ഒക്‌ടോബർ 18, 2021

ഗതകാല സ്‌മൃതികൾ (ശ്രുതി മധുരമീ ഓർമ്മകൾ)

ആമുഖം 

                        ബാല്യകാലം പൂക്കളേക്കാൾ സുന്ദരം എന്ന് പറഞ്ഞ സുഗതകുമാരി ടീച്ചറിനെ  ഓർമ്മിച്ചുകൊണ്ടു ഞാൻ പറയട്ടെ, എൻ്റെ ഹയർ സെക്കണ്ടറി സ്കൂൾ  ജീവിതം പൂക്കളെക്കാൾ  അതിസുന്ദരം തന്നെ  ആയിരുന്നു. അത് ഒരു യുഗത്തിൻ്റെ  പിറവി ആയിരുന്നു എന്ന് വേണം കരുതുവാൻ. പ്ലസ് ടൂ ജീവിതത്തിനു മുൻപും പിൻപും എന്ന് പറയുവാൻ ആണ് എനിക്ക് കൂടുതൽ ഇഷ്ടം. ജീവിച്ചു എന്ന് പറയാൻ കാലം നൽകിയ നിറമുള്ള മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു ഞങ്ങളുടെ ആ കലാലയ ജീവിതം. 

ഇന്ന് ആലോചിക്കുമ്പോൾ ആ രണ്ടുവർഷകാലം അനുഭവിച്ച സുഖങ്ങളും  സന്തോഷങ്ങളും  പിന്നീട് ഇതുവരെയും എന്നെ തേടി വന്നിട്ടില്ല എന്ന് പറയുന്നിടത്താണ് എന്തായിരുന്നു ആ പൂർവ്വകാലത്തിൻ്റെ  മാസ്മരികത എന്ന് മനസ്സിലാക്കുന്നത്. ആ കലാലയത്തിലേക്ക് ഇനി വീണ്ടും വീണ്ടും പോകാനും ഓർമ്മകൾ ഉറങ്ങുന്ന  ആ പഴയ വരാന്തയിലൂടെ പതിയെ നടക്കാനും, ഗൃഹാതുരത്വം തുളുമ്പുന്ന ആ ക്ലാസ് മുറിയിൽ പലതും  കോറിയിട്ട  ആ ഡെസ്കിൽ സ്പർശിച്ചു എല്ലാം മറന്നു നിൽക്കാനും  കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

ഒരുപാട് നല്ല സുഹൃത്തുക്കളും ടീച്ചർമാരും ജീവിതത്തിൻ്റെ ഭാഗം ആയതു ആ കാലത്താണ്. അവിടെ ടീച്ചർമാരും സുഹൃത്തുക്കളെ പോലെ തന്നെ ആയിരുന്നു. വിദ്യാർത്ഥികളെ സ്നേഹിച്ച ഒരുകൂട്ടം അദ്ധ്യാപകർ.

അവിടെ നിന്നും പടിയിറങ്ങിയത് എന്നെന്നും മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്ന അല്ലെങ്കിൽ മറക്കാൻ കഴിയാത്ത ഒരു പിടി നല്ല ഓർമകളും മനസ്സിൽ പേറി കൊണ്ടായിരുന്നു. ജീവിതത്തെ മറ്റൊരു ദിശയിലേക്കു തിരിച്ചു വിടാൻ സഹായിച്ചത്  ആ പ്ലസ് ടു കാലം ആയിരുന്നു.

ഇന്നും ആ ക്യാമ്പസ് അങ്ങനെ തന്നെ മായാതെ മറയാതെ മനസ്സിൽ തെളിഞ്ഞു നിൽക്കുവാൻ സഹായിക്കുന്നത് അവിടെ നിന്ന് കിട്ടിയ അനുഭവങ്ങളും അറിവുകളും ഇന്നും മണ്മറയാത്ത ഓർമ്മകളായി  നിലനിൽക്കുന്നതു കൊണ്ടാണ്.

ഈ അനുഭവകുറിപ്പുകളിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നതും അതാണ്. ഇത് വായിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു കുളിർമഴയുടെ അനുഭവം  ഉണ്ടാകുന്നുണ്ടെങ്കിൽ അതിനർത്ഥം നിങ്ങളുടെ ഓർമ്മകളിലെ ആ പ്ലസ് ടൂ വിദ്യാർത്ഥി ഇന്നും ജീവിച്ചിരിക്കുന്നു എന്നാണ്. ഇവിടെ ഞാൻ എഴുതുന്നത് എൻ്റെ കണ്ണുകളിലൂടെ ഞാൻ കണ്ട, എന്നിലെ നല്ല  ഓർമ്മകൾക്ക് വിത്തുകൾ പാകിയ, പിന്നീട് ആ വിത്തുകൾ വളർന്നു ആഴത്തിൽ വേരുകൾ ഉറച്ച പച്ച വിരിപ്പ് ആയി മാറിയ കുറെ നല്ല നിമിഷങ്ങൾ ആണ്. 

ഈ ഓർമ്മകൾ  ആരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ സദയം ക്ഷമിക്കുക... ഓർമ്മകൾ ആയവറക്കാതിരിക്കുവാൻ  ആകില്ല. 

**************


1 . അഡ്മിഷൻ

2001ൽ  സെക്കണ്ടറി കലാലയം പൂർത്തിയാക്കി ഹയർ സെക്കണ്ടറി അഡ്മിഷനു വേണ്ടി ശ്രമിക്കുമ്പോഴാണ് എൻ്റെ സുഹൃത്തും,  സഹപാഠിയും, നാട്ടുകാരനുമായ അനീഷ് എന്നോട് പറയുന്നത് "എടാ, ഇറവങ്കര സ്കൂളിൽ പ്ലസ്ടൂ അഡ്മിഷൻ തുടങ്ങിയിട്ടുണ്ട് നമുക്ക് അപ്ലൈ ചെയ്താലോ എന്ന് " പിന്നെ ഒന്നും നോക്കിയില്ല ഞാനും അനീഷും മറ്റൊരു സുഹൃത്തും, സഹപാഠിയും, നാട്ടുകാരനുമായ മഹേഷും കൂടി സൈക്കിൾ ചവിട്ടി ഇറവങ്കര സ്കൂളിലേക്ക് വച്ചുപിടിച്ചു. എങ്ങിനെയും ഒരു അഡ്മിഷൻ സ്വന്തമാക്കുക എന്ന ലക്ഷ്യം  മാത്രമായിരുന്നു മനസ്സിൽ. 

കയറ്റവും ഇറക്കവും ഉള്ള ടാർ ചെയ്ത റോഡുകൾ ആയിരുന്നു ഇറവങ്കര ജംഗ്ഷനിൽ നിന്നും സ്കൂളിലേക്ക് ഉള്ള വഴി. ആ റോഡുകൾക്കും ഞങ്ങളുടെ പ്ലസ്ടൂ  ജീവിതത്തിനെ  കുറിച്ച് ഒരുപാട് കഥകൾ പറയാനുണ്ടാകും. 

ഇറക്കം സൈക്കിളിൽ ഇറങ്ങിയും കയറ്റം സൈക്കിൾ ഉരുട്ടി കയറ്റിയും ഞങ്ങൾ സ്കൂൾ  ഓഫീസിൽ എത്തി. അവിടെ നിന്നും അപ്ലിക്കേഷൻ ഫീസ് ആയ 10 രൂപയും അടച്ചു ഫോറവും വാങ്ങി തിരികെ പോയി. വീട്ടിൽ ചെന്ന് പൂരിപ്പിച്ചു 50 പൈസയുടെ ഒരു പോസ്റ്റൽ കാർഡും ചേർത്തുവെച്ചു ഞങ്ങൾ വീണ്ടും പോയി അപേക്ഷ സമർപ്പിച്ചു. പിന്നീട് കാത്തിരിപ്പിൻ്റെ നാളുകൾ. ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം ഞങ്ങളുടെ വീടുകളിൽ പോസ്റ്റ് മാൻ ഒരു ദൂദുമായി  വന്നു. അന്ന് ആ പോസ്റ്റമാനു കാക്കിയിട്ട  മാലാഖയുടെ മുഖം ആയിരുന്നു.

രക്ഷാകർത്താക്കളെയും  കൂട്ടി  ഇൻ്റർവ്യൂ  തീയതിയിൽ ഞങ്ങൾ സ്കൂളിലേക്ക് തിരിച്ചു. ആകെ രണ്ടു കോഴ്സുകൾ മാത്രം ഉണ്ടായിരുന്നത് കൊണ്ട് തിരഞ്ഞെടുക്കുവാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. DPCO - Data Processing and Console Operation (അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് കമ്പ്യൂട്ടർ സയൻസ് ആയി ബന്ധമുള്ള ഒരേയൊരു കോഴ്സ് ആണെന്ന്) ഒന്നും നോക്കിയില്ല അതുതന്നെ ആണ് തിരഞ്ഞെടുത്തത്. മറ്റൊരു ഓപ്ഷൻ അഗ്രികൾച്ചർ ആണ്.

അന്നൊന്നും അറിഞ്ഞിരുന്നില്ല +2 & VHSE  തമ്മിൽ എന്ത് വത്യാസങ്ങൾ ആണ് ഉള്ളതെന്നും അതിൻറെ ഗുണഗണങ്ങൾ എന്താണെന്നും. 

അന്ന് ഓഫീസ് മുറിയുടെ വരാന്തയിൽ ഒരു ബെഞ്ചിൽ ഇരിക്കുമ്പോഴാണ് ലിതിൻ ഓമനക്കുട്ടനെ പരിചയപ്പെട്ടത്. ഒരു വെള്ളമുണ്ട് ഉടുത്ത, കയ്യിൽ ഒരു തുണിക്കടയുടെ കവറിൽ സർട്ടിഫിക്കറ്റുകളും അപ്ലിക്കേഷൻ ഫോറവുമായി ആ ബെഞ്ചിൽ എൻ്റെ  അടുത്തിരുന്ന ലിതിനെ ഇന്നും ഞാൻ ഓർക്കുന്നു. അവൻ എന്നോട് ചോദിച്ച ചോദ്യം ആണ് എന്നേ  അന്ന് ആശ്ചര്യപെടുത്തിയത്. "അഡ്മിഷൻ എടുക്കാൻ രക്ഷകർത്താക്കളുടെ ആവിശ്യം ഉണ്ടോ?"

അങ്ങനെ സീറ്റ് എല്ലാം ഉറപ്പിച്ചു ഞങ്ങൾ മൂന്നു പേരും അമ്മമാരുമൊത്തു  തിരികെ വീട്ടിലേക്ക്. ഇനി സ്കൂൾ തുറക്കുന്നതിനു വേണ്ടിയുള്ള കാത്തിരുപ്പ്.

**********************


2. ആദ്യ ദിവസം

            സ്കൂൾ തുറന്നു ആദ്യ ദിവസം. അവിടെ ജോയിൻ ചെയ്തതിനു ശേഷം ആണ് ഞങ്ങൾ മനസ്സിലാക്കിയത് തുടങ്ങാൻ പോകുന്നത് ആദ്യ ബാച്ച് VHSE കോഴ്‌സ്  ആണെന്നും, ഞങ്ങൾക്ക് മുകളിൽ സീനിയർസ് ഇല്ല എന്നും. ആ അഹങ്കാരം ഞങ്ങൾ എന്നും കൈ വിടാത്ത മുതലായി മനസ്സിൽ സൂക്ഷിച്ചിരുന്നു.

ആദ്യ ബാച്ച് ആയതുകൊണ്ടായിരിക്കാം ഞങ്ങൾക്ക് വേണ്ടിയുള്ള കാര്യങ്ങൾ എല്ലാം അവിടെ തുടങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളു. രണ്ടു നിലകൾ ഉള്ള  കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ ആണ് ഞങ്ങളുടെ ക്ലാസ് മുറികൾ. വലതു വശത്തു ഏറ്റവും അവസാന മുറി ഒടിഞ്ഞ ഡെസ്കുകളും ബെഞ്ചുകളും മാത്രം ഇട്ടിരുന്ന മുറി. കൂട്ടിനു പ്രാവുകളും മാത്രം. 

അതിൻ്റെ അടുത്ത ക്ലാസ് മുറി ആണ് അഗ്രിക്കൾച്ചർ കോഴ്‌സിൻ്റെ ക്ലാസ് മുറി. പിന്നീട് ഒഴിഞ്ഞു കിടക്കുന്ന ഒരു ക്ലാസ് മുറിയും പടികളുടെ അടുത്തുള്ളത് കമ്പ്യൂട്ടർ സയൻസിൻ്റെ ക്ലാസ്സ് മുറിയും ആയിരുന്നു.  പിന്നീട് ഉള്ളത് അദ്യാപകരുടെ മുറിയും ആയിരുന്നു. 

ഞാൻ ഇരുന്നത് രണ്ടാം നിരയിലെ ബെഞ്ചിൽ രണ്ടാമതായിരുന്നു. എൻ്റെ ഇടതു വശത്തു ആശിഷും, വലതു വശത്തു രഞ്ജിത്തും അതിനു അടുത്തതായി സജിത്തും. ഞങ്ങൾ പരിചയപെട്ടു പിന്നീട് വളരെ നല്ല സുഹൃത്തക്കൾ ആയി.

സജിത്തിൻ്റെ  അമ്മായി അവിടെതന്നെ സെക്കണ്ടറി സ്കൂൾ അദ്യാപിക ആയിരുന്നു. എല്ലാ കുട്ടികളുമായി ഞങ്ങൾ പരസ്പരം പരിചയപെട്ടു, ആദ്യ ദിനം ആയതിനാൽ ക്ലാസ്സ് ഒന്നും ഉണ്ടായിരുന്നില്ല. എൻ്റെ റോൾ നമ്പർ 5 ആയിരുന്നു. 

ആദ്യമായി ക്ലാസ്സിലേക്ക് വന്ന ഞങ്ങളുടെ ക്ലാസ് ടീച്ചർ വനമാല എന്ന ഇരട്ടപ്പേരുള്ള ടീച്ചർ ആയിരുന്നു. ശെരിക്കും ഉള്ള പേര് റാണി എന്നാണോ? ഒരു സംശയം. ആരാണ് ഈ പേര് കൊടുത്തത് എന്ന് ഇപ്പോഴും വ്യക്തമായി ഓർമ്മയില്ല.  മാത്‍സ് ആയിരുന്നു ടീച്ചറിൻ്റെ വിഷയം. ടീച്ചർ നല്ല കർക്കശ സ്വഭാവം ഉള്ള ആൾ ആയിരുന്നു. പിന്നീട് ഓരോ മണിക്കൂറിലും ടീച്ചർമാർ മാറി മാറി വന്നു.

അന്നുണ്ടായിരുന്ന മിക്ക അദ്യാപകരും താൽകാലിക അടിസ്ഥാനത്തിൽ വന്നവർ ആയിരുന്നു. കമ്പ്യൂട്ടർ തിയറി പഠിപ്പിച്ച ഹേമന്ദ് സർ, കമ്പ്യൂട്ടർ പ്രാക്ടിക്കൽ ഇൻസ്ട്രക്ടർ ശ്രീനാഥ് സർ, ടാറ്റ പ്രോസസ്സിംഗ് പഠിപ്പിച്ച റാണി ടീച്ചർ, അങ്ങനെ എല്ലാവരും. ജീവിതത്തിൽ ആദ്യമായി പേജർ ഡിവൈസ് ഞങ്ങൾ കാണുന്നത് റാണി ടീച്ചറിൻ്റെ കയ്യിൽ ആയിരുന്നു. 

കുറെ സഹപാഠികൾ ആ സ്കൂളിൽ തന്നെ SSLC പൂർത്തിയാക്കിയവർ ആയിരുന്നതിനാൽ അവർക്കു അപരിചിതത്വം തോന്നിയിരുന്നില്ല. എന്നിരുന്നാലും ബാക്കിയുള്ളവർ എല്ലാരും തന്നെ വളരെ വേഗം  സുഹൃത്തുക്കൾ ആയി. 

അങ്ങനെ ആദ്യ ദിവസവും അങ്ങനെ പല ദിവസങ്ങളും ഓർമകളിൽ പോറിയിട്ട് കടന്നു പോയി. 

*********************

3. അൺ ഇൻ്റെറപ്റ്റബിൾ പവർ സപ്ലൈ 

അദ്ധ്യയനം തുടങ്ങി അധിക നാൾ ആകുന്നതിനും മുൻപേ അതി ശക്തമായ പ്രക്ഷോപത്തിനും സമരത്തിനും ഉള്ള മുന്നൊരുക്കങ്ങൾ അണിയറയിൽ ആരംഭിച്ചു. പിന്നണിയിൽ നിന്ന്  നേതൃത്വം നൽകുന്നത് കമ്പ്യൂട്ടർ ലാബ് ഇൻസ്‌ട്രക്ടർ ആയ ശ്രീനാഥ് സർ ആണ്. സമരത്തിന് ഉള്ള കാരണം കമ്പ്യൂട്ടർ ലാബ് ഇതുവരെയും വിദ്യാർത്ഥികൾക്ക് തുറന്നു കൊടുത്തില്ല എന്ന കാരണത്താൽ ആണ്. അതിനുള്ള കാരണം ആ സ്കൂളിൽ കർക്കശക്കാരനായ മുരളി സർ പറയുന്നത് കംപ്യൂട്ടറുകൾക്കുള്ള UPS വന്നിട്ടില്ല എന്നതാണ്.

പഠിക്കാനുള്ള ആവിശ്യത്തിനേക്കാൾ ഉപരി പ്രീഡിഗ്രി നഷ്ടപെട്ട തലമുറയുടെ രോദനവും സമരം ചെയ്യാൻ അവസരം നിഷേധിച്ച പ്ലസ്ടൂ എന്ന സമ്പ്രദായത്തേയും ആത്മ സങ്കർഷത്തിലകപ്പെട്ട  വിദ്യാർത്ഥികൾക്കു  പ്രക്ഷോഭംകൊണ്ടു അടിച്ചമർത്താനുള്ള ഒരു അവസരവുമായാണ് ഈ  സമരത്തെ ഞങ്ങൾ സ്വയം കണ്ടത്.

രാവിലെ എല്ലാ കുട്ടികളും ക്ലാസ് മുറികളിൽ എത്തി. സമരത്തിനുള്ള മുദ്രാ വാക്യവും ഊർജവും  ശ്രീനാഥ് സർ തന്നെ പകർന്നു തന്നു. 

"വേണം വേണം UPS വേണം, പഠിക്കാൻ ഞങ്ങൾക്ക് UPS വേണം"

അപ്രക്ഷിതമായി തുടങ്ങുന്ന സമരം കണ്ടു സ്കൂൾ ആകെ ഒന്ന് വിറച്ചു. പെൺകുട്ടികൾ വരാന്തയിൽ അണിനിരന്നു ഐകദാർഢ്യം ഉറപ്പിച്ചു. ഞങ്ങൾക്ക് കൂട്ടായി അഗ്രിക്കൾച്ചർ കൂട്ടുകാരുടെ പിന്തുണയും കിട്ടി. സമരം ശക്തമായി മുന്നോട്ടു നീങ്ങി. എല്ലാവരും ഒറ്റകെട്ടായി സമരത്തെ മുന്നോട്ടു നയിച്ചു. മുകളിലത്തെ നിലയിൽ നിന്നും വിദ്യാർത്ഥികൾ ഇറങ്ങി താഴെ വന്നു. പ്രിൻസിപ്പലിൻ്റെ മുറിയുടെ നേരെ വിദ്യാർത്ഥികളുടെ ഒഴുക്ക് ഉണ്ടായി. 

തൃശൂർ കാരനായ പ്രിൻസിപ്പാൾ ഇത് വിരണ്ടു "എന്തൂട്രാ....  കന്നാലികളെ" എന്ന് ചോദിച്ചു കൊണ്ട് ഓഫീസ് മുറിയുടെ വാതിൽ അടച്ചു. മുരളിസാർ ധൈര്യം ചോരാതെ സമരത്തെ ഒറ്റക്ക് എതിർക്കാൻ മുന്നോട്ടു വന്നു. അന്ന് മുരളിസാറിൻ്റെ ശുഷ്‌കാന്തി കാണേണ്ടത് തന്നെയായിരുന്നു. 

മുരളിസാറിനോട് ഞങ്ങൾ സമരത്തിൻ്റെ കാരണം അവതരിപ്പിച്ചു. "ഞങ്ങൾക്ക് പഠിക്കുവാനുള്ള അവസരം സ്കൂൾ നിഷേധിക്കുന്നു, ഞങ്ങൾക്ക് UPS വേണം" ശക്തയുക്തം ഞങ്ങൾ പ്രസംഗിച്ചു. 

നിങ്ങൾ പിരിഞ്ഞു പോകണം. അങ്ങ് തലസ്ഥാനത്തു രാഷ്ട്രീയ സമരത്തെ എതിർക്കുന്ന IPS കാരനെ പോലെ മുരളിസാർ നിന്ന് വിറച്ചു.

ഞങ്ങൾ എതിർത്തുകൊണ്ട് പറഞ്ഞു "ഇതിനു ഒരു തീരുമാനം ഉണ്ടാകാതെ ഞങ്ങൾ പോകില്ല"

മുരളി സർ തിരിച്ചു ചോദിച്ചു "നിങ്ങൾക്ക്  UPS-ൻ്റെ ഫുൾഫോം പറയാമോ"

എല്ലാവരും ഒരുനിമിഷം സ്ഥബ്ദരായി നിന്നും. പരസ്പരം മുഖത്ത് നോക്കി, ആകെ ഒരു അമ്പരപ്പ്. ഉള്ളിലുള്ള ആർജവം കുറയുന്നപോലെ തോന്നുന്നു. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ ആയ ഞങ്ങൾക്ക് UPS-ൻ്റെ ഫുൾഫോം അറിയില്ലേ? ആത്മരോക്ഷത്തോട് കൂടിയുള്ള  ചോദ്യം അവനവനോട് തന്നെ ആയിരുന്നു. ഉള്ളിൽ ഒരു ചോദ്യം ശ്വാസം കിട്ടാനാകാതെ പിടയുന്നു കൂടാതെ അപകർഷതാ ബോധവും. 

അവസാനം നിശബ്ദയ്ക്കു വിരാമം ഇട്ടുകൊണ്ടു മുരളി സർ തുടർന്നു. നിങ്ങൾക്ക് വേണ്ട UPS എത്രയും വേഗം ഞാൻ സംഘടിപ്പിക്കാം. നിങ്ങൾ സമരം നിർത്തി പിരിഞ്ഞു പോകണം.

