങ്ങനെ തന്നെ ഒരു മാറ്റവും ഇല്ലാതെ അവതരിക്കപ്പെടും. ജീവജാലങ്ങൾ എല്ലാം കാലത്തിൻ്റെ ആ തിരക്കഥയിലെ കഥാപാത്രങ്ങൾ മാത്രം. സ്വയം അറിയാതെ ആടുന്ന പാവകൾ പോലെ.
കലാലയ ജീവിതം അവസാനിച്ചു, തമ്പുരാൻ കുട്ടി തിരികെ ആക്കൽ തറവാട്ടിലേക്ക് പോയി. അമ്മു തൻ്റെ മറുപാതിയെ ഓർത്തു അധ്യാപനവർത്തി തുടർന്നു. സാങ്കേതിത വിപ്ലവം കൊടികൊണ്ടു നിൽക്കുന്നതിനാൽ അവർതമ്മിലുള്ള ദൂരം അധികം ഉണ്ടായിരുന്നില്ല. എങ്കിലും പരസ്പരം കാണുവാൻ, ഒന്ന് സ്പര്ശിക്കുവാൻ അവസരങ്ങൾ കുറഞ്ഞുവന്നു. തമ്പുരാൻ കുട്ടിയുടെ തലോടലിനായി അമ്മുവിൻറെ മനസ്സ് ദാഹിച്ചു.
കാലചക്രങ്ങൾ പിന്നെയും നിർത്താതെ ഉരുണ്ടുകൊണ്ടേയിരുന്നു .. തമ്പുരാൻകുട്ടിക്ക് ദക്ഷിണ കന്നഡ പ്രദേശത്തേക്ക് ഉദ്യോഗത്തിനായി പോകേണ്ടി വന്നു . അതും തമ്പുരാൻ കുട്ടിയെ സംബധിച്ചിടത്തോളം മറ്റൊരു പറിച്ചുനടൽ ആയിരുന്നു. സാമാന്യം ഉയർന്ന ഉദ്യോഗം , നല്ല ചുറ്റുപാടുകൾ അവിടെ കാത്തിരുന്നു. തമ്പുരാൻകുട്ടി ജീവിതത്തെ പതിയെ തിരക്കുകളിലേക്ക് അറിഞ്ഞുകൊണ്ട് ഗതിമാറ്റി വിട്ടു...
അപ്പോഴും അമ്മു തൻ്റെ പ്രാണേശ്വരനെ ഓർത്തുകൊണ്ടിരുന്നെങ്കിലും അവരുടെ ഇടയിലുള്ള അന്തരം കൂടി വന്നു. അമ്മുവിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. തൻ്റെതെല്ലാം നൽകി സ്നേഹിച്ച, സ്വന്തം എന്ന് വിശ്വസിച്ച തമ്പുരാൻകുട്ടി പറന്നകന്നിരിക്കുന്നു.
ഉയർന്ന ചുറ്റുപാടുകൾ തമ്പുരാൻകുട്ടിയെ മാറി ചിന്തിക്കുവാൻ പ്രേരിപ്പിച്ചു.
ഇല്ല!!!! മരിച്ചിട്ടില്ല !!!! തമ്പുരാൻകുട്ടിയുടെ ഉള്ളിലെ മാടമ്പി പുനർജനിച്ചിരിക്കുന്നു. സുഖങ്ങൾ മാത്രം തേടിയുള്ള തമ്പുരാൻകുട്ടിയുടെ പ്രയാണം തുടർന്നുകൊണ്ടേയിരുന്നു. അവൻ്റെ ഉള്ളിൽ അമ്മു ഒരു ഭാരമായി മാറിയിരുന്നു.... പല തരത്തിലുള്ള ഭാവപ്പകര്‍ച്ചകളും തമ്പുരാൻകുട്ടിയിൽ കെട്ടിയാടി.
ആക്കൽ തറവാട്ടിലെ ഇളമുറതമ്പുരാൻ അമ്മുവിനെ പൂർണമായും മറന്നുകഴിഞ്ഞിരിക്കുന്നു. അമ്മുവിൻറെ പ്രണയത്തെ തമ്പുരാൻകുട്ടി നിഷ്ടൂരം കൊന്നുകളഞ്ഞിരിക്കുന്നു. തമ്പുരാൻകുട്ടിയുടെ മനസ്സിൽ അർബുദം ബാധിച്ചിരിക്കുന്നു. അങ്ങനെ ആ പ്രണയം ഒരിക്കലും തുറക്കാത്ത കല്ലറയിൽ അടക്കം ചെയ്യപ്പെട്ടു. ആ കല്ലറയുടെ മുകളിൽ ചുവന്ന അക്ഷരങ്ങളാൽ ഇങ്ങനെ എഴുതിവെയ്ക്കപ്പെട്ടു..
"ഇത് എൻ്റെ മാത്രം പ്രണയകുടീരം.. ഇവിടെ ആരും പൂക്കൾ അർപ്പിക്കാതിരിക്കുക.. ഇതിൽ എൻ്റെ വേദനകളേയും ഞാൻ അടക്കം ചെയ്തിരിക്കുന്നു .. നിങ്ങളുടെ പൂക്കളുടെ ഗന്ധം പോലും എന്നിലെ പൂർവ്വകാല വേദനകളെ തൊട്ടുണർത്തും, ഇവിടെ ആരും പൂക്കൾ അർപ്പിക്കാതിരിക്കുക.....ഇവിടെ ആരും പൂക്കൾ അർപ്പിക്കാതിരിക്കുക............ സ്വസ്ഥമായി മയങ്ങട്ടെ ഞാൻ" - അമ്മു !!!
കാലം എത്ര ദൂരം മുൻപോട്ടു സഞ്ചരിച്ചാലും തമ്പുരാൻകുട്ടിയെ പോലെയുള്ളവർ ഇന്നും പല അമ്മുകുട്ടികളെയും ഇരുട്ടിലേക്ക് തള്ളിയിടുന്നു.
ആ പഴയ ചെറുമിയുടെ കിടാത്തികൾ ഇന്നും കഞ്ഞിമോന്താനായി ആക്കൽ തറവാട്ടിലെ അടുക്കള മുറ്റത്തു തൊഴുകൈകളോടെ ഇരക്കുന്നു.....
ആക്കൽ തറവാടിൻ്റെ ഇറയത്തു ചാരുകസേരയിൽ ഇപ്പോഴും കല്പനകൾ പുറപ്പെടുവിച്ചു കൊണ്ട് എല്ലാകാലവും മാടമ്പികൾ ഉണ്ടാകും... അവരുടെ തുപ്പക്കോളാമ്പി നിറയുന്നതു നോക്കി കീഴാളന്മാരും നിൽപ്പുണ്ടാകും.......
-------------------------------------------------- ശുഭം-----------------------------------------------------------
