മേയ് 19, 2013

വേനലിലൂടെ ഒരു യാത്ര ......



ഒരു മഴയ്ക്കായി കാത്തിരിക്കുകയാണ് ............... വേനലിൽ വരണ്ടുണങ്ങിയ നെൽപാടങ്ങളും, ഒരിറ്റു നീരുറവക്കായി  കൊതിക്കുന്ന  വണ്ണാത്തി പുഴയും  കാത്തിരിക്കുന്നത് ഒരു മഴയെയാണ്, അതിൽ  നനഞ്ഞു കുളിക്കുവാനാണ് .

കാർമേഘങ്ങൾ ഒരു പ്രതീക്ഷ പോലെ ഇരുണ്ടുകൂടുകയാണ് , അതുകണ്ടിട്ടെന്നോണം കാക്കകൾ പല ദിക്കുകളിലേക്കും പാറിപറക്കുന്നു . കാറ്റിന്റെ ശക്തിയിൽ അവയിൽ ചിലര്ക്ക് സ്വന്തo ഗതി നിർണയിക്കനാകാതെ  കാറ്റിന്റെ ഗതികായി വഴിമാറി കൊടുക്കുന്നു .

കുളകൊഴികളും മഴയെ വരവേൽക്കാൻ തയാറായികഴിഞ്ഞു. നീർകാക്കൾ ചിറകുകൾ വിടർത്തി നീലതടാകകരയിൽ ആഹ്ലാദപൂർവ്വം നിന്നു .

സഹ്യൻ കരിമേഘങ്ങളെ സ്പർശിക്കുവാനായി ശ്രമിക്കുന്നു.....
ഈ വേനൽ ചൂടിലും അസ്തമയ സൂര്യന്റെ കിരണങ്ങളാൽ പ്രകൃതി ഒരു സ്വർണ്ണ തളികയായി കാണപെട്ടു ...

കാലചക്രം അതിന്റെ കർമം ഭംഗിയായി  നിറവേറ്റിയപ്പോൾ  വേനലിന്റെ കടുത്ത ശിക്ഷയിൽ പച്ച  പുൽനാമ്പുകളെ ഗർഭം ധരിക്കുവാനുള്ള നിഷേധിക്കപെട്ട അവകാശം  തിരികെ കിട്ടാൻപൊകുന്ന ഒരു ഋതുമതിയേപോലെ  വയലുകളും, അതിനു സംരക്ഷണമേകുന്ന ഗർഭഭിത്തിയായി  വരമ്പുകളും .


"എത്രയെത്ര വ്യഴവട്ടകാലം കണ്ടു ഞാൻ, അതിൽ എത്രയെത്ര വേനലുകളും ഇടവപാതിയും തുലാവർഷവും ............ എത്രയെത്ര ആയുധങ്ങൾക്ക്  ശക്തിയേകാൻ  കൈകൾ നല്കിഞാൻ  .....എത്രയെത്ര ജീവജാലങ്ങൾക്ക്‌ തണലേകി, അവയ്ക്ക് കൂടൊരുക്കി  ......എന്നാലിന്നു ഇലകൾ കൊഴിഞ്ഞു മൃത്യുവിന്റെ കാലോച്ച കേൾക്കുന്ന
ഈ വയോധികനു  ഈ വേനൽ അധികമാണ് . അത് എന്റെ ഹൃദയത്തെ  പൊള്ളിക്കുന്നു "

ഈ മഴ പെയ്തിറങ്ങാൻ പോകുന്നതു ആ മനസിന്റെ  വിങ്ങലുകളിലേക്കാണ്.
 ശാപമേറ്റ് ഇലകളേ നഷ്ടപെട്ട ആ  കിഴവൻ മരത്തിന്റെ ഹൃദയത്തിലേക്ക്‌ ........

ഒരു ഹരിതാർ‍ദ്ര തീരം സ്വപ്നം കാണുന്ന വസുന്ധര തന്നിലേക്ക് അലിഞ്ഞു ചേരുവാൻ  വെമ്പൽകൊള്ളുന്ന ആ മഴമേഘത്തെ വരവേൽക്കുവാൻ , പ്രതീക്ഷയോടു പ്രാണനെ കാത്തു വാതിൽപടിയിൽ നില്ക്കുന്നു ഒരു  പെണ്കിടാവിനെപോലെ.........

ഹേ വർഷമേ....... പെയ്ക നീ !!!!!!! നിനക്കായി കണ്ണിമവെട്ടാതെ കാത്തിരിക്കുന്നു ഈ  പുണ്യഭൂമി.
കാതോർത്തിരിക്കുന്നു  നിന്റെ സംഗീതത്തിനായി ....... നിന്റെ വരവിനായി  ....പച്ച പട്ടു വിരിച്ച പ്രകൃതിക്കു ജന്മമേകാനായി ചെന്നെത്തിയാലും ഭൂമിയുടെ വേവുന്ന
മനസിന്റെ അടിത്തട്ടിലേക്ക്, അതിന്റെ ഗർഭാശയത്തിലേക്കു ഒരു കോടി  ബീജങ്ങളായി........പുതുനാമ്പുകൾക്കു ജന്മമേകിയാലും...... നിന്റെ പിതൃത്തത്തിനായി കാത്തിരിക്കുന്നു ഈ  ജീവജാലങ്ങൾ  ............

വീണ്ടും വേനലിലൂടെ തീരാത്ത  ഒരു യാത്ര ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