പകുതി സന്തോഷത്തോടുകൂടിയും പകുതി അന്വേഷണത്വരയോടും കൂടി ഞങ്ങൾ തിരികെ നടന്നു. ആ നടത്തം ചെന്ന് നിന്നതു ശ്രീനാഥ് സാറിൻ്റെ മുൻപിൽ ആണ്. ഞങ്ങളുടെ വരവ് പ്രതീക്ഷിച്ചു നിന്ന ശ്രീനാഥ് സർ പറഞ്ഞു "അൺ ഇൻ്റെറപ്റ്റബിൾ പവർ സപ്ലൈ"  

*************************************

4. അരവിന്ദേട്ടൻ്റെയും അമ്മാമയുടെയും ബേക്കറി കൂൾബാർ  

             ദിവസങ്ങളും മാസങ്ങളും സെക്കൻഡ് സൂചിയേക്കാൾ വേഗത്തിൽ കടന്നു പോയിക്കൊണ്ടിരുന്നു. അപ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്ത് വലയം തന്നെ സൃഷ്ടിച്ചിരുന്നു. രാവിലെ രണ്ടു പീരിയഡ് കഴിഞ്ഞാൽ കിട്ടുന്ന ഇടവേളകളിൽ നേരെ പോകുന്നത് അമ്മാമയുടെ കൂൾ ബാറിലേക്ക് ആയിരുന്നു. സ്കൂളിൻ്റെ  എതിരെയുള്ള ഒരു വീടിനോടു ചേർന്ന കട ആണ് അമ്മാമയുടെ കൂൾ ബാർ. മറ്റെല്ലാ കടകളിലും കോൺസെൻട്രേറ്റഡ് ജ്യൂസ് ഉണ്ടാക്കുമ്പോൾ അമ്മമ്മയുടെ കടയിൽ രസ്ന ആയിരുന്നു ഉണ്ടാക്കിയിരുന്നത്. അതിൻ്റെ മണവും രുചിയും ഒന്ന് വേറെത്തന്നെ. പോരാത്തതിന് അമ്മാമയുടെ സ്നേഹവും കൂടി ആകുമ്പോൾ രുചി കൂടും. അവിടെ ആകെയുണ്ടായിരുന്ന ഒരു കുറവ് പഫ്‌സും സ്വീറ്റനയും സമോസയും ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്നില്ല എന്നതാണ്.

അങ്ങനെയിരിക്കുമ്പോഴാണ് അറിഞ്ഞത്  അരവിന്ദേട്ടൻ്റെ കടയിൽ നല്ല ഒന്നാംതരം  പഫ്‌സും സ്വീറ്റനയും സമോസയും ഉണ്ട് എന്ന്. അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് തഴക്കര റോയൽ ബേക്കറിയുടെ ബോർമ്മയിൽ നിന്നും വരുന്ന ഐറ്റംസ് ആണ് അതൊക്കെ എന്ന്. പിന്നെ താമസിച്ചില്ല പിന്നീടുള്ള ഇടവേളകളിൽ നേരേ അങ്ങോട്ട്. സ്കൂൾ ഗ്രൗണ്ടിൻ്റെ മൂലയിലുള്ള കയ്യാല ചാടി അരവിന്ദേട്ടൻ്റെ കടയിൽ പോയി ഒരു മുട്ട പഫ്സ് വാങ്ങി കഴിച്ചപ്പോൾ ഉണ്ടായ ആനന്ദം അതിഭയങ്കരം ആയിരുന്നു. ചൂട് പഫ്സിൻ്റെ നല്ല രുചിയുള്ള മസാലയും പാതി മുറിച്ച മുട്ടയുടെ വെള്ളയും മഞ്ഞയും പിന്നെ ബോർമയുടെ ചൂട് വായുവിൽ വെന്തു പൊങ്ങിയ മൈദയുടെ ക്രിസ്പിയായ പുറംചട്ടയും ചേർത്ത് ഒരു കടി കടിച്ചപ്പോൾ സ്വർഗം കണ്ടപോലെ ആയിരുന്നു. വായിലൂടെ വെള്ളം കടലായി ഒഴുകി. അതുപോലെ സമോസയും, സ്വീറ്റനയും, കറുമുറാ പരിപ്പുവടയും. പതിയെ അമ്മാമയുടെ കട ഞങ്ങൾ മറന്നു തുടങ്ങി. എങ്കിലും അമ്മാമയുടെ രസ്ന ഞങ്ങൾക്ക് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. 

അരവിന്ദേട്ടൻ്റെ പറ്റുബുക്കിലെ പേപ്പറിനെ പേനയുടെ മുന എന്നും രണ്ടു നേരം വെച്ച് ഞങ്ങൾ കാരണം പലതവണ ചുംബിക്കുവാൻ തുടങ്ങി. ഞങ്ങളുടെ  സത്യസന്തമായ  കണക്കുകൾ അരവിന്ദേട്ടൻ്റെ കച്ചവടം ഉയർത്തികൊണ്ടുവന്നു. അവിടെ തിരക്ക്  കൂടി കൂടി വന്നു. ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും പേനയെ പറ്റു ബുക്ക് ആലിംഗനം ചെയ്തു അനങാനാകാതെ കിടന്നു.

വളരെ ഞെട്ടിപ്പിക്കുന്നതും ദുഃഖ പൂർണവുമായ വാർത്ത കേട്ടാണ് അന്ന് ഞങ്ങൾ സ്കൂളിൽ എത്തിയത്‌. അരവിന്ദേട്ടൻ്റെ കടയ്ക്കു തീപിടിച്ചു നശിച്ചിരിക്കുന്നു. വളരെ സങ്കടം തോന്നിയ നിമിഷങ്ങളിലൂടെ ആണ് പിന്നീട് കടന്നുപോയത്. ആ ചിതയിൽ അകപ്പെട്ടു പ്രണയവശരായ പറ്റു ബുക്കും പേനയും കത്തിയമർന്നിരുന്നു. 

വീണ്ടും ദിവസങ്ങൾ കടന്നുപോയി. അരവിന്ദേട്ടൻ്റെ കട പിന്നീട് തുറന്നിട്ടില്ല. എന്നാൽ അമ്മാമയുടെ കടയിൽ പഫ്‌സും സ്വീറ്റനയും സമോസയും വന്നു എന്ന സന്തോഷവാർത്ത ഞങ്ങളെ വീണ്ടും ഊർജസ്വലരാക്കി. ഞങ്ങൾക്ക് അന്യമായിരുന്ന രസ്നയുടെ രുചി നാവിലെ മുകുളങ്ങൾക്കു പുതുരുചി സമ്മാനിക്കും.

അരവിന്ദേട്ടൻ്റെ കടയിലെ പറ്റുബുക്കിൽ ഏറ്റവും കൂടുതൽ കയ്യൊപ്പ് പതിപ്പിച്ചിരുന്നത് ആടച്ചൻ എന്ന അരുൺ. സി  ആയിരുന്നു. ആ വകയിൽ അരവിന്ദേട്ടന് വല്യ ഒരു തുകയും കൊടുക്കാൻ ഉണ്ടായിരുന്നു. പിന്നീട് പല കഥകളും പാണന്മാർ  ഇറവങ്കര ദേശത്തു പാടി നടന്നു. അതൊക്കെ നമുക്ക് ഊഹിക്കാവുന്നത് മാത്രം.

****************

5. സുഗ്രീവൻ്റെ പ്രതികാരം 

മഹേഷ് നല്ലൊരു കലാകാരൻ ആണ്. ജന്മനാ സ്വായത്തമാക്കിയ ചിത്ര രചന, അതിനു സ്കൂളിൽ  അവനെ തോൽപ്പിക്കാൻ അവനു മാത്രമേ കഴിയുകയുള്ളു. അവൻ്റെ വരകൾക്കു ഒരുപാട് അർഥങ്ങൾ ഉണ്ടായിരുന്നു. അധികം ആർക്കും നിർവചിക്കുവാനാകാത്ത പലതും ആ ചിത്രങ്ങളിൽ ഒളിഞ്ഞു കിടപ്പുണ്ടാകും.

മഹേഷ് എന്ന പേര് സ്കൂളിൽ ഉപയോഗിച്ചിരുന്നത് പഠിപ്പിച്ചിരുന്ന ടീച്ചർമാർ മാത്രം ആണ്. ഞങ്ങൾക്കിടയിൽ അവൻ സുഗ്രീവൻ ആണ്. അഡ്മിഷൻ എല്ലാം കഴിഞ്ഞു ക്ലാസുകൾ തുടങ്ങിയിട്ടും അഗ്രിക്കൾച്ചർ ക്ലാസ്സിൽ ഒരു വിദ്യാർത്ഥിയുടെ ഒഴിവു ഉണ്ടായിരുന്നു. ഒരിടത്തും അഡ്മിഷൻ ശരിയാകാതിരുന്ന ആ ചിത്രകാരൻ അവസാനം വന്നെത്തിയത് നമ്മുടെ ഇടയിലേക്ക്. 

ക്ലിൻ്റൺ അനൂപിൻ്റെ ഭാഷയിൽ പറഞ്ഞാൽ ദേവാസുരത്തിലെ പെരിങ്ങോടർ. മുക്തി കിട്ടാതെ അലഞ്ഞു തിരിഞ്ഞു അവസാനം വന്നു കയറിയവൻ. അവന് അവിടെ ഒരു സീറ്റും കൊടുത്തു. പക്ഷേ ആ സീറ്റ്  എന്നും കാലിയായി തന്നെ കിടന്നിരുന്നു. 

ഈ കഥയിലും മുരളിസാർ തന്നെയാണ് വില്ലൻ. കുട്ടികൾ ആരോ ഭിത്തിയിൽ ചെങ്കല്ല് കൊണ്ട് കുത്തിക്കൊറി വച്ചു. ഇറവങ്കര സ്കൂളിൻ്റെ സർവാധിപനായിരുന്ന മുരളിസാറിന് അത് അത്ര ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിലെ ഉറങ്ങിക്കിടന്നിരുന്ന അഡോൾഫ് ഹിറ്റ്ലർ ഉണർന്നു. യുദ്ധം പ്രഖാപിച്ചു. ഇതെല്ലാം കണ്ടുകൊണ്ടു നമ്മുടെ കലാകാരൻ സദയത്തിലെ ലാലേട്ടനെ പോലെ നിർവികാരനായി നിൽപ്പുണ്ടായിരുന്നു.

ഞായറാഴ്ചയുടെ ആയുസ്സ് അവസാനിച്ചതോടെ വീണ്ടും സൂര്യൻ ആകാശത്തു വെള്ളിമേഘ പാളികൾക്കിടയിൽ പ്രത്യക്ഷപെട്ടു. സ്കൂളിലെ കൂട്ടമണി അടിച്ചു. സ്കൂൾ ഉണർന്നു. കുട്ടികളും അധ്യാപകരും സ്കൂളിലേക്ക് എത്തിത്തുടങ്ങി. ഞങ്ങളുടെ കെട്ടിടത്തിലെ കോണിപ്പടികളുടെ അടിയിൽ ഒരു മനോഹര ചിത്രം ആരാലും കണ്ടെത്താനാകാതെ മറഞ്ഞു കിടപ്പുണ്ടായിരുന്നു. ആരുടെയോ സ്പർശനം കൊതിക്കുന്ന പോലെ ലാസ്യമായി മയങ്ങുകയായിരുന്നു. 

ഉച്ചയ്ക്കു അഡോൾഫ് ഹിറ്റ്ലറിൻ്റെ ആക്രോശം കേട്ടാണ് ഞങ്ങൾ എല്ലാം കോണിപ്പടിയുടെ അവിടെ എത്തിയത്. അവിടെ കുറച്ചുപേർ കൂടി നിൽക്കുന്നു. മുരളി സർ കോണിപ്പടിയുടെ ഉള്ളിലേക്ക് ചൂണ്ടി എന്തൊക്കെയോ വിളിച്ചു പറയുന്നു. ഞാൻ അകത്തേക്ക് കയറി നിന്നു എത്തി നോക്കി.

അതി മനോഹരമായ ഒരു ചിത്രം, ചെങ്കല്ലുകൊണ്ടും കരിക്കട്ടകൊണ്ടും ഒരു സ്ത്രീ രൂപത്തെ വരച്ചിരിക്കുന്നു . അസാധാരണമായ സൃഷ്ടി. അതിസുന്ദരമായ അംഗലാവണ്യം. മെഴുകിൽ കടഞ്ഞു വെച്ച മൂർത്തി ഭാവം പോലെ. ഒരുവേള മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ചുവർ ചിത്രത്തെ അനുസ്മരിപ്പിക്കും  പോലെ അസാമാന്യ ആകാര വടിവ്. 

ഒരിക്കലും ആ ചിത്രത്തിലെ നഗ്നതയിൽ അശ്ലീലമെന്നു തോന്നുന്ന,  അല്ലെങ്കിൽ  അറപ്പുളവാക്കുന്ന ഒന്നും തന്നെ കണ്ടെത്താൻ കഴിയില്ല. കാനായി കുഞ്ഞിരാമൻ്റെ അതിസുന്ദരിയായ മലമ്പുഴയിലെ യക്ഷിയുടെ മറ്റൊരു രൂപം. ആകർഷണനീയമായ  സൗന്ദര്യവും, ദൃഢതയാർന്ന മാറിടങ്ങളും, വടിവൊത്ത അരക്കെട്ടും, കടഞ്ഞെടുത്ത തുടകളും ആ ചിത്രത്തെ മറ്റൊരു വശ്യമാർന്ന യക്ഷിയെ പോലെ തോന്നിപ്പിക്കുന്നു. അഭിനന്ദനം അർഹിക്കുന്ന കലാസൃഷ്ടി തന്നെ.

ഈ ചിത്രത്തിൻ്റെ വർണ്ണനയിൽ നിന്നും എൻ്റെ മനസ്സ് പിന്മാറിയപ്പോഴും മുരളി സർ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. അദ്ദേഹത്തിൻ്റെ  വായിൽ നിന്നും ഞാൻ അവസാനം കേട്ട വാക്കുകൾ ഇതാണ്. "വരച്ചവൻ്റെ അമൂമ്മയുടെ രൂപം ആണ് ഇത്"

ഞാൻ പോകുവാനായി അവിടെ നിന്നും തിരിഞ്ഞു നടന്നു. അപ്പോൾ കണ്ടത് പ്രതികാര ദാഹം ശമിച്ചവനേ പോലെ ഇതെല്ലാം കണ്ടും കേട്ടും കൊണ്ട്  സുഗ്രീവൻ അവിടെ നിൽക്കുന്നു. മുഖത്ത്  മന്ദഹാസവും ഒരു ലോഡ് പുച്ഛവും പിന്നെ ലാലേട്ടനെ പോലെ ഒരു നിൽപ്പും. 

*************************** 

6 . കാക്കയുടെ ഫയർ 

കാക്ക സജിത്ത്, ഞങ്ങൾക്കിടയിൽ വളരെ പ്രശസ്തവും, പ്രസിദ്ധവുമായ നാമം. +2 കഴിഞ്ഞു പതിനെട്ടു കൊല്ലം കഴിഞ്ഞിട്ടും ഇന്നും ഈ പേരിലാണ് അവൻ അറിയപ്പെടുന്നത്. ഒരു ഗുണ്ടയുടെ പേര് പോലെ തോന്നിക്കുമെങ്കിലും ആള് ഭയങ്കര പാവം ആണ്. അവനു എങ്ങനെ കാക്ക എന്ന പേര് കിട്ടി എന്ന് അറിയില്ല. പക്ഷെ അവനു അനുയോജ്യമായ പേരാണ് അത് എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. കാക്ക സജിത്തിൻ്റെ അമ്മായി അതേ സ്കൂളിലെ UP അദ്യാപിക ആയതിനാൽ അവൻ അവിടെ അധികം വിളയാടിയിരുന്നില്ല. സർവോപരി മാന്യൻ ആണെന്ന് വരുത്തിത്തീർക്കുവാൻ ഉള്ള ശ്രമത്തിൽ  ആയിരുന്നു അവൻ.

ഉച്ചയൂണിൻ്റെ സമയം, ഞങ്ങൾ വിദ്യാർത്ഥികൾ പരസ്പരം കയ്യിട്ടുവാരിയും പങ്കിട്ടു എടുത്തും ഊണ് കഴിഞ്ഞു വായിനോക്കി വരാന്തയിൽ നിൽക്കുന്ന സമയം. 

(ഊണിൻ്റെ കാര്യം പറഞ്ഞപ്പോൾ ഒരു കാര്യം പറയാതെ ഇരിക്കാൻ പറ്റില്ല. സജിത്തിൻ്റെ അമ്മ പാകം ചെയ്തു കൊടുത്തു വിടുന്ന ബീറ്റ്റൂട്ട് മെഴുക്കുവരട്ടിയും ചമ്മന്തിയും അവനേക്കാൾ കൂടുതൽ കഴിച്ചിരുന്നത് ഞാൻ ആയിരുന്നു. ഇതെഴുതുന്ന ഈ സമയത്തും അന്നത്തെ ആ രുചി ഇപ്പോഴും നാവിൽ വെള്ളമായി പരിണമിക്കുന്നു).

ഞങ്ങൾ വായിനോട്ടം എന്ന കലാപരിപാടി തുടർന്നു. അകത്തു ഞങ്ങളുടെ ക്ലാസ്സ് മുറിയിൽ ആൺകുട്ടികളുടെ ജനാലയുടെ അരികിൽ കുറച്ചു അളിയന്മാർ കൂടി നിൽക്കുന്നു. ഞാനും ആശിഷും സജിത്തും ചെറിയാനും അത് നോക്കാനായി അകത്തു ചെന്നു. അപ്പോൾ കണ്ടത് അവിടെ കൂടി നിന്ന അളിയന്മാർ നോക്കുന്നത് ഒരു ഫയർ മാഗസിൻ ആയിരുന്നു. അന്ന് തരംഗം കൊള്ളിച്ച ഒരു ചിത്രം ആയിരുന്നു അത്. കേരളം മുഴുവൻ ഫയർ പോലെ കത്തിപ്പടരുന്ന ഒരു ചൂടൻ ചിത്രം. സംയുക്ത വർമ്മയുടെ മോർഫ് ചെയ്ത ഒരു ചിത്രം. എത്തി നോക്കി ചിത്രം കണ്ടു സായൂജ്യം അടഞ്ഞു. പെട്ടന്ന് ആണ് ഓർത്തത് സ്റ്റാഫ്‌ റൂം തൊട്ടു അടുത്താണെന്നുള്ള കാര്യം. ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കുവാനായി വാതിലിലേക്ക് നടന്നു നീങ്ങി. അതാ വരുന്നു ഞങ്ങളുടെ ബഹുമാന്യയായ ഷേർലി ടീച്ചറും, പ്രിയങ്കരിയായ  അഞ്ജന ടീച്ചറും പിന്നെ അഗ്രിക്കൾച്ചറിലെ രാജി ടീച്ചറും. 

പെട്ടന്ന് ഒന്ന് ഞെട്ടി. തലച്ചോറിൻ്റെ പ്രോസസ്സിംഗ് നടക്കുന്നില്ല. ആകെ സ്തബ്ദനായി നിന്നുപോയി. പെട്ടന്ന് സ്വബോധം വീണ്ടെടുത്ത കയ്യെത്തും ദൂരത്തു നിന്ന ആരൊക്കെയോ തോണ്ടി വിളിച്ചു പുറത്തേക്കു സ്കൂട്ടായി.

പാവം കാക്ക സജിത്ത് അകത്തായിപ്പായി. കൂട്ടം കൂടി നിൽക്കുന്ന അളിയന്മാരെ കണ്ടപ്പോൾ ഷേർളി ടീച്ചറിൻ്റെ ഉള്ളിൽ ഒരു വിളിപാടുണ്ടായി. പന്തികേട് തോന്നിയ ടീച്ചർ പതിയെ ക്ലാസ് മുറിക്കു അകത്തേക്ക് കയറി. ആരോ വിളിച്ചു പറഞ്ഞു ടീച്ചർ വരുന്നു എന്ന്. ഇത് കേട്ടതും മോർഫ് ചെയ്ത സംയുക്താ വർമ്മ ജനാലയിലൂടെ താഴേക്കു ചാടി ആത്മഹത്യക്കു ശ്രമിച്ചു. 

"എന്താടാ ഇവിടെ" എന്ന ടീച്ചറിൻ്റെ ചോദ്യത്തിന് മറുപടിയായി കോറസ് ഗാനം ആലപിക്കുന്ന പോലെ "ഒന്നുമില്ല ടീച്ചർ" എന്ന് എല്ലാരും ഒരേമനസ്സോടെ മറുപടി കൊടുത്തു. ടീച്ചർ തിരിച്ചു പോയ ആശ്വാസത്തിൽ എല്ലാരും വീണ്ടും ഒരേമനസ്സോടെ നെടുവീർപ്പ് ഇട്ടു. രക്ത സമ്മർദം സാധാരണ രീതിയിൽ ആയി.

പിന്നീട് ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് നടന്നത്. ഞങ്ങളെ പോലെ ഒരുപാട് കുട്ടികളെ കണ്ടിട്ടുള്ള ടീച്ചർ, ഞങ്ങളേ നന്നായി പഠിച്ചിട്ടുള്ള ടീച്ചർ നേരെ പോയതേ ചോറ്റുപാത്രം കഴുകുവാനല്ലായിരുന്നു. താഴെ ഇറങ്ങി സ്കൂൾ കെട്ടിടത്തിൻ്റെ പിന്നിൽ എത്തി, നേരേ ജനാലയുടെ താഴെ വീണു കിടന്ന ഫയർ മാഗസിൻ എടുത്തു. ടീച്ചറിന് കാര്യം മനസ്സിലായി. 

മുകളിൽ കയറിവന്ന ഷേർളി ടീച്ചർ ദേഷ്യ ഭാവത്തോടെ ചോദിച്ചു "ആരാടാ ഇത് ഇവിടെ കൊണ്ടുവന്നത്". ചോദ്യം നേരേ  മുൻപിൽ നിന്ന ലിതിനോട്.

ലിതിൻ  ഷേർലി ടീച്ചറിൻ്റെ ചോദ്യശരത്തിനു മുന്നിൽ ഒന്ന് പകച്ചെങ്കിലും. തൊട്ടു അടുത്ത നിന്ന കാക്ക സജിത്തിനെ ചൂണ്ടി കാണിച്ചു മെയ്‌വഴക്കം വന്ന ഒരു കടത്തനാടൻ അഭ്യാസിയെ പോലെ ആ ചോദ്യശരത്തിനു മുന്നിൽ നിന്നും ഒഴിഞ്ഞുമാറി. എന്നിട്ടു വാല് മുറിയാതെ  രക്ഷപെട്ടല്ലോ എന്നോർത്ത് ഒരു നെടുവീർപ്പും. 

ഷേർലി ടീച്ചർ കാക്കയുടെ നേരെ തിരിഞ്ഞു. കാക്കയുടെ മുഖഭാവം മാറിത്തുടങ്ങി. മുഖം ആകെ വിളറി. എന്തുപറയണം എന്ന് അറിയാതെ കാക്ക പരുങ്ങി. മുന്നിലേക്ക് ഇട്ടു തന്ന ഒരു ഉരുള ബലിച്ചോറിൽ വിഷം ഉണ്ടെന്നു അറിയാതെ കൊത്തിയ ആ ബലികാക്കയുടെ ചിറകുകളും നൈമിഷികമായി  ബന്ധിക്കപ്പെട്ടു.

ഷേർലി ടീച്ചർ തുടർന്നു , "ഇത് ഞാൻ നിൻ്റെ അമ്മായിയുടെ അടുക്കൽ എത്തിക്കും" 

(ഷേർലി ടീച്ചർ വീട്ടിൽ പറയും എന്ന് പറഞ്ഞാൽ പറഞ്ഞിരിക്കും, അതിൻ്റെ ഏറ്റവും വല്യ തെളിവുകൾ ആണ് എനിക്ക് ആ കാലത്തു വീട്ടിൽ നിന്നും കിട്ടിയിരുന്ന അടികൾ. ഞാൻ എന്ത് ഉഡായിപ്പുകളും സ്കൂളിൽ കാണിച്ചാലും  അന്ന് ആ ന്യൂസ് ഒരു ടെലിഫോൺ കാളിലൂടെ വീട്ടിൽ എത്തിയിരിക്കും )

കാകൻ പിന്നെ ഒന്നും നോക്കാതെ പൊട്ടിക്കരഞ്ഞു. "എനിക്ക് ഒന്നും അറിയില്ല, ഈ ഫയർ എൻ്റെ അല്ല" 

പോത്ത് പോലെ വളർന്ന ഒരു പക്ഷിയുടെ കരച്ചിൽ കണ്ടിട്ട് ആകണം ഷേർലി ടീച്ചർ ഒന്നും പറയാതെ മടങ്ങി. 

ആ സംഭവത്തിന് ശേഷം അദ്യാപകർ എല്ലാരും തന്നെ വളരെയധികം ശ്രദ്ധയോടെ ആണ് ക്ലാസ്സിൽ പഠിപ്പിക്കാൻ വന്നിട്ടുള്ളത്.

************************************


7. ചെരുപ്പുകുത്തികൾ 

അഞ്ജന ടീച്ചർ COBOL പഠിപ്പിച്ചിരുന്ന കാലം. വളരെ കരുതലും സ്നേഹമുള്ള അദ്യാപിക ആയിരുന്നെങ്കിലും പഠിപ്പിക്കുന്ന കാര്യത്തിൽ കർക്കശമായ നിലപാടുകൾ  എടുത്ത് കടമകൾ നിറവേറ്റിയിരുന്ന ഒരു അദ്യാപിക ആയിരുന്നു. ഇടക്കിടെ പരീക്ഷ നടത്തുക, എമ്പൊശിഷൻ എഴുതിക്കുക, പുറത്തിറക്കി നിർത്തുക തുടങ്ങിയ ആചാരങ്ങൾ എല്ലാം പാലിച്ചു പോന്നിരുന്നു. എങ്കിലും ഞങ്ങൾക്ക് ടീച്ചറിനെയും ടീച്ചറിന് ഞങ്ങളെയും ഒരുപാട് കാര്യം ആയിരുന്നു.

കെമിസ്ട്രി ഗസ്റ്റ് ലെക്ചറർ ശ്രീരേഖ ടീച്ചർ ഒരു കൂട്ടുകാരിയെ പോലെ ഫ്രീ ആയി ഇടപെടുന്ന ടീച്ചർ ആയിരുന്നു. ടീച്ചറിൻ്റെ ക്ലാസുകൾ ഞങ്ങൾക്കെല്ലാം താല്പര്യം ഉള്ള ക്ലാസ്സുകൾ ആണ്. അതിന് കാരണം അറ്റൻഡൻസ് കഴിഞ്ഞു മുങ്ങിയാലും ടീച്ചറിന് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.

ഞങ്ങളുടെ ക്ലാസ്സ് മുറികൾക്കെലാം ഒരു പ്രത്യേകത ഉണ്ട്. ജനാലകൾക്കെല്ലാം കുരിശ്  പോലെ  ഒരു ബാർ ഉണ്ടാകും കുറച്ചൂടെ കൃത്യമായി പറഞ്ഞാൽ നെടുകയും കുറുകയും ഓരോ തടിക്കഷണം. രണ്ടാം നിലയിൽ നിന്നും അതിലൂടെ ഇറങ്ങിയാൽ ഒന്നാം നിലയുടെ ഷേഡിലേക്കു ചാടാം അവിടെ നിന്നും തൂങ്ങി ഇറങ്ങിയാൽ ഭൂമി ദേവിയുടെ മുകളിൽ നമ്മുടെ പാദങ്ങൾക്കു സ്പർശിക്കാം.

അറ്റൻഡൻസ് എടുത്തു കഴിഞ്ഞു ബോർഡിലെ പഴയ എഴുത്തുകൾ മായ്ച്ചു കളഞ്ഞു തിരിഞ്ഞു നോക്കുമ്പോഴേക്കും കുറെയെണ്ണം ചാടിയിട്ടുണ്ടാകും. വീണ്ടും ബോർഡിൽ Calcium carbonate reacts with hydrochloric acid to form carbon dioxide gas, 2HCl (aq) + CaCO 3(s) CaCl 2 (aq) + CO 2(g) + H 2 O (l) എന്നെഴുതി തിരിയുമ്പോഴേക്കും ആടച്ചൻ ഒഴികെ മറ്റെല്ലാ ആൺകുട്ടികളുടെയും കാൽപാദങ്ങൾ ഭൂമിയിൽ സ്പർശിച്ചിട്ടുണ്ടാകും. അങ്ങനെ ക്ലാസ്സ് കട്ട് ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് ഇതെഴുതുവാനുള്ള ഊർജവും, ഉള്ളടക്കവും, ഗൃഹാതുരതയും ഉണ്ടാവുകയില്ലാരുന്നു.

അങ്ങനെ അഞ്ജന ടീച്ചർ പതിവ് പോലെ നിശ്ചയിച്ച ക്ലാസ്സ് ടെസ്റ്റ് വന്നെത്തി. രാവിലെ രണ്ടു പീരീഡ് കഴിഞ്ഞുള്ള ഇടവേളയിൽ ഈ ക്ലാസ് ടെസ്റ്റിൽ നിന്നും എങ്ങനെ രക്ഷപെടും എന്ന ആലോചന നടന്നുകൊണ്ടിരിക്കവേ പിന്നിൽ നിന്നും ഒരു വിളി എത്തി. വള്ളിക്കാവും, ഞാനും, ചെറിയാനും, സജിത്തും അടങ്ങുന്ന സംഘം തിരിഞ്ഞു നോക്കി. ആ ശബ്ദത്തിൻ്റെ ഉടമ ശ്രീരേഖ ടീച്ചർ ആണ്. എന്താണ് ടീച്ചറെ ? ഞങ്ങൾ ചോദിച്ചു. " എടാ എൻ്റെ ചെരുപ്പ് പൊട്ടി പോയി, അടുത്ത് എവിടെ ഉണ്ട് ചെരുപ്പ് ശെരിയാക്കുന്ന സ്ഥലം. 

ഞങ്ങൾ പരസ്പരം നോക്കി. എല്ലാരുടെയും തലക്കു മുകളിൽ 100 വാട്ട്സ് ബൾബ് ഒന്നിച്ചു കത്തി. അത് അങ്ങനെയാണല്ലോ!!!!, 

എല്ലാർക്കും ജീവിതത്തിൽ പല അവസരങ്ങൾ പല രീതിയിൽ വരും. അന്ന് ഞങ്ങളുടെ മുൻപിൽ വന്ന അവസരം പൊട്ടിപ്പോയ ഒരു പാദുകത്തിൻ്റെ രൂപത്തിൽ ആയിരുന്നു. സത്യസന്ധത കാരണം സ്വർണ്ണ കോടാലി നദിയിൽ നിന്നും എടുത്ത് കൊടുത്ത ദേവതയെ പോലെ ഞങ്ങളുടെ മുൻപിൽ പൊട്ടിയ ചെരുപ്പ് വെച്ച് നീട്ടി നിൽക്കുന്നു ശ്രീരേഖ ടീച്ചർ. വള്ളിക്കാവ് ചാടി വീണു ആ സ്വർണ്ണ പാദുകത്തെ മാറോടു അണച്ചു.

ആ ചെരുപ്പുമായി ഞങ്ങൾ അതിശീക്രം ചെരുപ്പുകുത്തിയെ അന്വേഷിച്ചു നടന്നു. കോണിപ്പടിയിറങ്ങി വന്നപ്പോൾ  കൊപ്രയും കൂടെ കൂടി. സ്കൂളിൻ്റെ മുറ്റത്തു ഇറങ്ങി ബദാം മരത്തിൻ്റെ അടിയിലൂടെ മുള്ളുവേലികളാൽ ഇരുവശവും കെട്ടിയ ഇടവഴിയിലൂടെ നടന്നു. 

അഞ്ജന ടീച്ചറിൻ്റെ പരീക്ഷയിൽ നിന്നും മുങ്ങാൻ കിട്ടിയ അവസരത്തെ ഞങ്ങൾ വിവേകപൂർവ്വമായ തീരുമാനത്തിലൂടെ അതിജീവിച്ചിരിക്കുന്നു എന്ന ഗർവ്വിൽ ഓരോ ചുവടും മുന്നോട്ടു വെച്ചു. കളിച്ചും ചിരിച്ചും പച്ച പരവതാനി വിരിച്ച നൂറേക്കറിൻ്റെ വിരിമാറിലൂടെ ഞങ്ങൾ സന്തോഷത്തിൻ്റെ നൗക തുഴഞ്ഞുകൊണ്ടിരുന്നു. 

അൽപ്പം മുന്നോട്ടു നീങ്ങിയപ്പോൾ ഒരു പേരമരം കണ്ടു. കുറച്ചു പഴുത്ത പേരയ്ക്ക അങ്ങിങ്ങായി തൂങ്ങി നിൽക്കുന്നു. ചിലതിൽ വാവലുകൾ ചുംബിച്ചിട്ടുണ്ട്. അവയുടെ സാമ്രാജ്യത്തിൻ്റെ അധികാര പരിധിയിൽ പെട്ട പേരയ്ക്കകൾ ഒഴിവാക്കി ബാക്കി പറിച്ചെടുക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. പക്ഷേ ആര് കയറും ആ പേരമരത്തിൽ. എല്ലാവർക്കും ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു. ഞങ്ങൾ എല്ലാവരും അവനെ നോക്കി. സൈക്കിളിൻ്റെ ഗ്രീസ് പറ്റിയ സ്വർണ്ണ കളർ പാൻറ്റിട്ട വള്ളിക്കാവ്.

വള്ളിക്കാവിനു അഭിമാനം തോന്നി. ബാഹുബലിയിലെ അമരേന്ദ്ര ബാഹുബലിയെ പോലെ അവൻ നാല് വിരലുകൾ നാല് അസ്ത്രം എന്ന പോലെ കൈകൾ പിടിച്ചു പേരമരത്തിൽ ചാടി കയറി. അതാ കാലകേയനെ പോലെ ഒരു അസത്ത് നായ കുരച്ചു കൊണ്ട് ഞങ്ങളുടെ നേരേ പാഞ്ഞു അടുക്കുന്നു. പിന്നെ ഒരു ഓട്ടം ആയിരുന്നു. വള്ളിക്കാവും ആ പട്ടിയെ വെട്ടിച്ചു ഒരു വാനരൻ്റെ മെയ്‌വഴക്കത്തോടെ ചാടി ഓടി. ആ ഓട്ടം ചെന്ന് നിന്നതു കൊച്ചാലും മൂട്ടിൽ ആയിരുന്നു. അതിനിടയിൽ ഉണ്ടായിരുന്ന കല്ലും മുള്ളും നിറഞ്ഞ വഴികളോ കയ്യാലകളോ ഒന്നും തടസ്സമായിരുന്നില്ല. എങ്ങനെയും  ചെരുപ്പുകുത്തിയുടെ അടുത്ത് എത്തുക എന്ന ലക്ഷ്യം മാത്രം.

യാത്ര അതിൻ്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നു. ശരിയാക്കിയ ചെരുപ്പുമായി തിരികെ സ്കൂളിൽ എത്തുമ്പോൾ അഞ്ജന ടീച്ചർ ക്ലാസ്സിൽ പരീക്ഷ നടത്തുന്നു. തിരികെ ചെരുപ്പ് ശ്രീരേഖ ടീച്ചറിനെ ഏൽപ്പിക്കുമ്പോൾ യുദ്ധത്തിൽ ജയിച്ച യോദ്ധാവിനെ പോലെ ആത്മാഭിമാനം തോന്നി. ടീച്ചറിൻ്റെ നന്ദി വാക്കും ഏറ്റുവാങ്ങി തിരികെ ക്‌ളാസ്സിൻ്റെ മുൻപിൽ എത്തിയപ്പോൾ അഞ്ജന ടീച്ചർ തടഞ്ഞു. "നീയൊന്നും ഇനി മേലാൽ ക്ലാസ്സിൽ കയറില്ല എന്ന്  മാത്രമല്ല നിനക്കൊന്നും ഇൻ്റെർനൽ  മാർകും തരില്ല" വീരന്മാരുടെ ധൈര്യം ചോർത്തിയ വാക്കുകൾ. പടക്കളത്തിൽ വെട്ടേറ്റു വീണ നിലാരംബരായ പടയാളികൾ.

ഒരു ആപത്തിൽ ഞങ്ങൾ സഹായിച്ച ശ്രീരേഖ ടീച്ചറിൻ്റെ അടുത്തേക്ക് പ്രത്യുപകാരം ചോദിച്ചു ഞങ്ങൾ അണിനിരന്നു. ടീച്ചർ കൂടെ വന്നു അഞ്ജന ടീച്ചറിനോട് റിക്വസ്റ്റ് ചെയ്തു ഞങ്ങളെ ക്ലാസ്സിൽ കയറ്റി. 

ശേഷം അഞ്ജന ടീച്ചറിൻ്റെ നിർബന്ധ പ്രകാരം വെള്ളപേപ്പറിൽ പേരെഴുതി പരീക്ഷ പേപ്പർ കൊടുത്തു.

*********************************

8. കാക്കയുടെ റാഗിങ് 

മുൻപ് പറഞ്ഞപോലെ കാക്ക സജിത്തിൻ്റെ അമ്മായി അതേ സ്കൂളിൽ അദ്യാപനവർത്തിയിലുള്ളതിനാൽ അവൻ്റെ ലീലകൾ അധികം ആ ക്യാമ്പസ്സിൽ നടന്നിരുന്നില്ല. അവനോടു അടുത്ത് ഇടപഴകുന്നവർക്കു മനസ്സിലാകും ലീലകൾ കുറച്ചു അധികം ഉണ്ടെന്നും അത് ഉള്ളിൽ ഉറക്കി കിടത്തിയിരിക്കുയാണെന്നും. എന്നിരുന്നാലും ഉള്ളതുകൊണ്ട് ഓണം പോലെ എന്ന അർത്ഥത്തിൽ കലാലയ ജീവിതത്തെ കാക്ക ചാഞ്ഞും ചരിഞ്ഞും  നോക്കി വീക്ഷിച്ചുകൊണ്ടിരുന്നു. 

രണ്ടാം വർഷം. സീനിയർസ് ആയി സ്ഥാനക്കയറ്റം കിട്ടിയ ആവേശത്തിലും ആഘോഷത്തിലും മതിമറന്നു നടന്നു. ചെറിയ ചെറിയ റാഗിങ്ങുകളുമായി  ജൂനിയർസിൻ്റെ ഇടയിലേക്ക് അധിനിവേശം നടത്തിക്കൊണ്ടേയിരുന്നു. പ്രേത്യേകിച്ചു ക്ലാസ് ഇടവേളകളിൽ വരാന്തയിൽ പോയി സുന്ദരികളായ പെൺകുട്ടികളെ വായിനോക്കി നിൽക്കുക പതിവായിരുന്നു. അത് ഒരു അവകാശമായി തന്നെ ഞങ്ങൾ കണ്ടു. 

അന്ന് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫാസിസ ചിന്താഗതിയും  അധികാരവർഗ്ഗത്തിൻ്റെ അജണ്ടയും  നടപ്പാക്കുന്ന സ്കൂൾ അധികാരികൾ റാഗിങ്ങിനെ എതിർത്ത് നവാഗതർക്ക് സംരക്ഷണ കവചം ഒരുക്കിയിരുന്നു. ആ സംരക്ഷണ കോട്ട തകർക്കുവാൻ പലവുരു ശ്രമിച്ച ചേകവന്മാരായ ഞങ്ങൾക്കാകട്ടെ എപ്പോഴും താക്കീത് മാത്രമാണ് കിട്ടിയിരുന്നത്. എന്നിരുന്നാലും പാർശ്വവൽക്കരിക്കാനിട നൽകാതെ കോട്ടയുടെ ബലക്ഷയം സംഭവിച്ച വിള്ളലുകളിലൂടെ ഞങ്ങൾ ആക്രമണം നടത്തിക്കൊണ്ടിരുന്നു. 

ഒരു ദിവസം എന്നത്തേയുംപോലെ കയ്യിട്ടു വാരി തിന്നും പങ്കിട്ടെടുത്തും ഉച്ചയൂണ് കഴിഞ്ഞു വരാന്തയിൽ ഞങ്ങൾ വായിനോക്കി നിൽക്കുമ്പോൾ അതാ വരുന്നു ഒരു ജൂനിയർ പയ്യൻ. അവൻ്റെ നോട്ടത്തിനു അൽപ്പം മൂർച്ച കൂടിയോ എന്നൊരു സംശയം ഞങ്ങളെ ചൊടിപ്പിച്ചു. 

SCENE -1 

കൂടെ നിന്ന ചെറിയാൻ പിറുപിറുത്തു "അളിയാ അവനെ അങ്ങ് പൊക്കിയാലോ"

സജിത്ത് : " വേണ്ടടാ വെറുതെ പ്രശ്നത്തിന് പോകേണ്ട." (അമ്മായിടെ മുഖം അവൻ്റെ  ഉള്ളിൽ തെളിഞ്ഞു)

ആശിഷ്: "അല്ല അളിയാ , അവനെ പൊക്കാം "

ഞങ്ങളുടെ കൂടെ അരുൺ ജിയും കൂടി മുകളിലത്തെ നിലയിൽ ഏറ്റവും അറ്റത്തു അവനെ കൊണ്ടുപോയി.

ചോദ്യം: "എന്താടാ നിനക്കു ഒരു ചൊറിച്ചിൽ"

ഉത്തരം: "ഇല്ല ചേട്ടാ ഒന്നുമില്ല"

ചോദ്യം: "നീ എന്തുവാ നോക്കി ചെറയുന്നുണ്ടായിരുന്നല്ലോ"

ഉത്തരം: "അങ്ങനെയൊന്നും ഇല്ല ചേട്ടാ വെറുതെ......"

"നിൻ്റെ അഹങ്കാരം ഇന്ന് തീർത്തുതരാം. എടുക്കട പുഷ്അപ്"

അപ്പോഴേക്കും അമ്മായിയെ മറന്നു കാക്ക സജിത്തിലെ ക്രിമിനൽ ഉണർന്നു.

സജിത്ത്: "ഷർട്ട് ഊരിയിട്ട് എടുക്കട പുഷ്അപ്" സിംഹ ഗർജ്ജനം പോലെ കാക്ക സജിത്ത് ഗർജ്ജിച്ചു.

ആശിഷ് അവൻ്റെ ഷർട്ട് ഊരി  വാങ്ങി. അവൻ പുഷ്അപ് എടുക്കാൻ തുടങ്ങി.

വിവരം എങ്ങനെയോ സജിത്തിൻ്റെ അമ്മായിയുടെ ചെവിയിൽ മന്ദമാരുതൻ എത്തിച്ചു.

അമ്മായി കൊടുങ്കാറ്റു പോലെ മുകളിലേക്ക് കയറി വന്നതും ആശിഷ് കാക്കയുടെ ചൂണ്ടി നിന്ന വിരലിലേക്ക് ആ പയ്യൻ്റെ ഷർട്ട് ഇട്ടു കൊടുത്തതും ഒന്നിച്ചു ആയിരുന്നു. മാത്രമല്ല  ഒപ്പം നിന്ന ഞങ്ങൾ അവിടെ നിന്നും മുങ്ങിയതായി ഔദ്യോഗികമായി അറിയിച്ചു.

SCENE -2  

അമ്മായി നോക്കുമ്പോൾ ഊരിപ്പിടിച്ച വാളുമായി അങ്കം വെട്ടാൻ നിൽക്കുന്ന ഗോത്ര വർഗ്ഗത്തിലെ ആരോമലിനെ പോലെ ചൂണ്ടിയ വിരലിൽ ഷർട്ടുമായി നിൽക്കുന്നു കാക്ക സജിത്ത്.

അമ്മായി ആ പയ്യനെ പറഞ്ഞുവിട്ടു. എന്നിട്ടു സജിത്തിനോടായി പറഞ്ഞു " നീ ഇന്ന് വീട്ടിൽ വാ, നിൻ്റെ കാര്യം ഞാൻ ശരിയാക്കി തരാം" പിന്നെയും എന്തൊക്കെയോ വഴക്കു പറഞ്ഞിട്ട് അവർ മടങ്ങി.

പുരുഷാരം നോക്കി നിൽക്കേ ചിറകുകൾ വെട്ടിമാറ്റപ്പെട്ട കാക്കയെ പോലെ അപമാന ഭാരവും പേറി സജിത്ത് ഇളിഭ്യനായി നിൽക്കുമ്പോൾ പിന്നിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു. "അളിയാ പോട്ടെ സാരമില്ല" ഒരുപാട് ഊർജം പകർന്നിട്ടുള്ള വാക്കുകൾ.

********************************


9. പലവിധ സമരങ്ങൾ 

പ്രീഡിഗ്രി പഠിക്കുവാനുള്ള അവസരം നിഷേധിച്ചു സർക്കാർ ഞങ്ങളെ കുട്ടികളെ പോലെ കാണുവാൻ വേണ്ടി ആണത്രേ ഹയർ സെക്കണ്ടറി സിസ്റ്റം കൊണ്ടുവന്നത്. അതിനാൽ ഞങ്ങൾക്ക് നിഷ്കരുണം നിഷേധിക്കപ്പെട്ടത് കണ്ടതിനും കാണാത്തതിനും തോന്നിയതിനും തോന്നാത്തതിനും സമരം ചെയ്യുവാനുള്ള അവകാശത്തെ ആണ്. 

പൂർവികർ സമരം നടത്തി ചോര ചാലുകൾ തീർത്തത് ഭാവി തലമുറക്ക് ഉപാധികൾ ഇല്ലാതെ ജീവിക്കുവാൻ വേണ്ടി ആണ് എങ്കിൽ ഞങ്ങൾ സമരം നടത്തിയതൊക്കെയും ചോരത്തിളപ്പിൻ്റെ ഭാഗം ആയിട്ടായിരുന്നു. 

സമരം - 1, പ്രാദേശിക ഹർത്താൽ 

കേരളത്തിൽ ഏതു പാർട്ടികൾ വിദ്യാഭ്യാസ ബന്ദ് നടത്തിയാലും ഞങ്ങളും കാണും അത് ക്യാമ്പസ്സിൽ പ്രതിഫലിപ്പിക്കുവാൻ. അന്ന് ഞങ്ങൾ എല്ലാവരും ആ പാർട്ടിയുടെ പ്രവർത്തകർ ആയിരിക്കും. നിവർത്തിയില്ലാതെ സ്കൂൾ അധികാരികൾ സ്കൂൾ അടക്കാൻ അനുമതി തരും. പിന്നെ ആഘോഷമാണ്. 

സമരം - 2, ബസ് തടയുക 

അല്ലെങ്കിലും ബസ്സ് തൊഴിലാളികൾ ഇങ്ങനെ ആണ് . സ്കൂൾ കുട്ടികളെ കണ്ടാൽ ചൊറിച്ചിൽ ആണ്. കാരണം വെറും അൻപത് പൈസക്ക് വേണമല്ലോ ഇതുങ്ങളേ ചുമക്കുവാൻ എന്ന ചിന്തയാണ് അവർക്ക്. പക്ഷെ ഇന്നത്തെ വിദ്യാർഥികൾ ആണ് നാളെ ഭരണ ചക്രം തിരിക്കേണ്ടി വരിക എന്ന സിദ്ധാന്തങ്ങളൊന്നും അവർ മനസ്സിലാക്കില്ല.

അപ്പോൾ മനസ്സിലാകാത്തവരെ എന്ത് ചെയ്യണം? മനസ്സിലാക്കി കൊടുക്കണം. അതിനു എന്ത് ചെയ്യണം? ബസ് സ്റ്റോപ്പിൽ തടയണം. 

തടഞ്ഞു പലതവണ. ഇനിയും നീയൊക്കെ ബസ് നിർത്താതെ പോകാൻ ശ്രമിച്ചാൽ നിൻ്റെയൊക്കെ ബസ്സിൻ്റെ ചില്ല് പൊട്ടിക്കും എന്ന് സ്കൂളിൻ്റെ അഞ്ഞൂറ് മീറ്റർ ചുറ്റളവിൽ താമസിക്കുന്ന, നടന്നു സ്കൂളിൽ പോയി വരുന്ന ക്ലിൻ്റെൺ  അനൂപിൻ്റെ വാക്കുകൾക്ക് മുൻപിൽ ബസ് തൊഴിലാളികൾ തലകുനിക്കേണ്ടി വന്നു എന്നതാണ് സത്യം.

സമരം - 3, പൈപ്പ് പൊട്ടിക്കൽ - ചീറ്റി പോയ സമരം.

എന്ത് കാരണം കൊണ്ട് സമരം ചെയ്യും എന്ന് ആലോചിച്ചപ്പോഴാണ് ഞങ്ങൾക്ക് അനുവദിച്ചു തന്ന പൈപ്പ് കണ്ണിൽപെട്ടത്. എന്നും വെളുപ്പിനെ തൊട്ടടുത്ത ട്യൂഷൻ സെൻ്ററിൽ പഠിക്കാൻ വരുന്ന സമയം ആരും കാണാതെ പൈപ്പ് പൊട്ടിക്കുക. എന്നിട്ടു അത് പൊട്ടിയതിൻ്റെ പേരിൽ അന്ന് പഠിപ്പ് മുടക്കണം. അന്ന് പക്ഷെ പ്ലാൻ എക്സിക്യൂട്ട് ആയില്ല. മിനക്കെട്ടതും കുറെ വെള്ളം കളഞ്ഞതും മിച്ചം. മുരളിസാർ എവിടുന്നോ ആളെ കൊണ്ടുവന്നു നിമിഷങ്ങൾക്കുള്ളിൽ പുതിയ പൈപ്പ് ഫിറ്റ് ചെയ്തു.


(എഴുത്തു തുടരുന്നു).......

10 കല്യാണം 

11 നടുറോഡിലെ ഗുണ്ടായിസം 

12 കാക്കയും വീണയും 

13 ബ്രഡ് 

14 കഴുതകളി 

15 യൂത്ത് ഫെസ്റ്റിവൽ 

16 കൊപ്രയുടെ അങ്കം വെട്ട് 

17 മുണ്ട് 



സെപ്റ്റംബർ 09, 2021

നെരിപ്പോട്

(ഒരു പരിചിതൻ്റെ ജീവിതവുമായി ബന്ധപ്പെട്ടത്)


      ന്നെ വെള്ളപുതച്ചു വീടിൻ്റെ  മുൻവശത്തു കിടത്തിയിരിക്കുന്നു. ആരൊക്കെയോ വന്നു പോകുന്നു. ചിലർ കരയുന്നു മറ്റുചിലർ അടക്കം പറയുന്നു. ഇനി ഒരു ഉദയം ഇല്ലാതെ ഞാൻ  അസ്തമിച്ചിരിക്കുന്നു.

മരണം ഒരു സത്യമായ വേർപാട് ആണ്. യാഥാർഥ്യം  മനസ്സിലാക്കാൻ സമയം എടുത്താലും അത് ഒരു പരമ സത്യമായ വേർപാട്.  ഇനി ഒരു തിരിച്ചുവരവില്ലാത്ത  വേർപാട്. ചുട്ടുപൊള്ളുന്ന, കണ്ണെത്താ ദൂരത്തോളം മണൽ പരന്നു കിടക്കുന്ന മരുഭൂമിയിൽ ഏകനായി നിൽക്കുന്ന അവസ്ഥ. കണ്ണുകളിൽ വിഷാദവും നിസ്സഹായതയും ഒരുപോലെ നിഴലിച്ചിരുന്നു.

എനിക്ക് വേണ്ടി ഒരു വൃക്ഷവും മണ്ണിൽ തലകുത്തുവാൻ പാടില്ല എന്ന് ഞാൻ ഏറെ ആഗ്രഹിക്കുന്നു. കാരണം ഒരു തൈ പോലും ഞാൻ നട്ടു വളർത്തിയിട്ടില്ല.  ഇനി ഞാൻ പറയുന്നത് ഒന്നും  ആർക്കും  കേൾക്കാൻ കഴിയില്ലല്ലോ. എൻ്റെ  ശബ്ദം അത്രയേറെ ലോപിച്ചു ഇല്ലാതായി പോയില്ലേ!! വൈദ്യുതി ശ്മശാനത്തിൽ എന്നെ ദഹിപ്പിച്ചിരുന്നെങ്കിൽ എത്ര  നന്നായിരുന്നു. എങ്കിൽ എൻ്റെ  ഉള്ളിലെ കുറ്റബോധത്തിനു ഒരൽപം കുറവു സംഭവിച്ചേനെ.

മഹത്തരമായ ഒരു കാര്യങ്ങളും ഞാൻ എൻ്റെ  സമൂഹത്തിനായി നൽകിയിട്ടില്ല.  എന്നിരുന്നാലും എൻ്റെ  അവസാന ദിവസം എന്നെ യാത്രയാക്കുവാൻ സമൂഹം അണിനിരന്നിട്ടുണ്ട്. കുറച്ചു ബന്ധുജനങ്ങൾ, അയൽക്കാർ അങ്ങനെ എല്ലാവരും. ഇന്ന് ആരും എന്നെ കുറ്റം പറയാൻ സാധ്യത ഇല്ല. കാരണം ഇന്ന് എൻ്റെ  ദിവസം ആണ്. ഞാൻ ആണ് ഇന്നത്തെ പ്രധാനി.

അകത്തെ മുറിയിൽ നിന്നും എൻ്റെ  ഭാര്യയുടെയും കുട്ടികളുടെയും കരച്ചിൽ കേൾക്കാം. കുട്ടികളുടെ ഭാരംകൂടി  ഭാര്യയിൽ നിഷിപ്തമാക്കിയിട്ടു ഞാൻ ഒളിച്ചോടുന്നു . ഇപ്പോൾ പശ്ചാത്താപം തോന്നുന്നു. എന്നാൽ പിണമായതിനു ശേഷം ഇനിയെന്തു? അവരുടെ ചിറകുകളും ആകാശവും ആകേണ്ടിയിരുന്ന ആൾ അല്ലെ ഞാൻ? 

എൻ്റെ ജീവിത യാത്രകൾ അത്ര കയ്പേറിയതല്ലെങ്കിലും ചിലയിടങ്ങളിൽ തോൽവികൾ എന്നെ നിഴല് പോലെ പിന്തുടർന്നിരുന്നു.  എൻ്റെ അച്ഛൻ്റെ കൈപിടിച്ച് ഞാൻ നടന്ന നല്ല ഓർമ്മകൾ എനിക്കില്ലാതെ പോയതുകൊണ്ടാകാം ഞാൻ എൻ്റെ  മക്കളെയും  ഒരിക്കലും ചേർത്ത് പിടിച്ചിരുന്നില്ല, അവരെ  മാറോടു ചേർത്ത് ഞാൻ ഒരിക്കൽ പോലും  ഉറക്കിയിട്ടില്ല. അവർക്ക്  അതിൽ പരിഭവം ഉണ്ടോ എന്ന് പോലും ഞാൻ അന്വേഷിച്ചിരുന്നില്ല. ഇന്ന് അവർ  ആണ് എൻ്റെ ചിതയ്ക്ക് തീ കൊളുത്തേണ്ടത്. ഒരുവേള എൻ്റെ മക്കൾ എന്നെ അഗ്നിയുടെ പുതപ്പിൽ  മൂടുമ്പോൾ എനിക്ക്  ആ താപം താങ്ങാൻ ആകുമോ? ഞാൻ ഭയചിത്തനായി. ഞാൻ ജന്മം കൊടുത്തവർ  എന്നെ അഗ്നിക്ക് ഇരയാകുന്ന, സമൂഹം അനുവദിച്ച പ്രക്രിയ. 

എൻ്റെ മക്കൾക്കും ആഗ്രഹം ഉണ്ടായിരുന്നില്ലേ എന്നോടൊപ്പം സന്തോഷത്തോടെ കളിച്ചു ചിരിച്ചു നടക്കാൻ, ഒന്നിച്ചു കയ്യുംപിടിച്ചു ഉത്സവങ്ങൾക്കു പോകാൻ, അവിടെ നിന്നും കളിക്കോപ്പുകൾ വാങ്ങുവാൻ,  ദൂരെ യാത്രകൾ ചെയ്യാൻ, അവർക്ക്  ആഗ്രഹമുള്ളതൊക്കെ അച്ഛൻ വാങ്ങി കൊടുക്കുവാൻ. 

അന്നു അവരെ കൂട്ടിക്കൊണ്ടു പോകേണ്ടിയിരുന്ന വഴികളിലൂടെയൊക്കെ ഇന്ന്  തനിച്ചു നടന്നുപോകുവാൻ  ഒരു ആഗ്രഹം. 

ദേഷ്യവും വാശിയും ഞാൻ കാണിച്ചിരുന്നു , എന്നാൽ അത് മുറിവേറ്റ മനസ്സിനെ മറ്റുള്ളവരിൽ നിന്നും മറച്ചു പിടിക്കാനുള്ള ഒരു തിരസ്കരണി മാത്രം  ആയിരുന്നു എനിക്ക്.

തോൽക്കുന്ന സന്ദർഭങ്ങളിൽ നെഞ്ചോടു ചേർത്തുപിടിച്ചു "സാരമില്ല കുഞ്ഞേ " എന്ന് പറയാൻ ഒരിക്കലും എന്തേ എനിക്ക് തോന്നിയിരുന്നില്ല. ഞാൻ  അത് എവിടെ നിന്നും പകർത്തിയെഴുതാൻ?  എപ്പോഴെങ്കിലും ഞാൻ അവരെ സന്തോഷിപ്പിച്ചിട്ടുണ്ടോ? 

ഞാൻ എന്നും മദ്യ ലഹരിയിൽ ആയിരുന്നു. എൻ്റെ  ഉന്മാദത്തിനും സന്തോഷത്തിനുമപ്പുറം ഞാൻ ഒന്നും കാണാൻ ശ്രമിച്ചിരുന്നില്ല. എനിക്ക് ചുറ്റും നുരയുന്ന ഗ്ലാസ്സുകളും ചുണ്ടിൽ എപ്പോഴും എരിയുന്ന സിഗരറ്റും  അല്ലാതെ വേറെ ഒന്നും കൂട്ടായി എനിക്ക് ഉണ്ടായിരുന്നില്ല. എൻ്റെ മാതാപിതാക്കളിൽ നിന്നും എനിക്ക് പകർത്തിയെഴുതുവാനും ഒന്നും തന്നെ  ഉണ്ടായിരുന്നില്ല. അവർ സ്നേഹത്തോടെ ഒന്നിച്ചു ഇരിക്കുന്നതും, യാത്രകൾ പോകുന്നതും ഞാൻ കണ്ടിട്ടില്ല. അവർ ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതുപോലും ഞാൻ കണ്ടിട്ടില്ല. എന്നെ സ്നേഹത്തോടെ ലാളിച്ചതും ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചതും ഒന്നും എൻ്റെ  ഓർമകളിൽ പോലും ഇല്ല. 

കഴിഞ്ഞ ജീവിതത്തെ കുറിച്ച് ഓർക്കുമ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ ഇന്ന് ഒരു പരേതൻ  മാത്രമാണ്. എൻ്റെ  കുട്ടികളോട് ചെയ്ത തെറ്റുകൾ തിരുത്താൻ എൻ്റെ  മനസ്സ് വൃഥാ ആഗ്രഹിക്കുന്നു. എന്നാൽ അവസരങ്ങൾ എന്നോ നഷ്ടപെടുത്തിയിരിക്കുന്നു. 

ഇന്ന് അവരുടെ അടുത്ത് ഇരിക്കാനും സ്നേഹിക്കാനും തലോടാനും ഒരു ആഗ്രഹം. അകന്നു പോയതൊക്കെയും ചേർത്തുവെച്ചു  ഊട്ടിയുറപ്പിക്കാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു.

അല്പം കഴിഞ്ഞാൽ  എനിക്ക് മണ്ണോടു ചെരുവാനുള്ള  സമയം ആകും. എന്നെ മുറ്റത്തേക്ക് എടുക്കും. എൻ്റെ  മക്കളും ചേർന്ന് എന്നെ കുളിപ്പിക്കും. കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ പോലും ഞാൻ അവരെ കുളിപ്പിച്ചിട്ടില്ല. തണുക്കുമ്പോൾ ചൂട് പകർന്നിട്ടില്ല. പക്ഷെ അവർ ഇന്ന് എൻ്റെ തണുത്തു മരവിച്ച മൃതദേഹം ജലത്താൽ ശുദ്ധീകരിക്കുന്നു......  

കാലിൻ്റെ പെരുവിരലുകൾ  ചേർത്ത് കെട്ടി, ദർഭ വിരിച്ച നിലത്തു പുതിയ വസ്ത്രം ഉടുപ്പിച്ചു മുറ്റത്തു വിരിച്ച വെള്ളയിൽ തെക്കോട്ടു തല വെച്ച്  കിടത്തി. പാദം മാത്രം വിട്ടിട്ട്  ശേഷം ഒരു ശുദ്ധവസ്ത്രം കൊണ്ടു പുതച്ച്, ചുറ്റും  വരപോലെ  അക്ഷതം ഇട്ട്, തലയ്ക്കൽ  നിലവിളക്കും ചന്ദനത്തിരിയുടെ  പുകയും,  കാൽക്കലും  ഇരുവശത്തും  തേങ്ങാമുറികളിൽ  കിഴികളും  തെളിയിച്ചു വെച്ചു.


അടുത്തത്  എനിക്കുള്ള അവസാന ഊട്ട്  ആണ്. കർമ്മി പറയുന്നത് പോലെ എൻ്റെ മക്കൾ  എനിക്ക് വേണ്ടി ക്രിയകൾ ചെയ്തു കൊണ്ടിരുന്നു. പവിത്രം  വിരലിൽ അണിഞ്ഞു, 

“ശിവാ ആപഃ സന്തു”

പിതൃക്കളെ സ്മരിച്ചു കൊണ്ട് അരി എടുത്ത് എള്ളും പൂവും വെള്ളവും  ചേർത്ത് വലതു  കൈമലർത്തി  വലത്തോട്ടു  തിരിച്ച് എൻ്റെ വായിൽ വായ്ക്കരി വെച്ചു, 

ഭൂമിയിലെ എൻ്റെ അവസാന ഊട്ട്, അതും എൻ്റെ  മക്കളുടെ കൈകളാൽ  തന്നെ. അവർ  കുഞ്ഞായിരുന്നപ്പോൾ  നാവിൽ ആദ്യത്തെ നുള്ള് വറ്റ് വെച്ചു കൊടുത്തത്  ഞാൻ ആയിരുന്നു. ഇന്ന് അവൻ ആ കടം ഭംഗിയായി  വീട്ടിയിരിക്കുന്നു.

ജനിക്കുമ്പോൾ മാതാപിതാക്കളും മരിക്കുമ്പോൾ മക്കളും ഊട്ടുന്നു. 

എൻ്റെ  മനസ്സ് വീണ്ടും പിടഞ്ഞു. സ്നേഹത്തോടെ മടിയിൽ ഇരുത്തി  എൻ്റെ കുട്ടികൾക്ക് ഞാൻ ഒരു ഉരുള ചോറുപോലും വാരിക്കൊടുത്തിട്ടില്ല. പക്ഷെ അവർ  ഇന്ന് എന്നെ ഊട്ടുന്നു. അവരുടെ  കൈകൾ വിറയ്ക്കുന്നത് ഞാൻ അറിയുന്നുണ്ട്. അച്ഛൻ നഷ്ടപെട്ട കുട്ടികളുടെ വേദനയാൽ ആകാം എന്ന് ഞാൻ ആശ്വസിച്ചു..!! 

കുറച്ചു ചോറ് ഉരുളകളാക്കി മാറ്റിവെച്ചിരിക്കുന്നു. എനിക്ക് മുൻപേ മരിച്ച മറ്റുള്ള ആത്മാക്കൾക്കു വിരുന്നു നൽകുവാൻ  വേണ്ടി, എന്നേ കൂട്ടികൊണ്ടു പോകുവാനായി വന്ന പരേതാത്മാക്കൾക്ക്  ആയിരിക്കാം. എൻ്റെ  മക്കൾ ഉരുള വാഴയിലയിൽ വെച്ച്  കൈകൊട്ടി വിളിച്ചു. എന്നാൽ ഒരു കാക്ക പോലും അത് സ്വീകരിച്ചില്ല. അവിടെയും എൻ്റെ  നിസ്സഹായത അതിൻ്റെ പാരമ്യത്തിലാണ്. 

അടുത്തത് എൻ്റെ മൃതദേഹത്തിനെ അഗ്നിയിൽ സംസ്കരിക്കുന്ന ചടങ്ങാണ്, എന്നെ പൂർവികരായ പരേതാത്മാക്കളുടെ ലോകത്തേക്ക് പറഞ്ഞയക്കുന്നതിനുള്ള ചടങ്ങ്. 

എൻ്റെ വാമഭാഗം ഇപ്പോഴും കണ്ണീരൊഴുക്കി അലമുറ ഇട്ടു കരയുകയാണ്. അവൾ എന്നെ ഇത്രേയുമധികം സ്നേഹിച്ചിരുന്നോ? അതൊന്നും കാണാൻ ഞാൻ ശ്രമിച്ചിരുന്നില്ല. ഭാര്യയെ സ്നേഹിക്കാനോ ബഹുമാനിക്കാനോ ഉള്ള മനസ്സ് ഞാൻ കാണിച്ചിരുന്നില്ല. അവളുടെ മനസ്സ് കാണാൻ പോലും ഞാൻ തയാറായിരുന്നില്ല. ഒരു താലിയും രണ്ടു കുഞ്ഞുങ്ങളെയും നൽകിയതിന് അപ്പുറം ഞാൻ ഒരു കരുതലും നൽകിയിട്ടില്ല എൻ്റെ ഭാര്യക്ക്. എന്നിട്ടും എന്നെ നഷ്ടപ്പെട്ടതിനെ കുറിച്ച് ഓർത്തു അവൾ കരയുന്നു. ആ കണ്ണുനീരിനു ഞാൻ അർഹനാണോ? വർഷങ്ങൾക്കു മുൻപ് കോട്ടും കുരവയും അകമ്പടിയായി  ഞാൻ അണിയിച്ച താലി ഇന്ന് അവൾ അഴിക്കേണ്ടി വരും. ആ നിമിഷം അവൾ കടന്നുപോകുന്ന മാനസികാവസ്ഥ എന്തായിരിക്കും? ഒരുപാട് സ്വപ്നങ്ങളുമായി എൻ്റെ  ജീവിതത്തിലേക്ക് കടന്നു വന്നവൾ ഇന്ന് മുതൽ ഒരു  വിധവ ആണ്. 

എനിക്ക് വേണ്ടി കുഴിമാടം തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു. ഉടൻതന്നെ ഞാൻ എൻ്റെ ഉറ്റവരെ വിട്ടിട്ടു യാത്രയാകും. എൻ്റെ കണ്ണുകൾ നനഞ്ഞു. ഇനിയും ഒരു  അവസരം കൂടെ കിട്ടിയിരുന്നെങ്കിൽ എൻ്റെ ഭാര്യക്ക് നല്ല ഒരു പാതി ആകുമായിരുന്നു. എൻ്റെ  കുട്ടികൾക്ക് ഞാൻ നല്ല ഒരു അച്ഛൻ ആകുമായിരുന്നു. അവരുടെ വ്യാകുലതകളിൽ അവരെ ചേർത്ത് പിടിക്കുമായിരുന്നു. അവരുടെ മനസ്സ് ഇടറിയാൽ പിന്നിൽ നിന്നും ഒരു താങ്ങായി മുന്നോട്ടു നടത്തിക്കാൻ ഒരു പ്രചോദനം ആകുമായിരുന്നു. പക്ഷേ അതിനൊന്നും ഇനി കഴിയില്ല.

എൻ്റെ മുകളിൽ പച്ച മാവിൻ്റെ അവസാന കഷ്ണ വിറകും വെച്ചു. ഇപ്പോൾ എനിക്ക് ചുറ്റും ഇരുട്ടാണ്. വൈകാതെ എന്നിലേക്ക്‌ പടരുന്ന ജ്വാല്ല  ഈ അന്ധകാരത്തെ  കീറിമുറിച്ചു വെളിച്ചം പകരും.

എന്നിൽ ജനിച്ചവർ തന്നെ എൻ്റെ  ചിതയ്ക്ക് തീ കൊളുത്തി. അഗ്നിയുടെ ചൂട് ഞാൻ അറിഞ്ഞു തുടങ്ങി. എൻ്റെ  ദേഹിയില്ലാ ദേഹം കത്തുന്നത് ഞാൻ നോക്കി കാണുന്ന പ്രതിഭാസം. എൻ്റെ  അവസാന യാത്ര.!!!!!

വന്നവർ വന്നവർ മടങ്ങിത്തുടങ്ങി. അവശേഷിക്കുന്നത് വീട്ടുകാരും അവരുടെ കണ്ണീരും മാത്രം. ചുറ്റുപാട് ആകെ  പുകയും, മൃതശരീരം വേവുന്നതിൻ്റെയും രൂക്ഷ ഗന്ധവും അതോടൊപ്പം എൻ്റെ അസ്ഥികളും തലയോട്ടിയും പൊട്ടുന്ന ശബ്ദവും. ഈ ഭൂമിയിൽ ഞാൻ  ഭൗതികമായി ഉണ്ടായിരുന്നതിൻ്റെ  അവസാന ഭാഗവും കത്തി തീർന്നു.

ഭൂമിയിൽ എൻ്റെ ഉറ്റവർക്കും ഉടയവർക്കും വേണ്ടി ചെയ്യാൻ എന്തൊക്കെയോ ബാക്കി ഉണ്ടായിരുന്നു എന്ന തോന്നൽ എന്നെ തകർത്തു കളഞ്ഞു. 

അധികം വൈകാതെ എൻ്റെ ചിതയിലെ കനലുകൾ അണയും. അതിനു ശേഷം എൻ്റെ  അസ്ഥികളുടെ അവശേഷിക്കുന്ന ചില ഭാഗങ്ങളെ ഒരു മൺ കുടത്തിലേക്ക് ആവാഹിക്കും. പിന്നെയും മൺകുടത്തിനകത്തെ ഇരുണ്ട  തടവറയിൽ ഒരുവർഷം കാത്തിരിക്കണം. ശേഷം നദികളിലൂടെ മോക്ഷം കിട്ടാതെയുള്ള  ഒരു യാത്ര.  അതുവരെ ഈ ഓർമ്മകൾ എന്നെ വേട്ടയാടികൊണ്ടിരിക്കട്ടെ.....

നീറുന്ന മനസ്സ്  നെരിപ്പോട് പോലെ നീറി നീറി എരിയട്ടേ!!!!!!!!!!


---------------------------------------------------------------------------------------------------------------------------








ഏപ്രിൽ 12, 2021

അമ്മുവിനെ പ്രണയിച്ച തമ്പുരാൻ കുട്ടി

കുറെ വർഷങ്ങൾ പിന്നോട്ട് പോകണം.. കൃത്യമായി പറഞ്ഞാൽ ഇരുപത്  കൊല്ലം  പിറകോട്ടു സഞ്ചരിക്കണം....                                                 

ക്കൽ തറവാട്ടിലെ ഇളമുറ തമ്പുരാൻ ആയിരുന്ന തമ്പുരാൻ കുട്ടി ഉന്നതകുല ജാതനും,  ശ്രേഷ്ഠനും, അതിലുപരി സമ്പന്നനും ആണ്. കുരുത്തോല കെട്ടിയാടുന്ന തെയ്യത്തിൻ്റെയും തോറ്റത്തിൻ്റെയും, തീയാട്ടുണ്ണിയുടെയും നാട്. കേരളത്തിന്റെ വടക്കൻ പ്രദേശം ആയതിനാൽ ആകാം കുലമഹിമയും ഒരു ചെറിയ ശതമാനം തീണ്ടായ്മയും ഉയർത്തി പിടിക്കുവാൻ  തമ്പുരാൻ കുട്ടി എന്നും ശ്രമിച്ചിരുന്നു. അത് തലമുറകളാൽ പാലിച്ചിരുന്ന ഒരു കീഴ്വഴക്കം ആണ്.  

ചെറുമിയും ചെറുമനും കൃഷി ചെയ്ത നെന്മണികൾ ആക്കൽ തറവാട്ടിലെ പത്തായത്തിൽ എത്തികഴിഞ്ഞാൽ  പിന്നെ അത് തറവാട്ടിലെ മാത്രം ആണ്. പിന്നെ അതിനു തീണ്ടലും തൊടീലും, അയിത്തവും ഒന്നും  ഇല്ല... അല്ലെങ്കിലും അത് അങ്ങനെയാണല്ലോ!!!!

ഒരിക്കൽ തലമൂത്ത ആക്കൽ തമ്പുരാനോട് അവിടുത്തെ ചെറുമി പറഞ്ഞു " മ്പ്രാൻ, അടിയങ്ങളുടെ കിടാത്തികൾ പഷ്ണിയിലാണ്, കൂരയിൽ ഒരുമണി അരിയില്ല, ഏങ്ങളുടെ കിടാത്തികൾ കഞ്ഞി മോന്തിയിട്ടു ഇന്നേക്ക് രണ്ടു രാവായി. ഏങ്ങളേ  സഹായിക്കണം ഏമ്പ്രാൻ"

അപ്പോൾ മൂത്ത മ്പ്രാൻ ഇങ്ങനെ കൽപ്പിച്ചു .. " കുശിനിയുടെ വടക്കുംഭാഗത്തേക്കു ചെൽകാ, അവിടെ ബാക്കിവന്ന വറ്റുകൾ ഉണ്ടേച്ചാൽ ചോദിച്ചു  എടുത്തുകൊൾക "

ഇത് കണ്ടും കേട്ടും തന്നെയാണ് തമ്പുരാൻകുട്ടിയും വളർന്നത്.

തമ്പുരാൻ കുട്ടി ഒരു അഭ്യാസി തന്നെ ആയിരുന്നു. പള്ളിക്കൂടത്തിൽ പഠിക്കുന്ന കാലത്തു പോലും ഒരുകയ്യാൽ ഇരുചക്ര ശകടം ഓടിച്ചു മറു കയ്യാൽ അതിൻ്റെ  ഇളകിയ വിളക്കും താങ്ങി കുന്നും മലയും കയറിയിറങ്ങുക ഒരു ഹരം ആയിരുന്നു. അത് ഒരു തികഞ്ഞ ഇരുത്തം വന്ന കളരി അഭ്യാസിയെപോലെ നിത്യവും ചെയ്തുപോന്നിരുന്നു. 

വിദ്യയിൽ അഗ്രഗണ്യനായ തമ്പുരാൻ കുട്ടി ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുത്തത് ഒരുകാലത്തു ചോള സാമ്രാജ്യത്തിന്റെ വേരുകൾ പടർന്നിരുന്ന ഇന്നത്തെ തമിഴ് മണ്ണാണ്. 

അഭിനവ സിദ്ധാന്തങ്ങളും കുലമഹിമയും കാല്പനിക ചിന്തകളും പേറി തമ്പുരാൻ കുട്ടി തമിഴകത്തു എത്തിചേർന്നു . 

കുലമഹിമയുടെ പൊയ്മുഖങ്ങളോ , അടിമകൾ-തമ്പുരാൻ സിദ്ധാന്തന്തങ്ങളോ തമ്പുരാൻകുട്ടിക് അവിടെ കാണുവാൻ കഴിഞ്ഞില്ല. പകരം അവിടെ തമ്പുരാൻകുട്ടിയെ സ്വീകരിച്ചത് മറ്റൊരു നൂതന സംസ്കാരം ആയിരുന്നു. തറവാട്ടിലെ ശീലങ്ങൾ മാറിയപ്പോൾ തമ്പുരാൻ കുട്ടിക് തെല്ലും യോജിച്ചു പോകുവാൻ കഴിഞ്ഞില്ല.  ആജ്ഞാപിച്ചാൽ  അനുസരിക്കാൻ  കീഴാളന്മാരില്ല, ഉത്തരവുകൾ അനുസരിക്കാൻ പുലയനോ  പറയാനോ, ചണ്ടാളനോ  ഇല്ല, ജല്പനകൾ വൃഥാവിലായതുപോലെ  ആദ്യ നാളുകളിൽ ഉത്തരവിറക്കാൻ കഴിവില്ലാത്ത ശിഖണ്ഡിയായ ചക്രവർത്തിയെ പോലെ തമ്പുരാൻകുട്ടി അസ്വസ്ഥനായി. എന്നാൽ പതിയെ നയങ്ങൾ മാറ്റിയാൽ മാത്രമേ മുന്നോട്ടു പോകുവാൻ കഴിയുള്ളു എന്ന് മനസിലാക്കി തമ്പുരാൻ കുട്ടി  മാറ്റങ്ങൾക്കു കീഴ്പെടാൻ തീരുമാനിച്ചു. അവിടെ മരിച്ചു വീണത് ഒരു കാലഘട്ടത്തിന്റെ അഥവാ  പ്രജാപതികളുടെ മാത്രം  കൊട്ടാര ശീലങ്ങൾ ആയിരുന്നു. രാജ്യമില്ലാത്ത മറ്റൊരു രാജാവ് അവിടെ ജനിക്കുകയായി.....

 നവീന കാലഘട്ടത്തിലെ ഏടുകളിലേക്കുള്ള വാതായനം തമ്പുരാൻ കുട്ടിയുടെ മുൻപിൽ തുറക്കപ്പെട്ടു. അതോടെ ചിതലരിച്ച നോക്കുകുത്തി പോലെ നിന്ന  ചിന്താ മണ്ഡലത്തിൻ്റെ   തൂണുകൾ തകർന്നു നിലംപതിച്ചു.  പരിസരങ്ങളിൽ നിന്നും വെള്ളവും വളവും വലിച്ചെടുത്തു തുടങ്ങി.,. പരിഷ്കാരത്തിന്റെ പുതിയ വേരുകൾ മുളച്ചു തുടങ്ങി...നാമ്പുകൾ  തളിരിലകളായി. 

വൈവിധ്യമാർന്ന സംസ്കാരവും, ഇന്നുവരെ കണ്ടിട്ടില്ലാത്ത ആത്മ ബന്ധങ്ങളും, സുഹൃത്ബന്ധങ്ങളുടെ ശക്തിയും അവിടെ കാണാൻ കഴിഞ്ഞു. അതിൻ്റെ പ്രസരിപ്പെന്നോണം തമ്പുരാൻ കുട്ടിക്ക് മാറ്റങ്ങൾ കണ്ടുതുടങ്ങി. എവിടെയും കാണാൻ സാധിക്കുന്ന ഒരു സവിശേഷത അനന്തമായ വൈവിധ്യമാണ്.. സൃഷ്ടിയുടെ മുഖമുദ്രയും അതുതന്നെയാണ്. 

പിന്നീടുള്ളത് സ്വാതന്ത്ര്യത്തിന്റെ നാളുകൾ ആയിരുന്നു. കെട്ടുപാടുകളിൽ നിന്നുള്ള സ്വാതന്ത്ര്യം. തറവാട്ടിലെ വിലക്കുകൾ ഇല്ല. ആഢ്യത്വവും ആക്രോശവും നിറയുന്ന വാക്കുകൾ ഇല്ല. തമ്പുരാൻ കുട്ടി ഒന്ന് ചിരിച്ചു. മേലാളന്മാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച കീഴാളന്മാരിൽ കണ്ട അതേ ചിരി... തമ്പുരാൻകുട്ടി മനസ്സുകൊണ്ട് പഠിച്ച ആദ്യത്തെ പാഠം അതായിരുന്നു. ആ ചിരിയിൽ  ആയിരം സൂര്യന്മാർ ഉദിച്ച പ്രകാശം ഉണ്ടായിരുന്നു. ബാക്കി എല്ലാം അതിൽ നിഷ്പ്രഭം.....  

മ്പുരാൻകുട്ടി ആകെ മാറിയിരിക്കുന്നു... തന്നിൽനിന്നും വ്യത്യസ്തരായവരെക്കുറിച്ചു തമ്പുരാൻകുട്ടി മനസ്സിലാക്കാൻ തുടങ്ങി. ചുറ്റും സ്നേഹിതർ... ചർച്ചകൾ, ചിന്തകൾ, തമാശകൾ. കലാലയത്തിലേക്കു പുതിയ മുഖങ്ങൾ  മാറിമാറി വരുന്നു. ആ കലാലയത്തിൽ പഠിച്ചിരുന്ന സുന്ദരികളായ മിക്ക പെൺകിടാങ്ങളും തമ്പുരാൻ കുട്ടിയുടെ രണ്ടാം സഹോദരിമാർ ആയിരുന്നു. അല്ലെങ്കിൽ അങ്ങനെ ആണെന്ന് വാദിച്ചു.. അവരോടൊക്കെ തമ്പുരാൻകുട്ടിക് ഒരുപ്പാട് ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നു. സഹപാഠികൾ ആയ പല്ലിയുടെയും,  ദര്‍ദ്ദുരത്തിൻ്റെയും, താമ്രചൂഡത്തിൻ്റെയും   മൂർച്ചയുള്ള നോട്ടത്തിൽനിന്നും ആ സുന്ദരികളായ മാൻപേടകളെ തൻ്റെ  കവചകുണ്ഡങ്ങളാൽ   സംരക്ഷിക്കുക. അതിന്റെ പേരിൽ എത്ര ഇളിഭ്യനാകേണ്ടി വന്നാലും തമ്പുരാൻകുട്ടി ആ ഉധ്യമം തുടർന്നുകൊണ്ടേയിരുന്നു. പലഘട്ടങ്ങളിലും ആ ഇളമുറ തമ്പുരാൻ്റെ ആത്മാഭിമാനം നഷ്ടപ്പെട്ട് പോയിരുന്നു. എങ്കിലും  സഹവർത്തിത്വത്തെ  പറ്റി തമ്പുരാൻകുട്ടി കൂടുതൽ മനസ്സിലാക്കിയിരുന്നു. 

ണ്ടു വർഷങ്ങൾ അങ്ങനെ കടന്നുപോയി. തമ്പുരാൻ കുട്ടി മാറ്റത്തിന് വിധേയനായി സഞ്ചരിച്ചുകൊണ്ടിരുന്നു. കൊഴിഞ്ഞ ഇലകൾ വളമായി, പുതിയവ തളിരിട്ടു. കാലചക്രം എല്ലാത്തിനും സാക്ഷിയായി അതിന്റെ പ്രവർത്തിയിലേർപ്പെട്ടു തിരിഞ്ഞുകൊണ്ടേയിരുന്നു. അമ്മു എന്ന സുന്ദരിയെ തമ്പുരാൻകുട്ടി കാണുന്നതു അവിടെവെച്ചാണ്. ഏതോ ഒരു നിമിത്തം പോലെ ആയിരുന്നു അത്. 

അമ്മു ഒരു അധ്യാപിക ആണ്. തമ്പുരാൻ കുട്ടിയുടെ കണ്ണുകളിലൂടെ നോക്കിയാൽ  പ്രണയിക്കാൻ തോന്നുന്ന അപ്സരസ്.  കുലീനമാർന്ന, നാണം അലങ്കാരമായി തോന്നുന്ന മുഖശ്രീ.  അംബുജത്തിനിതൾ പോലെ വശ്യമായ കണ്ണുകൾ. അതിൽ എപ്പോഴും കരിമഷി ഒരു  അലങ്കാരമാണ്. മീൻതുടിക്കുന്ന കൃഷ്ണമണിതൻ അഴക് അമ്മുവിനെ കൂടുതൽ സുന്ദരിയാക്കി.   മഴവില്ലഴകിനൊത്ത പുരികങ്ങൾ അവളെ ഒരു ദേവതയെ പോലെ തോന്നിപ്പിച്ചു.  അമ്മുവിൻറെ മുടിയിഴകൾ ഒഴുകുന്ന നദിയുടെ പുണ്യമായി തമ്പുരാൻ കുട്ടിക്ക് തോന്നി. ഇരുനിറത്തിൽ ആണെങ്കിലും  അവളുടെ അധരങ്ങൾ വശ്യമാർന്നതായിരുന്നു. അതിലെ പുഞ്ചിരി തമ്പുരാൻ കുട്ടിയുടെ വികാരം ഉണർത്താൻ ശേഷിയുള്ളതായിരുന്നു. അത്രയും മനോഹരമായിരുന്നു ആ പ്രണയം. ആകെ കണ്ടാൽ വാകച്ചാർത്തിൽ നിൽക്കുന്ന ചുവന്ന പട്ടു ധരിച്ച ഒരു ദേവി വിഗ്രഹം ആയിരുന്നു തമ്പുരാൻകുട്ടിക്ക് അവൾ. ഒന്ന് വാരി പുണരുവാൻ തോന്നിയ പല നിമിഷങ്ങളെയും തമ്പുരാൻ കുട്ടിയിലെ ആ പഴയ മാടമ്പിയുടെ കരുത്ത്  അതിജീവിപ്പിച്ചു..

അധ്യാപികയോട് വിദ്യാർത്ഥിക്ക് തോന്നുന്ന പ്രണയം ഇതാദ്യമല്ല... ചില പ്രണയങ്ങൾ കാമസാഫല്യത്തിന് വേണ്ടിയാകാം, മറ്റുചിലത് വെറും  മതിഭ്രമമാകാം, എന്നാൽ ചിലതു അതിമഹത്തായ നിർവചിക്കാൻ കഴിയാത്ത  മാസ്മരികമായ പ്രണയം ആകാം....

തമ്പുരാൻ കുട്ടി പ്രണയത്തിലേക്ക് പതിയെ  വഴുതി വീഴുകയാണ്. അതും മാർഗ്ഗദർശിയായിരിക്കേണ്ട  ഒരു  അധ്യാപികയോട് . തമ്പുരാൻകുട്ടിയുടെ മുന്നിൽ അധ്യാപികയുടെ അതിർവരമ്പുകൾ ഇല്ല. അമ്മു മാത്രം... 'ആക്കൽ കോവിലകത്തെ  തമ്പുരാൻ കുട്ടിയുടെ മാത്രം അമ്മു '. അവളുടെ മനസ്സും ശരീരവും തമ്പുരാൻകുട്ടിയിലേക്കു ആവാഹിക്കപെട്ടു.  

അമ്മുവും ആ പ്രണയത്തെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. തമ്പുരാൻകുട്ടിയുടെ നോട്ടം പോലും  അമ്മുവിനെ നാണത്തിലാഴ്ത്തി, മന്ദസ്മിതത്തിൽ ഇഴുകി അലിഞ്ഞ ലജ്ജ അവളിലെ  വേലികെട്ടുകൾ പൊട്ടിച്ചെറിഞ്ഞു അവളിലെ പ്രണയം കൊതിക്കുന്ന  യുവതിയെ പുറത്തെത്തിച്ചു. എല്ലാം തമ്പുരാൻകുട്ടിയുടെ പ്രണയം കാരണം. അതിന്റെ മാസ്മര ശക്തി ആണ്. 

ആദ്യകാലങ്ങളിൽ പലപ്പോഴും മൗനത്തിൻ്റെ തിരസ്കരണി ആയിരുന്നു അവർ ധരിച്ചിരുന്നെങ്കിൽ എങ്കിൽ പിന്നീട് അത് വിവസ്ത്രമാക്കപ്പെട്ട അവസ്ഥയിലേക്ക് പതിയെ ഒഴുകി മാറി. അവർ രണ്ടുപേരും സ്വയം മറന്നു അതിൽ നീരാടി.  ഒരിക്കലും എഴുതി തീരാത്തതും, എഴുതാനിടയില്ലാത്തതുമായ ഒരു പ്രണയസന്ദേശമായിരുന്നു അവരുടേത്. 

അവരുടെ മനസ്സുകൾ എപ്പോഴും സഞ്ചാരപാതകളെ പുല്കികൊണ്ടിരുന്നു. അവർ എപ്പോഴും  സ്വപ്നലോകത്തേക്കുള്ള  യാത്രയിലാണ് .. കാടുകളും മേടുകളും കുന്നിൻചെരിവുകളും, പുഴകളും കടന്നു യാത്ര ചെയ്തുകൊണ്ടിരുന്നു.. അവർ ഒന്നിച്ചുണ്ടായിരുന്നിടത്തൊക്കെ പൂക്കൾ വിടർന്നിരുന്നു. ആ പൂക്കളുടെ ഗന്ധം ആ താഴ്വരയിലാകെ  പടർന്നിരുന്നു. അവരുടെ പാദസ്പര്ശമേറ്റ കുന്നിൻ ചരിവുകൾക്കുമേൽ പച്ചപരവതാനി വിരിയ്ക്കപ്പെട്ടു .. അവിടെ മാൻകൂട്ടങ്ങൾ മേഞ്ഞിരുന്നു..

അവർ  ജീവിച്ചിരുന്നത് കേവലം ഒരു കലാലയത്തിൽ ആയിരുന്നില്ല. ചുണ്ടുകൾ ഉരുമി ചിറകുകൾ ചേർത്ത് മുട്ടി ഉരുമി നീല തടാകത്തിലൂടെ പ്രണയിച്ചു കൊതിതീരാതെ  നീന്തി തുടിക്കുന്ന രണ്ടു അരയന്നങ്ങൾ ആയിരുന്നു അവർ. അവരുടെ ലോകം പൂക്കളാൽ , ചാറ്റൽ മഴയാൽ സമൃദ്ധിയുള്ളതായിരുന്നു.. വെയിലേറ്റു വരണ്ടു വീണ്ടു കീറിയ മണ്ണിലേക്ക് ആണ് അമ്മു പെയ്തിറങ്ങിയത്. ആ വേനൽ മഴ തമ്പുരാൻകുട്ടിക്ക് പാലാഴി കടഞ്ഞു കിട്ടിയ  അമുതം ആയിരുന്നു. അവൻ ആവോളം അവളിലെ പ്രണയത്തെ നുകർന്നു. ഇരുവരും ശിവപാര്‍വതിമാരെപ്പോലെ ഒരുടലായി മാറി. 

വർഷങ്ങൾ കടന്നു പോയി.. ഋതുക്കൾ മാറി മാറി വന്നു. ഇടവപ്പാതിയും മേടച്ചൂടും ഭൂമിയിൽ മാറ്റങ്ങൾ വരുത്തി. ഇലകൾ കൊഴിഞ്ഞു വീണു, വീണ്ടും മരങ്ങൾ തളിർത്തു. കാലം തിരക്കഥകൾ മുൻപേ എഴുതിവെച്ചിട്ടുണ്ട് . അവ അങ്ങനെ തന്നെ ഒരു മാറ്റവും ഇല്ലാതെ  അവതരിക്കപ്പെടും. ജീവജാലങ്ങൾ എല്ലാം കാലത്തിൻ്റെ ആ തിരക്കഥയിലെ കഥാപാത്രങ്ങൾ മാത്രം. സ്വയം അറിയാതെ ആടുന്ന പാവകൾ പോലെ.

കലാലയ ജീവിതം അവസാനിച്ചു, തമ്പുരാൻ കുട്ടി തിരികെ ആക്കൽ തറവാട്ടിലേക്ക് പോയി. അമ്മു തൻ്റെ മറുപാതിയെ ഓർത്തു അധ്യാപനവർത്തി തുടർന്നു. സാങ്കേതിത വിപ്ലവം കൊടികൊണ്ടു നിൽക്കുന്നതിനാൽ അവർതമ്മിലുള്ള ദൂരം അധികം ഉണ്ടായിരുന്നില്ല. എങ്കിലും  പരസ്പരം കാണുവാൻ, ഒന്ന് സ്പര്ശിക്കുവാൻ  അവസരങ്ങൾ  കുറഞ്ഞുവന്നു. തമ്പുരാൻ കുട്ടിയുടെ തലോടലിനായി അമ്മുവിൻറെ മനസ്സ്  ദാഹിച്ചു.  

കാലചക്രങ്ങൾ  പിന്നെയും നിർത്താതെ ഉരുണ്ടുകൊണ്ടേയിരുന്നു .. തമ്പുരാൻകുട്ടിക്ക് ദക്ഷിണ കന്നഡ പ്രദേശത്തേക്ക് ഉദ്യോഗത്തിനായി പോകേണ്ടി വന്നു . അതും തമ്പുരാൻ കുട്ടിയെ സംബധിച്ചിടത്തോളം മറ്റൊരു പറിച്ചുനടൽ ആയിരുന്നു. സാമാന്യം ഉയർന്ന ഉദ്യോഗം , നല്ല ചുറ്റുപാടുകൾ അവിടെ  കാത്തിരുന്നു.  തമ്പുരാൻകുട്ടി  ജീവിതത്തെ പതിയെ തിരക്കുകളിലേക്ക് അറിഞ്ഞുകൊണ്ട്  ഗതിമാറ്റി വിട്ടു... 

അപ്പോഴും അമ്മു തൻ്റെ പ്രാണേശ്വരനെ ഓർത്തുകൊണ്ടിരുന്നെങ്കിലും അവരുടെ ഇടയിലുള്ള അന്തരം കൂടി വന്നു. അമ്മുവിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. തൻ്റെതെല്ലാം നൽകി സ്നേഹിച്ച, സ്വന്തം എന്ന് വിശ്വസിച്ച തമ്പുരാൻകുട്ടി പറന്നകന്നിരിക്കുന്നു. 

ഉയർന്ന ചുറ്റുപാടുകൾ തമ്പുരാൻകുട്ടിയെ മാറി ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. 

ഇല്ല!!!! മരിച്ചിട്ടില്ല !!!! തമ്പുരാൻകുട്ടിയുടെ ഉള്ളിലെ മാടമ്പി പുനർജനിച്ചിരിക്കുന്നു. സുഖങ്ങൾ മാത്രം തേടിയുള്ള തമ്പുരാൻകുട്ടിയുടെ പ്രയാണം തുടർന്നുകൊണ്ടേയിരുന്നു. അവൻ്റെ ഉള്ളിൽ അമ്മു ഒരു ഭാരമായി മാറിയിരുന്നു.... പല തരത്തിലുള്ള ഭാവപ്പകര്‍ച്ചകളും തമ്പുരാൻകുട്ടിയിൽ കെട്ടിയാടി. 

ആക്കൽ തറവാട്ടിലെ ഇളമുറതമ്പുരാൻ അമ്മുവിനെ പൂർണമായും മറന്നുകഴിഞ്ഞിരിക്കുന്നു. അമ്മുവിൻറെ പ്രണയത്തെ തമ്പുരാൻകുട്ടി നിഷ്ടൂരം കൊന്നുകളഞ്ഞിരിക്കുന്നു. തമ്പുരാൻകുട്ടിയുടെ മനസ്സിൽ അർബുദം ബാധിച്ചിരിക്കുന്നു. അങ്ങനെ ആ പ്രണയം ഒരിക്കലും തുറക്കാത്ത കല്ലറയിൽ അടക്കം ചെയ്യപ്പെട്ടു. ആ കല്ലറയുടെ മുകളിൽ ചുവന്ന അക്ഷരങ്ങളാൽ  ഇങ്ങനെ എഴുതിവെയ്ക്കപ്പെട്ടു..

"ഇത് എൻ്റെ മാത്രം പ്രണയകുടീരം.. ഇവിടെ ആരും പൂക്കൾ അർപ്പിക്കാതിരിക്കുക.. ഇതിൽ എൻ്റെ  വേദനകളേയും  ഞാൻ അടക്കം ചെയ്തിരിക്കുന്നു .. നിങ്ങളുടെ പൂക്കളുടെ ഗന്ധം പോലും എന്നിലെ  പൂർവ്വകാല വേദനകളെ തൊട്ടുണർത്തും,  ഇവിടെ ആരും പൂക്കൾ അർപ്പിക്കാതിരിക്കുക.....ഇവിടെ ആരും പൂക്കൾ അർപ്പിക്കാതിരിക്കുക............  സ്വസ്ഥമായി മയങ്ങട്ടെ ഞാൻ" - അമ്മു !!!

കാലം എത്ര ദൂരം മുൻപോട്ടു സഞ്ചരിച്ചാലും  തമ്പുരാൻകുട്ടിയെ പോലെയുള്ളവർ ഇന്നും പല അമ്മുകുട്ടികളെയും ഇരുട്ടിലേക്ക് തള്ളിയിടുന്നു. 

ആ പഴയ ചെറുമിയുടെ കിടാത്തികൾ ഇന്നും കഞ്ഞിമോന്താനായി ആക്കൽ തറവാട്ടിലെ അടുക്കള മുറ്റത്തു തൊഴുകൈകളോടെ ഇരക്കുന്നു.....

ആക്കൽ തറവാടിൻ്റെ ഇറയത്തു ചാരുകസേരയിൽ ഇപ്പോഴും കല്പനകൾ പുറപ്പെടുവിച്ചു കൊണ്ട് എല്ലാകാലവും മാടമ്പികൾ ഉണ്ടാകും... അവരുടെ തുപ്പക്കോളാമ്പി നിറയുന്നതു നോക്കി കീഴാളന്മാരും നിൽപ്പുണ്ടാകും.......

-------------------------------------------------- ശുഭം-----------------------------------------------------------



ഫെബ്രുവരി 21, 2016

കുഞ്ഞുണ്ണി




എൻ്റെ മയക്കത്തിൽ എൻ്റെ സ്വപ്നങ്ങളിൽ
എന്നും  നിന്നിളം പാൽ പുഞ്ചിരി ചുണ്ടുകൾ.

ഞാനുണരുമ്പോഴൊക്കെയും എൻ ഹൃദയ
വാതിലിൽ തേടുന്നു നീ അമ്മിഞ്ഞപാലിനായി.

കണ്ണാ ... നീ മാധുര്യം നുണയുമ്പോഴൊക്കെയും
ഈ അമ്മ തൻ മാതൃത്വം ഒഴുക്കുന്നു പാലാഴി
പോൽ എൻ നെഞ്ചിലാകവേ.

കൈകളിലേന്തി നിന്നെ മാറോടണയ്ക്കുമ്പോൾ
സ്ഫുരിക്കുന്നു എന്നിൽ നിൻ സ്നേഹാമൃതം.

നിൻ കുഞ്ഞു വിരലുകളാലുള്ള സ്പർശന
മാത്രയിൽ മീട്ടുന്നു എന്നുള്ളം എന്നുമൊരു
പൊൻവീണ പോൽ.

നിൻ മുഖമൊന്നു വാടിയാൽ എൻ നെഞ്ചം പിടയും,
മിഴികൾ നനയും ഉള്ളൊന്നു നോവും അതും, പേറ്റുനോവിനുമപ്പുറം.

പാൽമണം പൊഴിക്കുന്ന നിൻ മേനിയിലാകവേ
പകർന്നിടാം അമ്മതൻ ചൂട്, വളരുക ഉണ്ണി
നീ എൻ പൊന്നോമനയായ്.

                                            - അമ്മ.

ഒക്‌ടോബർ 24, 2015

മുൻപേ നടന്നവർ



               
    ആരൊക്കെയാണ് നമുക്ക് മുൻപേ നടന്നവർ?, അവർ എന്തിനുവേണ്ടി നമുക്ക് മുൻപേ നടന്നു? ആദർശങ്ങളുടെ കെട്ടുപാണ്ടങ്ങളും ചുമന്നു ബലികുടീരങ്ങളിലേക്കു അവർ സ്വയം നടന്നത് ആർക്കു വേണ്ടിയായിരുന്നു? കപട സദാചാരത്തിന്റെയും,  നീതിബോധമില്ലായ്മയുടെയും, അരാജകത്വത്തിന്റെയും  വിഷ വിത്തുക്കളെ ഭോജനമാക്കിയ ഒരു പറ്റം വെറിപൂണ്ട മനുഷ്യമൃഗങ്ങളുടെ നോവിക്കുന്ന ബലിഷ്ഠമായ  കാലുകൾക്കിടയിൽ സ്വന്തം ജീവൻ ഞെരിഞ്ഞമരുന്ന വേദനയിൽ കണ്ണുകൾ പൂട്ടി താൻ വിശ്വസിച്ചിരുന്ന ആദർശങ്ങളെ നെഞ്ചോടു ചേർക്കുവാൻ മാത്രമേ അന്ന് ആ മഹാരഥൻമാർക്ക് കഴിഞ്ഞിരുന്നുള്ളു.

             വിശ്വസിച്ചിരുന്ന  ആദര്‍ശങ്ങളെ സംരക്ഷിക്കുന്നതിനായി ചാലുകള്‍ അവര്‍ തീര്‍ത്തിരുന്നു. ആ ചാലുകളിൽ ഒഴുകിയതത്രെയും സ്വന്തം രക്തമായിരുന്നു . ആർഷഭാരത സംസ്കാരത്തിന്റെ ഏടുകളിൽ ഇന്നും മായാതെ മറയാതെ നിലകൊള്ളുന്ന മഹാത്മാക്കൾ അവർക്കുവേണ്ടിയല്ല ജീവിതം ഹോമാഗ്നിയിൽ അര്‍പ്പിച്ചത്. പിന്നാർക്കുവേണ്ടി? അവർ ലാഭാനഷ്ടകണക്കുകൾ നോക്കിയിരുന്നില്ല , പകരം ബലി നല്കിയതോ മജ്ജയും, മാംസവും പിന്നെ നോവുന്ന കുറെ ആത്മാക്കളെയും.

               ഒരുപാട് ചോരതിളപ്പുകള്‍ സംഭവിച്ച ചരിത്ര ഭൂമി. ഒരു തീണ്ടാപാടകലെ എല്ലാത്തിനും സാക്ഷിയായി ചിതലരിച്ച സംസ്കാരം ഒരു നോക്കുകുത്തിയായി നില്ക്കുന്നു. മൃത്യു കാത്തുകിടക്കുന്ന പഴകി ദ്രവിച്ച തൂണുകളും, മേല്‍കൂരയുമുള്ള കോവിലകത്തെ അനുസ്മരിക്കുന്ന പോലെ അത് മണ്ണിനോടലിഞ്ഞു  ചേരുവാനായി കാത്ത് നില്ക്കുന്നു. മൃത്യു അവന്റെ ഊഴമെന്നോണം ആരവങ്ങളോടുകൂടി പാഞ്ഞടുക്കും മുന്‍പേ ജീവന്‍റെ ചൂടുള്ള ശരീരം കൊത്തി വലിച്ചു വിശപ്പടക്കുവാനായി ചുറ്റും ഒരു പറ്റം കഴുകന്മാരും.

              മാർത്താണ്ഡവർമ്മയുടേയും, എട്ടുവീട്ടിൽപ്പിള്ളമാരുടേയും, ചിറക്കൽ കേളു നായനാരുടെയും ധീര വീര കഥകൾ മാത്രം കേട്ട് വളര്‍ന്ന നമ്മുടെ ഇളം തലമുറകള്‍ എന്ന് മുതലാണ്‌ അധികാര കോമരങ്ങളുടെ നാറുന്ന പ്ര്യഷ്ടം താങ്ങി ജീവിക്കുവാന്‍ ശീലിച്ചത്.

           പിറവിയെടുത്ത മണ്ണിൽ അജ്ഞതയുടെ ഈറ്റില്ലം തീർത്ത മാനവരാശി മനുഷ്യത്വമില്ലായ്മയുടെ മുഖം മൂടി ധരിച്ചു എത്രനാള്‍ സവര്‍ണനെന്നും അവര്‍ണനെന്നും വേലി തിരിച്ചു ഇതേ സമൂഹധാരയില്‍ പരസ്പരം കലഹിച്ചു ചോരകുടിക്കും. എന്ന് മുതലാണ്‌ ഈ തലമുറയുടെ ശബ്ദം ഇത്രയേറെ ലോപിച്ചുപോയത്.  അതിനുത്തരം ഒന്നുമാത്രം:

          പരസ്പരമുള്ള കണികാ പ്രഹരത്താല്‍, നേര്‍വഴിക്കുള്ള സഞ്ചാര മാധ്യമത്തിന്‍റെ ഊർജ്ജം കാലഹരണപെട്ടു പോയതിനാലാണ്......  



                              ***************************************

ജൂൺ 28, 2015

ആഗമനം




ഒരിക്കൽ നിന്നെ ഞാൻ വെറുത്തിരുന്നു
നിന്റെ ക്രൂരവിനോദങ്ങളിൽ ഞാൻ ഭയച്ചിത്തനായിരുന്നു..
പ്രാണൻ പറിച്ചെടുക്കുന്ന നിന്റെ വെറിപൂണ്ട ഉദ്ധ്യമത്തെ,
എന്റെ നിസ്സഹായതയുടെ അക്ഷികളാൽ ഞാൻ കണ്ടിരുന്നു .
നിന്റെ ആഗമനം എന്നും വേർപാടിന്റെ സൂചനയായിരുന്നു .

എന്നാലിന്നു ഇരുണ്ട തിരശീലയ്ക്കപ്പുറം
നിന്റെ കാല്പെരുമാറ്റം ഞാനറിയുന്നു .
തിരസ്കരിണി നീക്കി അരികിൽ വരിക നീ..,
കൊണ്ടുപോവുക എന്നെ നീ വിഹായസ്സിലേക്ക്,
പാപത്തിന്റെ പാത്രമാം ഈ ദേഹം  വെടിഞ്ഞ് പിന്തുടരാം ഞാൻ ,
കൊണ്ടുപോവുക എന്നെ നീ വിഹായസ്സിലേക്ക്................

  -----------------------------------------------------------------------------------------------------------------------



മാർച്ച് 27, 2014

വിരാമം



ഹൃദയ ധമനികൾ പൊട്ടിയ ചോര മഷിത്തണ്ടിൽ-
നിറച്ചു ഞാനൊരു കവിതയെഴുതി.

എന്നാൽ ആ കവിതയ്ക്കു കറുപ്പ് നിറമായിരുന്നു.

മനസ്സിലെ മാലിന്യം ചോരയിൽ ചാലിച്ച കറുപ്പ് നിറം ;
ഞാൻ കണ്ട സ്വപ്നങ്ങളുടെ അതേ നിറം.

ചിന്തകളിൽ ചിതലരിച്ചെങ്കിലും ചിലതെല്ലാം -
അടങ്ങാ ചിതയായി ഇന്നും എരിയുന്നു
ധമനികൾ പൊട്ടിയ ഇതേ ഹൃദയത്തിൽ ,

കാലത്തിന്റെ ഏടുകളിൽ കയ്യൊപ്പ് ചാർത്തുവാൻ
മറന്നുപോയ എന്റെ ആത്മാവിനെ തടവിലാക്കിയതും ,
ഇതേ കറുപ്പ് ലിപികൾ തന്നെ.

വിരസമാം ജീവിത സഞ്ചാരപാതയേ വെട്ടിയും കുത്തിയും
മുറിവേല്പ്പിക്കുന്നു ഓർമ്മതൻ തുണ്ടുകൾ.
കാലപ്രവാഹത്തിൽ മുങ്ങിയും പൊങ്ങിയും തീരത്തടുക്കാതെ
ഒഴുകുന്നു പ്രതീക്ഷകൾ,  അവ അസ്ഥിരം ക്ഷണഭംഗുരം .

തളർന്നൊരീ മനസ്സും ശരീരവും ഇവിടെ ഉപേക്ഷിച്ചു ഞാൻ മടങ്ങുന്നു,
കാലത്തിനു പോലും സാക്ഷ്യപെടുത്തുവാൻ കഴിയാത്തത്ര ദൂരത്ത് ...........

                                    **********************************

ജനുവരി 08, 2014

ഓർമകുറിപ്പ്



ഇടനാഴികൾ മറുപടി പറഞ്ഞിരുന്ന
കാലമിന്നു ഓർത്തുപോയി ഞാൻ.
വയ്യെൻ്റെ  സ്മൃതികളെ നിങ്ങൾ രചിച്ച
കാവ്യ ദളങ്ങൾക്കു ജീവനേകുവാൻ .

നെടുവീർപ്പിൻ കണങ്ങൾ ഇറ്റുവീഴും ശയ്യയിൽ
തിരുശേഷിപ്പായി ഇന്നെൻ്റെ ഓർമകൾ തനിയെ.
ഈ  നിഴൽ ചിത്രത്തിൽ എന്നോ പടർന്നോഴുകിയ
ചോരപ്പാടുകളിൽ സ്പർശിച്ചു ഞാൻ നിൽക്കവേ .

ഹൃദയം  പൊട്ടുമാറുച്ചത്തിൽ അലറി
കരഞ്ഞൊരീ ബാക്കിനിന്ന നോവിന്റെ വിത്തുകൾ.
എന്റെ കരൾ കൊത്തിപ്പറിച്ചു കനലിൽ വെച്ചവർ,
അവർ എന്നെ പിൻപറ്റിയൊർ തന്നെ .......

*********************************************


ഡിസംബർ 03, 2013

സന്ദർശകൻ



മരണം തന്റെ സന്ദർശനത്തിനു ശേഷം ബാക്കി വെക്കുന്നത് എന്തെല്ലാമാണ്?

രക്ത ചംക്രണം നിഷേധിക്കപെട്ട തണുത്തു മരവിച്ച ശരീരത്തെയോ?

അതോ ദുഃഖ പൂർണമായ കുറെ നനുത്ത ഓർമകളേയൊ?

അതുമല്ല സന്ദർശകൻ കൂട്ടികൊണ്ടുപോയ ആത്മാവ് തിരികെ വരും എന്നുള്ള ഒടുങ്ങാത്ത കാത്തിരിപ്പിനെയോ?

അതോ അവിശ്വസനീയമായ വേർപാട്  കണ്ണാടിചില്ലിൽ പോറിയിട്ട ഒരിക്കലും മായാത്ത നോവിനെയോ?

                                                         *********************

നവംബർ 19, 2013

ഒരു വൃക്ഷത്തിന്റെ കഥ



എന്റെ ബാല്യവും കൗമാരവും യൗവ്വനവും മരിച്ചിരിക്കുന്നു , ഇന്ന് വാർദ്ധക്യത്തിന്റെ ബലിഷ്ഠ കരങ്ങളിലാണ് ഞാൻ ജീവിക്കുന്നത്, എപ്പോൾ വേണമെങ്കിലും യാത്ര പറയാൻ തയ്യാറായ ഒരു കിഴവൻ മരം.

എന്നിലും ലീനമായിരുന്നു ആ മൂന്ന് കാലഘട്ടങ്ങൾ. ആദ്യം നാമ്പായി, അതിൽ നിന്നും ഒരു തയ്യായി, പിന്നെ മരമായി ഞാൻ മാറിയ കഥ. വെറും ഒരു വിത്തായിരുന്ന ഞാൻ  ഈ ഭൂമിയുടെ  ഗർഭപാത്രത്തിൽ കിടന്നു ഒരു ഭ്രൂണമായി മാറി ... എന്നിലെ രാസമാറ്റം എന്നെ ശൈശവത്തിന്റെ പട്ടുമെത്തയിൽ കിടത്തി. ഒരുനാൾ അമ്മയുടെ ഇളം ചൂടുള്ള ഗർഭപാത്രത്തിൽനിന്നും  എന്റെ കുഞ്ഞി ശിരസ്സ്‌ ഞാൻ പുറത്തേക്കിട്ടു. അതായിരുന്നു എന്റെ ജനനം...അന്നായിരുന്നു ഞാൻ ആദ്യമായി സൂര്യോദയം കണ്ടതും, സുഗന്ധo പേറുന്ന കാറ്റിന്റെ സ്നേഹപൂർണമായ തലോടൽ എറ്റുവാങ്ങിയതും... ചുറ്റും എന്റെ സഹോദരങ്ങൾ ഈ കുഞ്ഞനുജന്റെ പിറവികണ്ട് ഇലകളാട്ടി സന്തോഷിച്ചു, ഇലകളും പൂക്കളും എന്നിലേക്ക്‌ പോഴിച്ചുകൊണ്ടിരുന്നു...

അമ്മയുടെ  മാറിൽ നിന്നും ഒരിക്കലും വറ്റാത്ത പോഷക സമൃദ്ധമായ അമ്മിഞ്ഞപാൽ വലിചൂറ്റി കുടിച്ചുകൊണ്ട് പതിയെ ഞാൻ വളർന്നു ...എനിക്ക് പുതിയ  ഇലകൾ തളിർത്തു, പഴയവ കൂടുതൽ കരുത്താർജിച്ചു . വളരെ അത്ഭുതത്തോടെ പ്രകൃതിയിലെ പ്രതിഭാസങ്ങളെ ഞാൻ നോക്കി..... എന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ വാത്സല്യം എനിക്ക് തുണയായി....

മറവുകളില്ലാതെ വൈകാരികത പ്രകടിപ്പിച്ചിരുന്ന കാലമായിരുന്നു എന്റെ ശൈശവ കാലം. ചെറിയ തളിരുകളും തണ്ടുകളും പുറത്തേക്ക് നീട്ടി ഞാനങ്ങനെ എന്റേതായ കണ്ണുകളോടെ ഈ ലോകത്തെ നോക്കി കണ്ടു. പിന്നെ അങ്ങോട്ട്‌ തഴച്ച് വളരുവാനുള്ള തന്ത്രപ്പാടായിരുന്നു. ചുറ്റുപാടുനിന്നെല്ലാം വെള്ളവും വളവും കണ്ടെടുത്തും ചിലപ്പോൾ കട്ടെടുത്തും ഞാൻ യാത്ര തുടങ്ങി...

ശൈശവം വിട്ട് ബാല്യത്തിലേക്കുള്ള എന്റെ യാത്ര......  

ബാല്യകാലം എനിക്ക് ഒരുപാട് ഓർമ്മകൾ തന്നു. എന്റെ കുറുമ്പുകൾ എന്നോടൊപ്പം വളർന്നതും  ഈ കാലഘട്ടത്തിലായിരുന്നു..... എന്നോട് മുട്ടിയുരുമ്മി നില്ക്കുന്ന ചങ്ങാതിമാരെ ഞാൻ എന്റെ കൈകൾകൊണ്ട് തല്ലി , അവരെ ഇലകൾകൊണ്ട്‌ ഇക്കിളികൂട്ടി....ഒരിക്കൽ ഈ  കുസൃതികൾ  കണ്ടു എന്റെ ജേഷ്ഠൻ എന്നെ ശകാരിച്ചു . അന്ന് ഞാൻ ആദ്യമായി കരഞ്ഞു.....എന്റെ കുഞ്ഞുമനസ്സ് ഒരുപാട് വേദനിച്ചു. എന്നെ വഴക്കുപറഞ്ഞതിലുള്ള വിഷമംകൊണ്ടാകാം ജേഷ്ഠന്റെ സ്നേഹവും കരുതലും പിന്നീട് എനിക്ക് ഒരുപാട് ലഭിക്കുക മാത്രവുമല്ല കൂടുതൽ വെള്ളവും വളവും എനിക്ക് പകുത്തുതന്നു.....

ഞാൻ വളർന്നുകൊണ്ടേയിരുന്നു. ആ യാത്രയിൽ എനിക്ക് ഒരുപാട് കുഞ്ഞനുജന്മാരുണ്ടായി. ഞാൻ അവരെ വേണ്ടുവോളം സ്നേഹിച്ചു, പരിചരിച്ചു, വാത്സല്യം പകർന്നുകൊടുത്തു. അവരുടെ വളർച്ചയും ഞാൻ നോക്കികണ്ടു.......

ഒരിക്കൽ ഒരു കുഞ്ഞു വണ്ണാത്തിക്കിളി എന്റെ കയ്യിൽ വന്നിരുന്നു..... അതിന്റെ കൂർത്ത നഖങ്ങൾ എന്നിൽ ക്ഷതമേൽപ്പിച്ചു,  എന്റെ കുഞ്ഞികൈകളെ വളരെയധികം വേദനിപ്പിച്ചു. ഞാൻ ഉറക്കെ കരഞ്ഞു.... എന്റെ കരച്ചിൽ കേട്ടിട്ടെന്നോണം അത്  എന്നെ ദയനീയമായി ഒന്നു നോക്കി....പിന്നെ പറന്നു എന്റെ ജേഷ്ഠന്റെ തോളിലിരുന്നു....അന്ന് മുതൽ ഞങ്ങൾ നല്ല ചങ്ങാതിമാരായി, അവൾ എന്നെ കാണാനായി എന്നും വരും..... എന്നെപോലെ അവളും വളർന്നുകൊണ്ടിരുന്നു.....

പകൽനേരങ്ങളിൽ ഞങ്ങൾ പലതും സംസാരിക്കും , അവൾ പറന്നുകണ്ട കാഴ്ചകൾ എല്ലാം എന്നോടുപറയും. എന്റെ ദേഹത്ത് ഇഴഞ്ഞു നടക്കുന്ന ക്രൂരന്മാരായ കൂനനുറുമ്പുകളുടെ  കടിയിൽനിന്നും അവൾ എന്നെ രക്ഷിക്കും. വൈകുനേരങ്ങളിൽ അവൾ വീട്ടിലേക്ക്‌ പോയാൽ ഞാൻ വളരെയധികം സങ്കടപെടും....ഹ്രസ്വമാത്രയെങ്കിലും അപ്പോഴാണ് വേർപാട്‌ എന്നാ വാക്കിന്റെ ആഴവും പരപ്പും ഞാൻ മനസ്സിലാക്കിയത്..... ഒരുപക്ഷേ അവളും.

പകലിനേ ഞാൻ ഇത്രയധികം ഇഷ്ടപെട്ടിരുന്നത് അവൾ കാരണമാണ് .......രാത്രിയായാൽ എന്റെ ദൃഷ്ട്ടി വിഹായസ്സിലേക്ക് പതിയും. എന്റെ ഏറ്റവും മൂത്ത ജേഷ്ഠന്മാർ നിലാവിനെ മുട്ടിയുരുമ്മി നക്ഷത്രകുഞ്ഞുങ്ങളോട് കഥപറയുന്നുണ്ടാകും....അതുകണ്ടുകൊണ്ട് ഞാൻ മയങ്ങും.

എന്റെ യാത്ര ബാല്യത്തിൽ നിന്നും യൗവനത്തിലേക്കു കടന്നു. ആ വണ്ണാത്തിക്കിളി എന്റെ ശിഖരങ്ങളിൽ കൂടൊരുക്കി. ആ സ്നേഹത്തിനു പകരമായി ഞാനവൾക്ക് തണലേകി , കാറ്റിൽനിന്നും മഴയിൽനിന്നും സംരക്ഷണമേകി....

എനിക്ക് താഴെ കുഞ്ഞനുജന്മാർ വളർന്നുകൊണ്ടേയിരുന്നു... ഇവരുടെ ഭാവി പ്രവചനാതീതമാണ്‌. ചിലത് വളര്‍ന്ന് വന്‍ തണല്‍ വൃക്ഷങ്ങളാവും, ചിലത് പൂക്കും, ചിലത് കായ്ക്കും, പടര്‍ന്ന് കയറാന്‍ മാത്രമാറിയാവുന്നവ ചിലത്, പരാദങ്ങള്‍ വേറെ, പിന്നെ കുറച്ചു പാഴ്മരങ്ങളും. എങ്കിലും പുല്‍ച്ചെടികളാണ് ഏറെയും. അധികം ആയുസ്സില്ലാതെ ആരോടും ഒന്നും പറയാതെ മറ്റുള്ളവരാല്‍ ചവിട്ടി അരയ്ക്കാന്‍ മാത്രം ജനിക്കപ്പെട്ട  പാഴ്ജന്മങ്ങൾ. ഭൂമിയില്‍ ഏറ്റവും അധികം ഉള്ളവ. അവയുടെ നിസ്സഹായാവസ്ഥയെ കുറിച്ച് ഓർത്തപ്പോൾ മനസ്സ് ഒന്ന് വിങ്ങി.

ഒരു പുലർവേള ഞാൻ ഉണർന്നതു കിളി കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടുകൊണ്ടായിരുന്നു.
അതെ !!!!!!!!!! എന്റെ പ്രിയ കൂട്ടുകാരി വണ്ണാത്തിക്കിളി  രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായിരിക്കുന്നു.... ഞാൻ സന്തോഷത്താൽ ഇലകൾ പൊഴിച്ചു ....ആ പിഞ്ചൊമനകളെ  വാത്സല്യത്തോടെ പുണർന്നു.
ഞാൻ അവരെയും സംരക്ഷിച്ചു ....എന്റെ കൈകൾകൊണ്ട് ആ പൊന്തൻ പെരുവയറൻ പാമ്പിൽ നിന്നും മറച്ചുപിടിച്ചു. പകൽ മക്കളെ എന്നെയേൽപ്പിച്ചു അവൾ തീറ്റത്തേടിപൊകും, രാത്രിയായാലും അവറ്റകൾ  എന്നെ ഉറക്കില്ല..എപ്പോഴും കളികൾ തന്നെ......രാത്രിയുടെ അവസാന യാമങ്ങളിൽ എപ്പോഴോ അവർ ഉറങ്ങും. എങ്കിലും ഞാൻ ഉറങ്ങാറില്ല.....കാരണം ആ പൊന്തൻ പെരുവയറൻ പാമ്പ് വന്നാലോ?

ഒരുനാൾ ഞാൻ എന്റെ സ്വപ്നങ്ങളിൽ മുഴുകിയിരിക്കവേ എന്റെ കടയ്ക്കലിൽ ആരോ അതിശക്തിയായി മുറിവേല്പ്പിച്ചു. ഞാൻ വേദനയിൽ നിലവിളിച്ചു. ഒരു മഴു എന്റെ മേൽ തറച്ചിരിക്കുന്നു. അസഹന്യമായ വേദനയിൽ എന്റെ ശരീരം വിറച്ചു ... പാവം കിളികുഞ്ഞുങ്ങൾ മണ്ണിൽ വീണു കിടന്നു നിലവിളിക്കുന്നു. മുറിവിന്റെ വേദന മറന്നു ഞാൻ അവരെ രക്ഷിക്കുവാനായി ശ്രമിച്ചു. എന്റെ കൈകൾക്ക് അതിനായില്ല....ആ പിഞ്ചൊമനകൾ മരണത്തിനു കീഴടങ്ങി. എന്റെ നെഞ്ച് പൊട്ടി. ആ മഴു ഒരാൾ വലിച്ചൂരി വീണ്ടു ആഞ്ഞുവെട്ടി....എന്നിട്ട് പറഞ്ഞു "ഇത് പാഴ്ത്തടി തന്നെ". അവർ എന്നെ ഉപേക്ഷിച്ചു.
മനസ്സിൽ നീർകെട്ടി നിന്ന വിങ്ങലുമായി ഞാൻ തേങ്ങി. ഇതൊന്നുമറിയാതെ അമ്മക്കിളി തീറ്റയുമായി തന്റെ പൊന്നോമനകളുടെ വയറുനിറക്കാൻ പറന്നെത്തി.....നിശ്ചലമായി കിടക്കുന്ന  മക്കളെ കണ്ടു ആ അമ്മക്കിളി ഹൃദയം നുറുങ്ങുമാര് ഉച്ചത്തിൽ കരഞ്ഞു ......എന്റെ കൈകളിൽ തലയടിച്ചു നിലവിളിച്ചു...ആ അമ്മയുടെ ദുഃഖം താങ്ങാവുന്നതിലും അധികമായിരുന്നു. സമാധാനിപ്പിക്കുവാനുള്ള എന്റെ ശ്രമം വിഫലമായി. അവൾ വേദനിക്കുന്ന മനസ്സുമായി പറന്നകന്നു. പിന്നീടൊരിക്കലും ഞാൻ അവളെ കണ്ടിട്ടില്ല.......
ഞാൻ വീണ്ടും വളർന്നുകൊണ്ടേയിരുന്നു, ഒരു പാഴ്ത്തടിയായി ജന്മം കൊണ്ടതിൽ ഞാൻ വളരെയധികം ദുഃഖിച്ചു. എന്റെ മനസ്സും ശരീരവും മരവിച്ചു കഴിഞ്ഞിരുന്നു.

പിന്നെയും കാലങ്ങൾ എന്നെ കടന്നു പോയി.. ഋതുക്കൾ മാറിമാറി വന്നു. വേനലും ശിശിരവും, വസന്തവും എന്നിൽ പല മാറ്റങ്ങളും വരുത്തി....എന്റെ ജേഷ്ഠ സഹോദരങ്ങൾ ആരും ഇന്ന് ഭൂമിയിൽ അവശേഷിക്കുന്നില്ല..പാഴ്മരങ്ങൾ ആയി ജന്മം കൊള്ളാഞ്ഞതിന്റെ പേരിൽ എന്റെ അനുജന്മാരും ഇന്ന് ജീവിച്ചിരിപ്പില്ല. ഞാൻ സ്വയം ശപിച്ചു... നൂറ്റാണ്ടുകൾക്കിപ്പുറമുള്ള  ജനനങ്ങൾക്കും മരണങ്ങൾക്കും ഞാൻ മാത്രം സാക്ഷിയായി.....ഒരുപാട് അമ്മകിളികൾക്കും മക്കൾക്കും തണലേകിയെങ്കിലും എന്റെ വണ്ണാത്തിക്കിളിയെ പോലെ ആരും എന്നേ സ്നേഹിച്ചിട്ടില്ല.

 എന്നിൽ വാർദ്ധക്യത്തിന്റെ തിമിരം ബാധിച്ചതിനാൽ പുതിയ പുൽകൊടികളെ ഒന്നും എനിക്ക് കാണുവാനോ സ്പർശിക്കുവാനോ സാധിക്കുന്നില്ല .... അവർ എന്റെ കാഴ്ചകളിൽ നിന്നും ഒരുപാട് അകലെയാണ്.  എന്റെ വേരുകളുടെ ഓട്ടം നിലച്ചിരിക്കുന്നു....അവ ഓടി തളർന്നുപോയിരിക്കുന്നു.. ഇലകൾ എല്ലാം കൊഴിഞ്ഞു പോയിരിക്കുന്നു....ഈ പടുവൃദ്ധന്റെ ശരീരവും മനസ്സും ജരാനരകളാൽ മൂടപെട്ടുകഴിഞ്ഞിരിക്കുന്നു. ഒരു നൂറ്റാണ്ടിന്റെ  ചരിത്രതാളുകളെ  തണുത്തു മരവിച്ച നിർജീവമായ ഹൃദയത്തിനുള്ളിൽ അടക്കി ഒരുനാൾ ഞാനും യാത്രയാകും. എൻറെ ശിരസ്സും ഈ മണ്ണിൽ നിലംപോത്തുന്ന നാൾ  വിതൂരമല്ല. അന്ന് എന്റെ വണ്ണാത്തിക്കിളിയുടെ ഓർമ്മകളും എന്നോടൊപ്പം  മണ്ണടിയട്ടെ .....

*******************************



നവംബർ 07, 2013

സ്വഗൃഹം.....




അറിയുന്നു ഞാൻ ഈ ഗ്രാമഭംഗി-
എന്നിലലിയിച്ചു തന്നൊരാ പോറ്റമ്മയേ.
നിർവചിച്ചീടുവാനാവതില്ലാത്തൊരു,
അനുഭൂതി പകരുന്ന ലാവണ്യമേ.

വനഭംഗിയാൽ ഭൂമിതന്നുടയാട നെയ്തു
തീർത്ത കാഞ്ചന ഭാവ സങ്കൽപ്പങ്ങൾ.
പത്മം നിറഞ്ഞ നിൻ ഹൃദയ തടാകക്കരയിൽ,
ഇരിക്കട്ടയോ ഞാനോരിത്തിരിനേരം കൂടി.........

കണ്ടു ഞാൻ ജീവന്റെ മുത്തിനെ നിന്നുടെ മടിത്തട്ടിലെങ്ങും,
പാതിവിരിഞ്ഞൊരു  ചെമ്പനീർ പൂമോട്ടായി .
കേട്ടു ഞാനീ പുഴയുടെ രാഗങ്ങളെ,
ഒരു മാസ്മര സംഗീത ശ്രോതസായുണരവേ.

മോഹിച്ചുനില്ക്കും പർവ്വതനിരകളെ പുണർന്ന,
പ്രാണസഖിതന്നുടെ കൂന്തൽ സുഗന്തം പൊഴിക്കയാൽ,
നിസംഗനായി  ഞാനീത്തീരത്തു നിൻ മാതൃത്വം ചുരത്തുന്ന-
സ്നേഹാമ്രിതം നുകർന്നു ലയിച്ചു നിൽപ്പു.

ധാരയായി പൊഴിയുന്ന കുളിരണിത്തോരണം നിന്നുടലിൽ,
ചാർത്തുവാൻ വെമ്പുന്നൊരി കാർമേഘകെട്ടുകൾ.
ആ മലരിതൾ  സ്‌പർശമാത്രയിലൊരായിരം,
മൊട്ടുകൾ പൊട്ടിവിടർന്നു നിൻ മേലാകവേ.

എന്നാലിന്നുനിൻ  മടിത്തട്ടിൽ മയങ്ങവേ ഓർക്കുന്നു ഞാൻ,
കഴിഞ്ഞ ബാല്യത്തിന്റെ പൂക്കൂടയിൽ ബാക്കി നിൽക്കുന്ന പൂക്കളെ.
ഒരു തിരിഞ്ഞു നോട്ടത്തിൻ  ശരത്കാലമേഘങ്ങളിൽ
കാണുന്നു ഞാൻ മിന്നിമായും നിൻ സ്നേഹസ്മ്രിതികളെ ......................
                                             
                                                     ******************

ഒക്‌ടോബർ 23, 2013

അവൻ മരിച്ചു....


അവൻ മരിച്ചു..... മരണത്തെ ഒരു മറയാക്കി അവൻ യാത്രയായി. മറ്റുള്ളവരെ സ്നേഹിക്കുവാനും അതിലൂടെ വിശ്വസിക്കുവാനും മാത്രം പഠിപ്പിച്ച് ദ്രോഹിക്കുന്നവരുടെ ലോകത്തുനിന്നും വെള്ളി ചിറകുകൾ വീശി വേർപിരിയലിൻ്റെ വാതായനങ്ങളിലൂടെ അവൻ പറന്നകന്നു. അങ്ങനെ ഒരു യുഗം അസ്തമിച്ചിരിക്കുന്നു. 

തറയിൽ വെള്ളവിരിച്ചു അവൻ്റെ ചേതനയറ്റ ശരീരം കിടത്തിയിരിക്കുന്നു. അപ്പോഴും ഒരിക്കലും അണയാത്ത ഒരു ദിവ്യ തേജസ്‌ അവൻ്റെ മുഖത്ത് പ്രകടമായിരുന്നു. തലച്ചുവട്ടിൽ കത്തിച്ചു വെച്ചിരിക്കുന്ന വിളക്കിൽ നിന്നും ഈ ലോകത്തെ തന്നെ വിഴുങ്ങാൻ ശേഷിയുള്ള അഗ്നിയുടെ ചെറുനാളം മൊട്ടിട്ടു നില്ക്കുന്നു. എരിയുന്ന ചന്ദനത്തിരിയ്ക്കും മരണത്തിൻ്റെ ഗന്ധമായിരുന്നു. അവിടമാകെ ദുഃഖ പൂർണമായ അന്തരീക്ഷം തളംകെട്ടി നില്ക്കുന്നു. നിശബ്തദയുടെ ഓളങ്ങളെ തഴുകി തലോടി കൊണ്ട് നാമജപവുമായി ഒരു വൃദ്ധ അവനരികിലിരിക്കുന്നു. അവനെ പുശ്ചിച്ചു തള്ളിപറഞ്ഞവർ അവനു ചുറ്റും മുതല കണ്ണുനീരുമായി നടിക്കുന്നു . അത് അങ്ങനയല്ലേ പാടുള്ളൂ !!!. എന്നാൽ അവൻ്റെ മരണം അവർ ആഘോഷിക്കുകായായിരുന്നു......

ആരൊക്കെയോ വന്നുപോയി . അവൻ ഒന്നുമറിയുന്നില്ല ....
ആരൊക്കെയോ വന്നു അവനെ ചുവന്ന പട്ടു പുതപ്പിക്കുന്നു .....
ആരൊക്കെയോ അവനെ വൃഥാ വാനോളം പുകഴ്ത്തുന്നു.....


പറമ്പിൻ്റെ കോണിൽ നിന്നിരുന്ന മാവിൻ്റെ ശിഖരങ്ങൾ ഒരു ഭയാനക ശബ്ദത്തോടെ അടർന്നു വീണു, കൈകൾ ഒന്നൊന്നായി വെട്ടിമാറ്റി , ഒടുവിൽ ആ വൃക്ഷം അവനെ ദഹിപ്പിക്കുവാനായി മണ്ണിൽ തൻ്റെ ശിരസ്സു തൊട്ടു.

അവനുവേണ്ടി തെക്കേ മൂലയിൽ ചിതയോരുക്കുന്ന വെഗ്രതയിലാണ് പണിയാളുകൾ. അവരുടെ വിധി അതാണ്‌. ദേഹിയില്ലാ ദേഹത്തിനെ ശ്രുശ്രുഷിക്കാൻ മാത്രം നിയോഗിക്കപെട്ടവർ......
ഒരു തൂശനിലയിൽ അവനുവേണ്ടിയോരുക്കിയ അവസാനത്തെ ആഹാരം.. എള്ളും, അരിയും, പൂക്കളും പാലിൽ ചേർത്ത് ദർഭയുടെ അകമ്പടിയോടെ അവനെ കാത്തിരിക്കുന്നു .
മറ്റൊരു ഇലയിൽ ബലിചോറും ...... ബലികാക്കകൾ വാഴകളിലും മറ്റു വൃക്ഷങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നു... അവർക്ക് നല്കുകുവാനായി അവൻ്റെ പേരിൽ മൂന്നുരുള ചോറും. ആരുടേയും ക്ഷണം ഇല്ലാതെ തന്നെ അവർ അവനെതേടിയെത്തി. ആരും കൈകൊട്ടി വിളിക്കേണ്ടതില്ല . ഏതോ ആത്മബന്ധം പോലെ.!!!!!!!!

ആരൊക്കെയോ ചേർന്ന് അവനെ കമുകിൻ പാളികൾ ചേർത്ത് കെട്ടിയ കട്ടിലിൽ കൊണ്ടു വരുന്നു. ജീവിച്ചിരിക്കെ അവനെ തള്ളിപറഞ്ഞവർ ഇന്ന് വിനീതരായി അവനുവേണ്ടി വഴിമാറികോടുക്കുന്നു.

 അവനു തലമുറകാരില്ല, അവനു പിന്തുടർച്ചക്കാരില്ല ......
എങ്കിലും അവനുവേണ്ടി ആരൊക്കെയോ അവസാന കർമങ്ങൾ ചെയ്യുന്നു. അവൻ്റെ വായിൽ എള്ളും പൂവും അരിയും വെച്ച് പ്രാർത്ഥിക്കുന്നു .....
കത്തിച്ചു വെച്ച വിളക്കിൽ നിന്നും പകർന്ന അഗ്നിയെ അവൻ കമ്പടമാക്കി പുതച്ചു.

മറ്റുള്ളവർക്കുവേണ്ടി ഉറക്കെ വിളിച്ചു പറഞ്ഞ കുറെയധികം വാക്കുകൾ തെളിവായി ഭൂമിയിൽ ഉപേക്ഷിച്ചു അവൻ യാത്രയായി . തെറ്റുകൾക്കെതിരെ ഉറക്കെ വിളിച്ചു പറഞ്ഞ ആ വാക്കുകൾ കാരണമാണ് അവനെ മറ്റുള്ളവർ വെറുത്തതും ആട്ടിപായിച്ചതും. ആരും ആ വാക്കുകൾ നെഞ്ചിലേറ്റുവാൻ തയാറായിരുന്നില്ല. ചിലർ ആ വാക്കുകളെ ഭയന്നു...മറ്റുചിലർ വളച്ചൊടിച്ചു.
അവനെ പിന്തുടർന്നവരെ മറ്റുള്ളവർ കല്ലെറിഞ്ഞു , ഒറ്റപെടുത്തി , ആട്ടിപായിച്ചു ..... ഗന്ധിയിലൂടെയും, പഴശ്ശിയിലൂടെയും, നാരായണ ഗുരുവിലൂടെയും  അങ്ങനെ  കുറച്ചു മാത്രം പേരിലൂടെ അവൻ ജീവിച്ചിരുന്നു ...
ഇന്ന് അവൻ ആർക്കും ഒരു തടസമല്ല , തെറ്റിനെ പ്രതികരിക്കാൻ ശേഷിയില്ലാത്ത വെറും ഭസ്മം മാത്രം....

"സത്യം" മണ്ണടിഞ്ഞു . ചരിത്രത്താളുകളിൽ ഇടം ലഭിക്കുമോയെന്ന് പോലും അറിയാതെ നമ്മളുടെ ഹൃദയത്തിനുള്ളിൽ അവൻ മരിച്ചുകഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ നമ്മളാൽ കൊല്ലപ്പെട്ടിരിക്കുന്നു... സത്യം മിധ്യയാൽ വധിക്കപെട്ടിരിക്കുന്നു.


"ഞങ്ങളിൽ നിന്നും വേർപെട്ടുപോയ നിന്നെ മൃത്യുവിലേക്ക് വലിച്ചെറിഞ്ഞതിനു നിൻ്റെ കുഴിമാടത്തിനു മുൻപിലെങ്കിലും ഞങ്ങൾ ക്ഷമ യാചിച്ചോട്ടേ" ....
"ഹേ സത്യമേ........നിനക്ക് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ" ......

-------------------------

ജൂൺ 16, 2013

ഓർമകളുടെ ശവക്കല്ലറ



കാലചക്രത്തിന്റെ തേരോട്ടത്തിൽ അതിന്റെ രഥചക്രങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്ന സംസ്കാരവും അതിന്റെ നാറുന്ന വിഴുപ്പു പാണ്ടങ്ങളും  ചുമക്കേണ്ടി വരുന്ന പുതുതലമുറയിലെ  കണ്ണികളായ നമ്മളിലെ ശാപം അടുത്ത തലമുറയിലേക്കെങ്കിലും പകരരുതേ എന്ന് മന്ത്രിച്ചുകൊണ്ട്‌ ഞാൻ കിടക്കയില്നിന്നും എഴുന്നേൽറ്റു .

പുലർച്ചെ അഞ്ചു മണി കഴിഞ്ഞിരിക്കുന്നു, ഒരു സാഹിത്യ സൃഷ്ടിക്കു ജന്മം നല്കുവാനുള്ള  കഥാബീജം മനസിലുണ്ടെങ്കിലും  അതിനെ രൂപപ്പെടുത്തിയെടുക്കുവാനുള്ള കരുത്തും മൂര്ച്ചയും എന്റെ വിരലുകൾക്കുണ്ടായിരുന്നില്ല .

കാലത്തിന്റെ ഏടുകളിൽ മുദ്ര പതിപ്പിച്ച പ്രദിഭാശാലികളായ ഒരുപാട് മഹാരഥന്മാർ ജീവിച്ചുമരിച്ച ഈ മണ്ണിൽ ഒരു സാഹിത്യ സൃഷ്ടിക്കായി  അലയുന്നതോർത്തു സ്വയം ലജ്ജിച്ചു  ഞാൻ.

പുറത്തു ഇടവപ്പാതിമഴ ആര്‍ത്തലച്ച് പെയ്തുകൊണ്ടിരുന്നു. കാർമേഘങ്ങൾ കാറ്റിന്റെ തണുപ്പേറ്റ് ഭൂമിയിലേക്ക്‌ വീഴുന്ന ആ  പ്രതിഭാസം,

മഴയക്ക് ചിലപ്പോൾ ഒരു പെണ്‍കുട്ടിയുടെ നാണമാണ് എന്നതുകൊണ്ട്‌,
മേഘങ്ങൾ ഭൂമിയെ പ്രണയിക്കുന്നു എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ,
എന്നാൽ  ചിലപ്പൊൾ ഒരു പ്രതികാര ദാഹിയായ സ്ത്രീയുടെ പകവീട്ടലും........

കാറ്റത്ത് ഞരങ്ങുന്ന ജനൽ പാളികളിലെ നേർ‍ത്ത വിടവുകളിലൂടെ മഴയുടെ മൂളൽ  എന്റെ കാതുകൾക്ക്‌ ശ്രുതിയായി . മനസ് ശാന്തമായിരുന്നു. ഓർ‍മകളുടെ വാതായനങ്ങൾ തുറന്ന് ഒരു തൂവല്‍ പോലെ അത് പറന്നു നടന്നു.

പാതി തുറന്ന ജനാലയിലൂടെ  എന്റെ കണ്ണുകള്‍ നീണ്ടുനിവർന്നു  കിടക്കുന്ന  ആ ഒറ്റയടിപാതയിൽ എന്തിനേയോ  പരതിക്കൊണ്ടിരുന്നു. ചുറ്റിയടിക്കുന്ന കാറ്റ് മുഖമാകെ മഴത്തുള്ളികളുടെ കുളിര്‍മയും സുഗന്ധവും പോഴിച്ചു.

ആകാശത്ത് കൂടുകൂട്ടിയിരുന്ന കാര്‍മേഘങ്ങള്‍ പെയ്തുകൊണ്ടിരുന്നു.


മണിക്കൂറുകൾ തിടുക്കപെട്ടു കടന്നുപോയി, അലസമായ  ചിന്തകളെയും കെട്ടിപ്പിടിച്ച് ഒരു നിമിഷം മയങ്ങിയ  ഞാൻ ആരോ വിളിക്കുന്നതുകേട്ട്‌ കസേരയിൽ  നിന്നെഴുന്നേറ്റ് വാതിൽ തുറന്നു പുറത്തേക്കുനോക്കി  ......

ഇടവപ്പാതി മഴയെ പുണർന്നു നനഞ്ഞ ശരീരവുമായി ഒരു പെൺകുട്ടി  വരാന്തയിൽ  നിൽക്കുന്നു. ഞാൻ അത്ഭുതപെട്ടു അവളെ നോക്കി . ഒരുപക്ഷേ മഴയായതിനാൽ കയറിനിന്നതാവം. ഞാൻ ആ സൗന്ദര്യധാമത്തെ  ശ്രദ്ധിച്ചു. നനഞ്ഞ മുടിയിഴകൾ അവളുടെ മുഖത്തെ മറച്ചിരുന്നു.  കടുംചുവപ്പിൽ   സ്വർണ്ണ  പൊട്ടുകളുള്ള വസ്ത്രo. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവൾ മുഖമുയർത്തി നോക്കി.  വെള്ളാരം കല്ലുകളെ  തോല്പ്പിക്കുന്ന  നിറം,  നനഞ്ഞ മുടി അവളുടെ കവിളിലും കഴുത്തിലുമൊക്കെയായി  ഒട്ടിക്കിടക്കുന്നു. ആ മുടിയിഴകൾക്കു  അധികം നീളമുണ്ടായിരുന്നില്ല. തുമ്പപൂ നൈർമല്ല്യമുള്ള  കാതിൽ  കുഞ്ഞുമൊട്ടു  പോലെയുള്ള  കമ്മൽ, അവളുടെ മുഖത്തിന് യോജിച്ച നനുത്ത കവിൾത്തടങ്ങൾ, തുടുത്ത  അധരങ്ങളിലൂടെ   മഴ മുത്തുകൾ ഇറ്റിറ്റു വീഴാറായി നില്ക്കുന്നു....എവിടേയോ  കണ്ടു  മറന്നപോലൊരു മുഖം.

ഞാൻ ചുറ്റുമൊന്നു  കണ്ണോടിച്ചതിനു  ശേഷം ചോദിച്ചു.............

"നിങ്ങൾ ആരാണ്? എന്താണീ  ഈ മഴയത്ത്?" ..................

"എന്താ മാഷേ, താങ്കൾ പേടിച്ചുപോയോ"   അവൾ ഉറക്കെ ചിരിച്ചു. എന്നെ വളരെ  അടുത്തറിയുന്ന ആളെ പോലെ അവൾ പറഞ്ഞു,

"ഹും.. മാഷിനെപോലെ ഒരു പേനയും പേപ്പറും കിട്ടിയാൽ ചെയ്യാവുന്ന ജോലിയാണോ എനിക്കുള്ളത് ?"

അവളുടെ ചോദ്യം എന്നെ ആശ്ചര്യപ്പെടുത്തി. അപ്പോൾ എന്നെപറ്റി അറിയാം ഇവൾക്ക്.

"എഴുത്തുകാർക്കൊക്കെ  പൊതുവായൊരു മാനറിസം ഉണ്ടായിരിക്കണം എന്നൊക്കെയുണ്ടോ?" ഞാൻ തിരിച്ച് ചോദിച്ചു.

ഉത്തരമൊന്നും പറയാതെ വശ്യതയാര്ന്ന  ചിരിയോടുകൂടി  അവൾ  നിർത്താതെ പെയ്യുന്ന ഇടവപ്പാതി മഴയിലേക്ക്‌ കണ്ണുനട്ടു .

"മഴയ്ക്ക് ചിലപ്പോൾ നാണം കലർന്നൊരു സ്ത്രീ സൗന്ദര്യമാ അല്ലേ?"
അവൾ ചോദിച്ചു.

"തീർച്ചയായും" ഞാനും ആ നിമിഷം മഴനോക്കി നിൽക്കുകയായിരുന്നു.

"പക്ഷേ നിങ്ങൾ ഗൃഹാതുരത്വമെന്നുമൊക്കെ വിളിച്ച് ശിഥിലമാക്കി അതിനെ  കഴുത്തിനുപിടിച്ച്  ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയല്ലേ പതിവ് .."

ഗൗരവ വിമർശനം നടത്തിയതുപോലെ ആയിരുന്നു അവളുടെ ഭാവം. മറുപടി ഞാനൊരു ചിരിയിലൊതുക്കി.

മഴ നനഞ്ഞ ബാഗിലേക്കു നോക്കി അവൾ വിഷമത്തോടെ  പറഞ്ഞു "അയ്യോ, എന്റെ പുസ്തകങ്ങളൊക്കെ നനഞ്ഞു എന്നാ തോന്നുന്നത്" .

"മം അപ്പോൾ ഇയാൾക്ക്  എന്റെ ഫ്രീക്യുവൻസി തന്നെ. എന്തൊക്കെയാണതിൽ ?"

"എല്ലാം ഉണ്ട് മാഷേ, ഗീതോപദേശം  മുതൽ ദാസ് ക്യാപ്പിറ്റൽ വരെ"
ഞാൻ അമ്പരന്നു പോയി !!!!!!!!!!!
ജലകണങ്ങളെ കൈകുമ്പിളിൽ ശേഖരിച്ച് അത് മണ്ണിലേക്ക് ഒഴിച്ചു കൊണ്ടു  ആ സുന്ദരി ചോദിച്ചു .......

"നിങ്ങള്ക്കെന്നേ ഓർമ്മയുണ്ടോ? "

മഴനൂലുകൾക്കിടയിലൂടെ ഇമവെട്ടാതെ  വിതൂരതയിലേക്ക്  തീവ്രമായി  നോക്കിനിന്ന  അവളുടെ  മുഖത്തുനിന്നുമുണ്ടായ ചോദ്യം ഒരു മിന്നൽ പോലെ തോന്നി,  വെളുപ്പാർന്ന  മുഖം ചുവന്നു തുടുത്തതും ഞാൻ ശ്രദ്ധിച്ചു .....

തെല്ലു താഴ്ന്ന സ്വരത്തിൽ ഒന്നാലോചിച്ചു  ഞാൻ പറഞ്ഞു  "ഇല്ല എനിക്കൊർക്കുവാൻ  കഴിയുന്നില്ല "

"അല്ലെങ്കിലും നിങ്ങളെ പോലുള്ള പുരുഷ നീചന്മാർ ഇനിയെന്തിനു എന്നെപോലുള്ള പെണ്‍കുട്ടികളെ ഓർക്കണം ". അവൾ ചോദ്യത്തിന്റെ  ഉറുമി ശക്തമായി എന്റെ നേരേ വീശി.

അപ്രതീക്ഷിത യുദ്ധം തുടങ്ങുന്നത് കണ്ടു  ഞാൻ ഒരു പ്രതിമകണക്കെ വികാരനിർഭരനായി നിന്നുപോയി ......

അതെ,  ആ ഉറുമിയുടെ അഗ്രം എനിക്കെതിരെയാണ് വരുന്നത്. അത് എന്റെ മാംസത്തെ തുളയ്ക്കും രക്തം കിനിയും ഒരുപക്ഷേ ഞാൻ മരണപെട്ടേക്കാം  .....

കേവലം ഒരു പെണ്ണിനു മുൻപിൽ എന്തിനു ഞാൻ എന്റെ ആദർശങ്ങളേയും സിദ്ധാന്തങ്ങളേയും ബലികൊടുക്കണം ? ഞാനും യുദ്ധസന്നദ്ധനായി .

"നിങ്ങളുടെ വർഗത്തിലും  നിന്നെപോലെയുള്ള നീചസ്ത്രീകൾ ഉണ്ട്" എന്റെ ശിരസ്സ്‌ ഘണ്ണിക്കുവാനായി വരുന്ന  ഉറുമിയുടെ മുന്നിൽ നിന്നും ഒരു കടത്തനാടൻ അഭ്യാസിയെ പോലെ ഒഴിഞ്ഞു മാറുവാൻ ശ്രമിച്ചു .

ഇല്ല!!!!!!!!!! എന്റെ ശരീരത്തിലെങ്ങും മുറിവേറ്റില്ല . ഞാൻ ഉറപ്പുവരുത്തി.  അവളുടെ ആയുധത്തിന് വേഗതയും ശക്തിയും  പോരാ എന്ന്   പുശ്ചഭാവത്തിൽ ഞാൻ മനസ്സിൽ പറഞ്ഞു .

തലസ്ഥാന നഗരിയിൽ പീഡനത്തിനിരയായി  ഇരുമ്പു ദണ്ട് സ്വന്തം  ശരീര ഭാഗത്തിലേക്കു   തുളച്ചു കയറുന്ന  വേദന  സഹിക്കുവാൻ  കഴിയാതെ   ജീവനുവേണ്ടി  കേണു കരഞ്ഞ പെണ്‍കുട്ടിക്കു വേണ്ടി അവൾ  പടവാളെടുത്തു ആഞ്ഞു വെട്ടി  .

ഭർത്രുപിതാവിനെ കൊന്നു കാമുകന്റെ മാറിലെ ചൂട് ലഹരിയാക്കിയ കാമവെറിപൂണ്ട ചീഞ്ഞ മാംസത്തെ എന്റെ പരിചയാക്കിയെങ്കിലും   ആ ജാൻസിറാണിയുടെ  വാളിന്റെ മൂർച്ചയിൽ  എന്റെ പ്രധിരോധ കവചം  രണ്ടായി പിളർന്നു പോയി.

കാതുകളിൽ യുദ്ധത്തിന്റെ പെരുമ്പറ ശബ്ദം മുഴങ്ങികൊണ്ടേയിരുന്നു, എങ്ങും വാളുകളുടെ സീല്കാര ശബ്ദങ്ങളും, പോർവിളികളും, എതിർക്കുന്നവന്റെ പടവെട്ടലുo മാത്രം . അവൾ പുരുഷന്മാരാൽ വഞ്ചിക്കപെട്ട സ്ത്രീകളുടെ പേരിൽ ബാണാസ്ത്രം എയ്തപ്പോൾ ഞാൻ സ്ത്രീകളുടെ കാപട്യത്തിന്റെ അസ്ത്രം തിരിച്ചെയ്തു.

അവൾ പുരുഷന്റെയുള്ളിലെ കറപുരണ്ട ആത്മാവിനെതിരെ യുദ്ധം നടത്തിയപ്പോൾ ഞാൻ സ്ത്രീകളുടെ പരപുരുഷബന്ധത്തെ ശിഖണ്ടിയാക്കി മുന്നിൽനിർത്തി യുദ്ധം ചെയ്തു  ....

വീണ്ടും അവൾ ആക്രോശിച്ചുകൊണ്ട് എന്റെനേരെ അടുത്തു. അവളുടെ  പച്ചിരുമ്പിനാൽ തീർത്ത കഠാര എനിക്ക് നേരേ എറിഞ്ഞു . ശിരസ്സു  പൊട്ടിച്ചിതറിയ ഒരു പാവം പെണ്‍കുട്ടിയുടെ ശവത്തെ പോലും തീവണ്ടി  പാതയിൽ കാമ ത്രിപ്തിക്കായി ഉപയോഗിച്ച മാംസദാഹിയായ  ഒറ്റകയ്യനായിരുന്നു  അവളുടെ  ലക്ഷ്യം .

ആയുധമൊന്നുയർത്തുവാൻ  കഴിയാതെ കൈകൾ തളർന്നു  നിസ്സഹായനായി  നിന്ന  ഒരു പോരാളിയായി  ഞാൻ . തടുക്കുവാനുള്ള  കവചകുണ്ഡലം  ഒരു കടലാസുകഷ്ണം കണക്കെ മാറിൽ ഇളകിയാടി . അമാവാസിയുടെ   കറുത്തിരുണ്ട രാത്രിയിൽ ദിക്കറിയാതെ ഉഴലുന്ന  കുട്ടിയേ  പൊലെ ഞാൻ ഭയന്നുവിറച്ചു. അവളുടെ കഠാരയുടെ  മൂർച്ച എന്റെ നെഞ്ചിൽ  മുറിവുണ്ടാക്കി.........ഞാൻ ഹൃദയം തുളഞ്ഞ വേദനയാൽ അലറി കരഞ്ഞു.  നെഞ്ചിൽ നിന്നും ചുടുരക്തം വാർന്നൊഴുകി ..... മനസാക്ഷിയുടെയും  ലോക സാക്ഷിയുടെയും മുന്നിൽ  പടകളത്തിൽ മുട്ടുകുത്തി. നെഞ്ചിൽ തറച്ച കഠാരയിലേക്ക് നോക്കി പശ്ചാതാപിച്ചു.

ഭസ്മാസുര നിഗ്രഹണം കഴിഞ്ഞ ഭദ്രയെപോലെ ആളികത്തിയ  പകയോടെ  അവൾ വീണ്ടും എന്നിലേക്ക്‌ തിരിഞ്ഞു, അവളുടെ  പാദങ്ങളിൽ  സ്പർശിച്ച്  പ്രാണനുവേണ്ടി  ഞാൻ യാചിച്ചു ...... അവളിലെ പല രൂപങ്ങളെയും ഭാവങ്ങളെയും ഞാൻ കണ്ടു. ഇടതോരാതെ  പെയ്യുന്ന  ആ  ഇടവപ്പാതി മഴയിൽ എന്റെ രക്തം അലിഞ്ഞു ഒഴുകി കൊണ്ടിരുന്നു.  പ്രാണഭയത്താലുള്ള എന്റെ നിലവിളി ആ മഴയുടെ ഇരമ്പലിൽ ഇല്ലാതായി......

ബോധമില്ലാത്ത  ഏതോ ഒരു അവസ്ഥയിലേക്ക് ഞാൻ വഴുതി വീഴുകയാണ് ....... എന്റെ കാതുകളിൽ  മഴയുടെ ഇരമ്പലുകള്ളില്ല, നാസികയിൽ ചുടുചോരയുടെ ഗന്ധമില്ല.

മരണം മുന്നിൽ താണ്ഡവമാടുമ്പോഴും അവളുടെ മുഖം മാത്രം എന്റെ  അക്ഷികളിൽ  നിറഞ്ഞു നിന്നു .....അവളുടെ  ധാവണിയുടെ ത്രസിപ്പിക്കുന്ന നിറം കണ്ണുകൾക്കുള്ളിൽ  ചുവന്ന തിരശീലയായി താഴുന്നുകൊണ്ടിരുന്നു......... എങ്കിലും വിറയാർന്ന ശബ്ദത്താൽ ഞാൻ വീണ്ടും ചോദിച്ചു , "നീ ആരാണ് ?"

അവളുടെ  മറുപടി  കാതുകൾക്ക് പകരം എന്റെ ഉപഭോത മനസിലാണ് പതിഞ്ഞത് ... അതിനു ഒരു പുച്ഛഭാവവും  ഉണ്ടായിരുന്നു .....

"ഹും !!!!!!!!! ഞാൻ വെറും പെണ്ണ് ... നീ പാതിവഴിയിൽ ഉപേക്ഷിച്ചവൾ "

ഞാൻ മരിക്കുകയാണ്...തെറ്റിന്റെ ഈ ലോകത്തുനിന്നും യാത്രയാകുകയാണ് ..... നിന്നെ പാതിവഴിയിൽ ഉപേക്ഷിച്ചുവെങ്കിൽ  ഞാൻ തെറ്റുകാരനാണ് ..... സ്വയം ന്യായികരിക്കാൻ എനിക്ക് ആവുകയില്ല. ഇത് എനിക്കുള്ള ശിക്ഷ ...

പുറത്തു മഴ നിർത്താതെ പെയ്യുകയാണ്, ഞാൻ കസേരയിൽ നിന്നുമെഴുനേറ്റു.
ചുറ്റുപാടുമൊന്നു നോക്കി , എവിടെ അവൾ ?

ഇല്ല ഞാൻ മരിച്ചിട്ടില്ല , എന്താണ് സംഭവിച്ചത് ? ആരായിരുന്നു അവൾ ?

മനസ്സിൽ ഇപ്പോഴും ആ ചുവന്ന തിരശീലയും പിന്നെ അവളുടെ വാക്കുകളും മാത്രം .

("ഹും !!!!!!!!! ഞാൻ വെറും പെണ്ണ്...നീ പാതിവഴിയിൽ ഉപേക്ഷിച്ചവൾ")

അവളുടെ കാല്പാടുകൾ പോലും മുറ്റത്ത് കാണാനില്ല. ഞാനാകെ അസ്വസ്ഥനായി. കുറേ വർഷങ്ങൾ പിന്നോട്ട് പോയതുപോലെ ഒരു തോന്നൽ. കുറച്ച് നിമിഷങ്ങൾക്ക് മുൻപ് മാത്രം കണ്ട  ഒരു പെൺകുട്ടി. അല്ല ,അവൾ എനിക്ക് അപരിചിതയല്ല, എനിക്കുറപ്പാണ്‌!

ഓർമ്മകളുടെ ചിതൽപുറ്റിൽ ഒന്ന് പരതാനുള്ള ബോധപൂർവ്വമായ  ശ്രമം ഫലിച്ചില്ല. അതങ്ങനെയാണ്, ഓർമ്മകളുടെ തടാകമൊഴുകിയിരുന്ന  വീഥികളിൽ  ചിലപ്പോൾ മണൽത്തിട്ടകൾ മാത്രമാവും അവശേഷിക്കുക. അതിലൂടെ ഓടി തളർന്നുപോയിരിക്കുന്നു ഞാൻ .

എങ്കിലും ഞാൻ അവളെ തിരയാൻ തീരുമാനിച്ചു . മുറിക്കുള്ളിലേക്ക് ഓടി കയറി. എന്റെ പഴയ ജീവിതത്തിന്റെ തിരുശേഷിപ്പുകളായ  ആൽബങ്ങൾ തിരഞ്ഞുപിടിച്ച് ഒന്ന് മറിച്ചു നോക്കി.

അവളുടെ മുഖം എവിടെയും കണ്ടെത്താനായി എനിക്ക് സാധിച്ചില്ല .
ഓർമ്മകളുടെ മാറാലമൂടിയ മുറികളിലെവിടയോ അവളുണ്ട്. അവളിലേക്കെത്താൻ ഏത് വഴിയാണ്‌ ഞാൻ തേടേണ്ടത്?

പെട്ടെന്നെന്തോ ഓർത്തതുപോലെ ഞാൻ മച്ചിന്റെ മുകളിൽ കയറി . മുകളിൽ  വച്ചിരുന്ന ഒരു  ബാഗിൽനിന്നും  പഴയ ഡയറികൾ വലിച്ച് താഴെയിട്ടു. എന്നിട്ട് അവയോരോന്നുമെടുത്ത് ഞാൻ മറിച്ചു നോക്കി. അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും ഖണ്ഡികകളും താളുകളും കടന്ന് എന്റെ കണ്ണുകൾ ഭ്രാന്തമായൊരു  ആവേശത്തോടെ അവൾക്കുവേണ്ടി അലഞ്ഞു. ഒടുവിൽ ഞാൻ കാത്തിരുന്നത് എന്റെ കണ്ണുകൾ കണ്ടെത്തി.

വർഷങ്ങൾക്കു മുൻപൊരു ഇടവപ്പാതിയിൽ   ഇവിടെ വച്ചു  ഞാൻ എഴുതിത്തുടങ്ങിയിട്ടു  'പാതിവഴിയിൽ ഉപേക്ഷിച്ച' അവളുടെ കഥ.കാമവെറിക്കിരയായ ഒരു പാവം പെണ്കുട്ടിയുടെ കഥ . അന്ന് അവൾക്കു  ഞാൻ നല്കിയത് ഇതേ സ്വര്ണ പൊട്ടുള്ള ചുവന്ന വസ്ത്രങ്ങളായിരുന്നു. അതെ, അത് അവൾ തന്നെ. എന്റെ വിരലുകളുടെ സ്പർശനതാൽ ജന്മം കൊണ്ടവൾ. അവളെ പൂർണതയുടെ കൊടുമുടിയിൽ  എത്തിച്ചു മോചനം  നല്കാതിരുന്നതും. അവളിലെ സത്യത്തെ പുറംലോകത്തിനു കാട്ടി കൊടുക്കാതിരുന്നതും  എന്റെ തെറ്റ്.

വെളുത്തു  തുടുത്ത  കവിളോടുകൂടിയവൾ ഓരോ  അക്ഷരങ്ങളിലും  വാക്കുകളിലും വാചകങ്ങളിലും ഖണ്ഡികകളിലും താളുകളിലും  തളർന്നു  കിടക്കുകയാണ്. പിന്നെ എന്തുകൊണ്ടോ ഞാൻ അവളെ മറന്നുപോയി. ഇനിയൊരിക്കലും ഒരു തിരിച്ചുവരില്ലെന്നു കരുതി അടക്കം ചെയ്ത  ശവക്കല്ലറ തുറന്ന് വർഷങ്ങൾക്കുശേഷം അവൾ ഉയർത്തെഴുന്നേറ്റിരിക്കുന്നു.

അവളെ ഉപേക്ഷിച്ചുപോയ ആ പാതിവഴിയിൽ നിന്നും  കൂട്ടികൊണ്ടു പോകാൻ ഞാൻ തീരുമാനിച്ചു. വീണ്ടും എഴുതിത്തുടങ്ങി, പാതിരാവിന്റെ കല്ലറയിൽ നിന്നും ..........

അപ്പോഴും ഇടവപ്പാതി മഴ തോരാതെ  പെയ്യുനുണ്ടായിരുന്നു  എന്തൊക്കെയോ സത്യങ്ങൾ പിറുപിറുത്തുകൊണ്ട് ...............

-----------------------------------------